ടൊക്കിയോ: ഇന്ത്യയിൽ ചരിത്രം കുറിച്ച 'പുഷ്പ 2' ജപ്പാനിലും തരംഗമാകുന്നു. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദ റൂൾ' കഴിഞ്ഞ ദിവസമാണ് ജപ്പാനിൽ റിലീസ് ചെയ്തത്. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർത്തുവിളിച്ചാണ് ചിത്രത്തെ അവർ വരവേറ്റത്.
റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ, 'പുഷ്പ'യുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ.
ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജപ്പാനിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർപ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ലോകമെമ്പാടും നിന്നായി 1800 കോടി രൂപയാണ് 'പുഷ്പ 2' കളക്ട് ചെയ്തത്. ‘പുഷ്പ’യുടെ ആദ്യ ഭാഗം ആഗോള തലത്തിൽ നേടിയ 350 കോടി രൂപ കളക്ഷൻ വെറും രണ്ട് ദിവസം കൊണ്ടാണ് സിനിമ നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രം സുകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.