MOVIES

തത്സമയം 37 അഭിനേതാക്കളുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം! ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടംപിടിച്ച് അല്ലു അർജുൻ - അറ്റ്‌ലി ചിത്രം 'രാക്ക'

സെപ്റ്റംബർ 15നാണ് 'രാക്ക'യിലെ സങ്കീർണമായ രംഗത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകാരം നൽകിയത്

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് താരം അല്ലു അർജുനെ നായകനാക്കി അറ്റ്‌ലിയുടെ സംവിധാനത്തിൽ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാക്ക’ ഗിന്നസ് വേൾഡ് റെക്കോർഡിൽ. സിനിമാ സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച്, ഏറ്റവും കൂടുതൽ ആളുകളെ ഒരേസമയം തത്സമയം മോഷൻ-ക്യാപ്ചർ ചെയ്ത നേട്ടത്തിനാണ് ചിത്രം ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

2026 ഫെബ്രുവരിയിൽ ചിത്രീകരിച്ച സങ്കീർണമായ രംഗത്തിന് സെപ്റ്റംബർ 15നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. തത്സമയ മോഷൻ-ക്യാപ്ചർ രീതിയിൽ ഒരേ സമയം 37 അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ക്യാമറയിൽ പകർത്തിയത്. നാല് വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുള്ള മുതിർന്ന വ്യക്തി വരെ ഈ രംഗത്തിന്റെ ഭാഗമായിരുന്നു.

ഒരൊറ്റ ക്യാപ്ചർ വോളിയത്തിനുള്ളിൽ 37 വ്യത്യസ്ത വ്യക്തികളുടെ പ്രകടനവും സൂക്ഷ്മമായ ചലനങ്ങളും ഒട്ടും ഗുണനിലവാരം ചോരാതെ റെക്കോർഡ് ചെയ്യുക എന്നത് വലിയൊരു സാങ്കേതിക വെല്ലുവിളിയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ മാജിക് 'രാക്ക'യുടെ കൂറ്റൻ നിർമ്മാണ വ്യാപ്തിക്ക് അനുയോജ്യമായ രീതിയിൽ ചിത്രത്തിന്റെ വി.എഫ്.എക്സ് പ്രൊഡ്യൂസറാണ് പുതിയൊരു മോഷൻ-ക്യാപ്ചർ പൈപ്പ്‌ലൈനും വർക്ക്‌ഫ്ലോയും വികസിപ്പിച്ചെടുത്തത്.

റെക്കോർഡ് ചിത്രീകരണത്തിനായി 92 അത്യാധുനിക ഓപ്റ്റിക്കൽ മോഷൻ-ക്യാപ്ചർ ക്യാമറകൾ സജ്ജീകരിച്ചു. അഡ്വാൻസ്ഡ് നെറ്റ്‌വർക്കിംഗ്, സിൻക്രണൈസേഷൻ, അൺറിയൽ എൻജിൻ വഴിയുള്ള തത്സമയ വിഷ്വലൈസേഷൻ, വിറ്റ്‌നസ് ക്യാമറകൾ, ഫേഷ്യൽ ക്യാപ്ചർ സാങ്കേതികവിദ്യ എന്നിവ ഒരുമിച്ച് ഉപയോഗിച്ചു. ആപ്പിൾ ആർട്ട് സ്റ്റുഡിയോയുടെ സാങ്കേതിക നൈപുണ്യവും സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ പ്രയത്നവുമാണ് ഈ വിജയം സാധ്യമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സീനിയർ അഡ്ജുഡിക്കേറ്റർ സ്വപ്നിൽ ദാംഗ്രീകർ, 'രാക്ക'യുടെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നായകൻ അല്ലു അർജുനും സംവിധായകൻ അറ്റ്‌ലിക്കും ഔദ്യോഗിക ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി.

ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിൽ അല്ലു എത്തുന്നത്. 'പുഷ്പ 2' വിന് ശേഷം അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കലാനിധി മാരന്റെ സൺ പിക്ചേഴ്സ് ആണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വിഷ്വൽ ഇഫക്റ്റുകളും വേൾഡ് ബിൽഡിംഗുമായി അറ്റ്‌ലി ഒരുക്കുന്ന 'രാക്ക' ഒരു വലിയ സാങ്കേതിക വിസ്മയമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'രാജാ റാണി', 'തെരി', 'മെർസൽ', 'ബിഗിൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും 'ജവാൻ' എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ സിനിമ. പിആർഒ: ആതിര ദിൽജിത്ത്.

SCROLL FOR NEXT