'ആൽഫ' ടീസർ, ഫ്രഞ്ച് ചിത്രം 'ലാ ഫെമ്മെ നികിത' 
MOVIES

ആലിയ ഭട്ടിന്റെ 'ആൽഫ' കോപ്പിയോ? ടീസറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച

വൈആർഎഫ് സ്പൈ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് 'ആൽഫ'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായി എത്തുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ആൽഫ'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ചിത്രത്തിലെ ആലിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ടീസർ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ടീസർ കണ്ട സിനിമാപ്രേമികൾക്ക് തങ്ങളുടെ സംശയം അടക്കാൻ സാധിച്ചില്ല. ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തിരഞ്ഞിറങ്ങിയവർ ചെന്നുനിന്നത് ഫ്രഞ്ച് ചിത്രം 'ലാ ഫെമ്മ നികിത'യിലും ഹോളിവുഡ് ചിത്രം 'അമേരിക്കൻ സ്നൈപ്പറി'ലുമാണ്. 'ആൽഫ' ടീസറിലെ രംഗങ്ങൾക്ക് ഈ ചിത്രങ്ങളുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ.

ടീസറിന്റെ തുടക്കത്തിൽ ബോബി ഡിയോളിന്റെ കഥാപാത്രം തന്റെ മകളെ (ആലിയ ഭട്ടിന്റെ കഥാപാത്രം - സീത) അവൾക്ക് 18 വയസ് തികയുന്ന ദിവസം ഒരു ആഡംബര റസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് കാണിക്കുന്നത്. ഇവിടെ വച്ച് ബോബി, ഒരു ഹോട്ടൽ മുറിയുടെ കീ കാർഡ് സീതയ്ക്ക് കൈമാറുന്നു. ജന്മദിന സമ്മാനം പ്രതീക്ഷിച്ചിരുന്ന മകൾക്ക് അയാൾ സമ്മാനിക്കുന്നത് ഒരു മിഷൻ ആണ്.

പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ലൂക് ബെസ്സന്റെ 'ലാ ഫെമ്മെ നികിത' എന്ന ചിത്രത്തിൽ ഇതേ രീതിയിൽ ഒരു രംഗമുണ്ട്. അതിൽ ബോബ് എന്ന കഥാപാത്രം നികിത എന്ന പെൺകുട്ടിയെ ഒരു ആഡംബര റസ്റ്റോറന്റിലേക്ക് കൊണ്ടുപോകുകയും, പെട്ടെന്ന് അവൾക്ക് ഒരു തോക്ക് നൽകി അവിടെയുള്ള മൂന്ന് പേരെ വധിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ രണ്ട് രംഗങ്ങളും തമ്മിൽ സാമ്യമുണ്ടെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്.

ടീസറിൽ ബോബി ഡിയോളിന്റെ കഥാപാത്രം ആലിയയ്ക്ക് പരിശീലനം നൽകുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട് -"ഈ ലോകത്ത് രണ്ട് തരം ആളുകളാണുള്ളത്... ചെമ്മരിയാടുകളും ചെന്നായ്ക്കളും". ഇത് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത 'അമേരിക്കൻ സ്നൈപ്പർ' എന്ന ഹോളിവുഡ് ചിത്രത്തിലെ പ്രശസ്തമായ ഒരു മോണോലോഗിന് ഏറെക്കുറെ സമാനമാണ് ഈ ഡയലോഗ് എന്നാണ് മറ്റൊരു കണ്ടെത്തൽ.

അതേസമയം, സമ്മിശ്ര പ്രതികരണമാണ് 'ആൽഫ' ടീസറിന് ലഭിക്കുന്നത്. ശിവ് റവയിൽ സംവിധാനം ചെയ്ത ചിത്രം വൈആർഎഫ് സ്പൈ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ്. ആലിയ ഭട്ട്, ബോബി ഡിയോൾ, ഷർവരി, അനിൽ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ മൂന്നിന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. സൗമിൽ ശുക്ല, ശ്രീധർ രാഘവൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം: റുബൈസ്, ചിത്രസംയോജനം: ആരിഫ് ഷെയ്ഖ്.

SCROLL FOR NEXT