അല്ലു അർജുന്‍, വിഷ്ണു മഞ്ചു Source : Facebook
MOVIES

"അത് അല്ലു അര്‍ജുന്റെ കുറ്റമല്ല"; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ സ്ത്രീ മരിച്ചതില്‍ വിഷ്ണു മഞ്ചു

സിനിമ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

'പുഷ്പ 2' പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പെട്ട് സ്ത്രീ മരിച്ച സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. സിനിമ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി മരിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ തിയേറ്റര്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അല്ലു അര്‍ജുന്‍ നിരുത്തരവാദപരമായി പെരുമാറിയതിനും സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലാതെ പരിപാടിയില്‍ പങ്കെടുത്തതിനും അല്ലു അര്‍ജുനെതിരെയും വിമര്‍ശനം വന്നു. തുടര്‍ന്ന് നടന്‍ അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ അല്ലു അര്‍ജുന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിഷ്ണു മഞ്ചു ആ സംഭവം താരത്തിന്റെ കുറ്റമല്ലെന്ന് പറഞ്ഞിരിക്കുകയാണ്. നയന്‍ദീപ് രക്ഷിത്തിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഇതേ കുറിച്ച് പറഞ്ഞത്.

"കോടതിയില്‍ കേസ് ഇപ്പോഴും നടക്കുന്നതിനാല്‍ അതിനെകുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഹൈദരാബാദിലെ മൂവി സിനി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പറയുന്നു, അത് അദ്ദേഹത്തിന്റെ തെറ്റല്ല. അദ്ദേഹം ഒരു സ്റ്റാര്‍ ആയി പോയി എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. നാമെല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ആഗ്രഹിക്കുന്നു. അത് നമുക്ക് ഒരു മികച്ച അനുഭവം നല്‍കുന്നു. പക്ഷെ ആളുകള്‍ക്ക് അത് മനസിലാകുന്നില്ല", എന്നാണ് വിഷ്ണു മഞ്ചു പറഞ്ഞത്.

"ഒരു വിംബിള്‍ഡണ്‍ ജയിക്കുന്നത് പോലെയാണ് അത്. അദ്ദേഹത്തിന്റെ സിനിമ പുറത്തിറങ്ങുന്നു. അദ്ദേഹം അത് കാണാന്‍ പോയി, സ്‌ക്രീനില്‍ നോക്കി നിങ്ങളെ കണ്ട് ആര്‍പ്പുവിളിക്കുന്ന ആളുകള്‍ നമുക്ക് ആവേശം തരും. അത് വലിയൊരു നേട്ടമാണ്. എല്ലാ അഭിനേതാക്കളും അതിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്. അതിനായാണ് ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നത്", എന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. സ്ത്രീയുടെ മരണം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ വിഷ്ണു ആ ദുരന്തത്തിന്റെ പോസ്റ്റര്‍ ബോയി അല്ലു അര്‍ജുനാണെന്ന് പറയുന്നത് തെറ്റാണെന്നും അഭിപ്രായപ്പെട്ടു.

SCROLL FOR NEXT