അല്ലു അർജുന്‍, ബേസില്‍ ജോസഫ് Source : Facebook
MOVIES

സംവിധാനം ബേസില്‍,നായകന്‍ അല്ലു അര്‍ജുന്‍ ? ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

നിലവില്‍ ചിത്രം അതിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വരും മാസങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതായിരിക്കും

Author : ന്യൂസ് ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്. നിലവില്‍ താരം തന്റെ അഭിനയത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് ബേസില്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അതും ഏത് സിനിമയായിരിക്കും ബേസില്‍ സംവിധാനം ചെയ്യാന്‍ പോകുന്നത് എന്നതെല്ലാം വലിയ ചര്‍ച്ചാ വിഷയമാണ്.

ഇപ്പോള്‍ അല്ലു അര്‍ജുനുമൊത്ത് ബേസില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗീതാ ആര്‍ട്ട്‌സ് ആയിരിക്കും ചിത്രം നിര്‍മിക്കുക. നിലവില്‍ ചിത്രം അതിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വരും മാസങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതായിരിക്കും. ഫെബ്രുവരിയുടെ പകുതിയോടെ ഇരുവരും ഒരു മീറ്റിംഗ് നടത്തിയിരുന്നു എന്ന വിവരത്തില്‍ നിന്നാണ് അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. അല്ലു അര്‍ജുനോട് ബേസില്‍ കഥ പറഞ്ഞുവെന്നാണ് സൂചന.

അതേസമയം അല്ലു അര്‍ജുന്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ ചിത്രത്തില്‍ നിന്നും പുറത്തായി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല. പക്ഷെ അല്ലു അര്‍ജുന് പകരം ജൂനിയര്‍ എന്‍ടിആര്‍ ആയിരിക്കും ചിത്രത്തില്‍ നായകന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അറ്റ്‌ലി ചിത്രമായ AA22xA6 എന്ന ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ നിലവില്‍ അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സയന്‍സ് ഫാന്റസി ചിത്രമാണ്. 2026ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ദീപിക പദുകോണും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

SCROLL FOR NEXT