എറണാകുളം: താരസംഘടന 'അമ്മ'യിലെ മെമ്മറി കാർഡ് വിവാദത്തിൽ മോഹൻലാൽ ഉൾപ്പെടെ ആറ് പേരുടെ മൊഴി എടുത്തു. പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവൻ, ശ്രീദേവി, അഡ്വക്കേറ്റ് ആശ എന്നിവർ ഉൾപ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്. മെമ്മറി കാർഡ് വിവാദം തനിക്ക് അറിയില്ലെന്ന് മോഹൻലാൽ മൊഴി നൽകി.
മോഹൻലാലിനെ കൂടാതെ ബീന ആൻ്റണി, ലിസി ജോസ്, തെസ്നീ ഖാൻ, മഞ്ജു പിള്ള, ഷംന കാസിം എന്നിവരുടെ മൊഴിയും അന്വേഷണ കമ്മിറ്റി രേഖപെടുത്തി. സമയം അറിയിക്കാതെ എത്തിയ ലക്ഷ്മിപ്രിയയുടെ മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുപ്പ് ഇന്നും നാളെയും തുടരും.
സെപ്റ്റംബർ 12നാണ് മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചത്. പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവൻ, ശ്രീദേവി, അഡ്വക്കേറ്റ് ആശ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.
അമ്മയിലെ സ്ത്രീകൾ ദുരനുഭവങ്ങൾ പങ്കുവയ്‌ക്കുന്നതിൻ്റെ വീഡിയോ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമായിരുന്നു ഏതാനും നടിമാരുടെ ആരോപണം. മെമ്മറി കാർഡ് ദുരുപയോഗം ചെയ്തോ എന്നതിൽ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു ഉൾപ്പെടെയുള്ള നടിമാർ അറിയിച്ചിരുന്നു. വിവാദമായതോടെയാണ് താരസംഘടന അന്വേഷണ കമ്മിറ്റി രൂപീകരിച്ചത്.