കൊച്ചി: മലയാളികളുടെ അഭിമാന താരം മോഹൻലാലിൻ്റെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേട്ടത്തിൽ മലയാളത്തിൽ അഭിനന്ദനങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ. ഫേസ്ബുക്കിൽ പങ്കുവച്ച അഭിനന്ദനത്തിൽ ഏറ്റവും അർഹമായ അംഗീകാരമാണിതെന്നും താങ്കളുടെ ആരാധകനായി തുടരുന്നതിൽ അഭിമാനമുണ്ടെന്നും ബിഗ് ബി കുറിച്ചു.
"മോഹൻലാൽ ജി, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. അതിയായ സന്തോഷം തോന്നുന്നു. ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ സിനിമകളുടെയും കഴിവുകളുടെ വലിയ ആരാധകനാണ് ഞാൻ. താങ്കൾ ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അസാമാന്യ സിദ്ധികൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരൂ. ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. , ഞാൻ എപ്പോഴും അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി താങ്കളുടെ കടുത്ത ആരാധകനായി തുടരും. നമസ്കാരം"
അതേസമയം, നടി മഞ്ജു വാര്യരും രമേഷ് പിഷാരടിയും മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തി. മോഹൻലാലിൻ്റെ പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു.
"മലയാളി സ്വന്തമെന്ന് അവകാശത്തോടെ ചേർത്തു നിർത്തുന്നയാളാണ് മോഹൻലാൽ. മോഹൻലാലിന് അർഹമായ പുരസ്‌കാരമാണിത്. സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ സന്തോഷം," മഞ്ജു വാര്യർ പ്രതികരിച്ചു.
മലയാളികൾക്ക് അഭിമാനിക്കാവുന്ന വലിയ നേട്ടമാണിതെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവുമുണ്ട്. മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്ന് രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.