
ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എക്‌സ് പോസ്റ്റിലൂടെയാണ് രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദനം.
ആദ്യ ചലച്ചിത്രം എടുത്ത സംവിധായകന്‍ എന്നതിനപ്പുറം ദാദാ സാഹിബ് ഫാല്‍ക്കേയെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല. ആ സിനിമ കണ്ടിട്ടുമില്ല, കണ്ടവരെ പരിചയവുമില്ല. പക്ഷേ, മോഹന്‍ലാലിനെ കാണുകയും അറിയുകയും ചെയ്യും. ദാദാ സാഹിബ് ഫാല്‍ക്കേയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡാണ് കൊടുക്കേണ്ടത്. എന്നാണ് രാം ഗോപാല്‍ വര്‍മയുടെ എക്‌സ് പോസ്റ്റ്.
മോഹന്‍ലാലിനെ അഭിനന്ദിച്ചുള്ള പോസ്റ്റാണെങ്കിലും രാം ഗോപാല്‍ വര്‍മയുടെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. മോഹന്‍ലാല്‍ മികച്ച നടനാണെന്നതില്‍ സംശയമില്ലെങ്കിലും ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ഫാല്‍ക്കേയെ വില കുറച്ച് കണ്ടതിനെതിരെയാണ് വിമര്‍ശനം.
ഫാല്‍ക്കേ സംവിധാനം ചെയ്ത രാജ ഹരിശ്ചന്ദ്രയാണ് ഇന്ത്യയിലെ ആദ്യ മുഴുനീള ഫീച്ചര്‍ ഫിലിം. 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും ഫാല്‍ക്കേ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. മോഹിനി ഭസ്മാസുര്‍ (1913),സത്യവാന്‍ സാവിത്രി (1914),ലങ്ക ദഹന്‍ (1917), ശ്രീകൃഷ്ണ ജനം(1918), കാളിയ മര്‍ദ്ദന്‍ (1919) തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റേതാണ്.
അദ്ദേഹത്തിന്റെ നൂറാം ജന്മ വാര്‍ഷികത്തില്‍ 1969 ലാണ് ഫാല്‍ക്കേയോടുള്ള ആദര സൂചകമായി ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായി ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഈ പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്.