ആദ്യ 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ശ്വേത മേനോന്‍ Source: News Malayalam 24x7
MOVIES

മെമ്മറി കാര്‍ഡ് വിവാദം; 'അമ്മ' എക്‌സിക്യൂട്ടീവില്‍ തമ്മിലടി

മെമ്മറി കാർഡ് വിഷയത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

Author : ന്യൂസ് ഡെസ്ക്

താരസംഘടനയായ 'അമ്മ'യിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തമ്മിലടി. ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മെമ്മറി കാര്‍ഡ് വിഷയം ഉന്നയിച്ചത് നടി ലക്ഷ്മി പ്രിയയാണ്. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രസിഡന്റ് ശ്വേത മേനോനും അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ തീരുമാനിച്ചു. മല്ലിക സുകുമാരന്‍, ദേവന്‍, ജഗദീഷ് എന്നിവരെ അന്വേഷിക്കണ കമ്മീഷനാക്കണമെന്നാണ് ലക്ഷ്മി പ്രിയ ആവശ്യപ്പെട്ടത്. എന്നാല്‍ പേരുകള്‍ കേട്ട ഉടന്‍ മല്ലിക സുകുമാരന്‍ ലൂസ് ടോക്കറാണെന്ന് കുക്കു പരമേശ്വരന്‍ പറയുകയായിരുന്നു.

മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് അനാവശ്യങ്ങള്‍ വിളിച്ചു പറയുമെന്നും ദേവനും സമാനമായ സ്വഭാവക്കാരനാണെന്നും കുക്കു പറഞ്ഞു. നടന്‍ ജഗദീഷിനെ പരിഗണിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. നിലവില്‍ ജയന്‍ ചേര്‍ത്തല, മുത്തുമണി, അമ്പിളി എന്നിവരെയാണ് അന്വേഷണ കമ്മീഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.

അതിജീവിതയെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ചും കമ്മിറ്റിയില്‍ ചര്‍ച്ച നടന്നു. നിലവില്‍ അതിജീവിതയെ തിരിച്ചെടുക്കില്ലെന്ന തീരുമാനമാണ് കമ്മിറ്റിയില്‍ ഉണ്ടായത്. താനത് പറഞ്ഞെങ്കിലും മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് അതിജീവിതയെ ഇപ്പോള്‍ തിരിച്ചെടുക്കില്ലെന്ന് ശ്വേത മേനോന്‍ അറിയിച്ചു. അടുത്ത ജനറല്‍ ബോഡിയില്‍ ഇക്കാര്യം പരിഗണിക്കാമെന്നും ശ്വേത മേനോന്‍ പറഞ്ഞു.

SCROLL FOR NEXT