ബോളിവുഡ് നടി അമൃത സുഭാഷ് തന്റെ വ്യക്തി ജീവിതത്തിലും തൊഴിലിടത്തും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതിലൂടെ പലപ്പോഴും അമൃതയ്ക്ക് സിനിമകള്‍ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തിടെ സൂമിന് നല്‍കിയ അഭിമുഖത്തില്‍ ഒരു നിര്‍മാതാവ് തന്നോട് അപമര്യാതയായി പെരുമാറിയതിനെ കുറിച്ച് അവര്‍ തുറന്ന് സംസാരിച്ചു.
"ഞാന്‍ ചെയ്തിരുന്ന ഒരു നാടകത്തിന്റെ നിര്‍മാതാവുമായി ഒരു സംഭവമുണ്ടായത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ പടികള്‍ കയറുകയായിരുന്നു. എന്റെ ഡ്രെസ് അല്‍പം മാറി കിടക്കുന്നുണ്ടായിരുന്നു. പെട്ടന്ന് എന്റെ ഇടുപ്പില്‍ ആരോ കൈ കൊണ്ട് തൊട്ടത് പോലെ എനിക്ക് തോന്നി. ഞാന്‍ പെട്ടന്ന് ഞെട്ടി അയാളോടായി എന്താണ് നിങ്ങള്‍ ചെയ്തതെന്ന് ചോദിച്ചു. അയാള്‍ അവിടെ തലോടുകയായിരുന്നു. എല്ലാവരും ഞാന്‍ അയാളോട് ഉച്ചത്തില്‍ സംസാരിച്ചത് കണ്ടപ്പോള്‍ ഞെട്ടി. കാരണം അതൊരു വലിയ നിര്‍മാതാവ് ആയിരുന്നു. പെട്ടന്ന് അയാള്‍, നിങ്ങളുടെ ഡ്രെസ് അങ്ങനെയായിരുന്നു എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അത് നിങ്ങളുടെ വിഷയമല്ല. എന്ത് ധൈര്യത്തിലാണ് നിങ്ങള്‍ എന്റെ ശരീരത്തില്‍ തൊട്ടതെന്ന് ചോദിച്ചു. അത് ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. എന്റെ ജോലി പോയി എന്ന രീതിയിലാണ് എല്ലാവരും അപ്പോള്‍ എന്നെ നോക്കിയത്", അമൃത ഓര്‍ക്കുന്നു.
മറ്റൊരു അനുഭവവും അമൃത പങ്കുവെച്ചു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്ത് ഒരു ട്രെയിനില്‍ വെച്ചുണ്ടായ അനുഭവമായിരുന്നു അത്. അമൃത പൂനെയിലേക്ക് തിരിച്ചുപോവുകയായിരുന്നു. ട്രെയിനില്‍ വെച്ച് അവര്‍ ഒരു ആണ്‍ കുട്ടിയുമായി കാര്‍ഡ്‌സ് കളിച്ചിരുന്നു. രാത്രി ഉറങ്ങാന്‍ നേരത്ത് അവരുടെ ദേഹത്ത് ഒരു കൈ തൊടുന്നത് പോലെ അമൃതയ്ക്ക് അനുഭവപ്പെട്ടു. അത് ആ ആണ്‍കുട്ടിയായിരുന്നു. അമൃത അവനോട് അതേ കുറിച്ച് ചോദിച്ചപ്പോള്‍ ആ കുട്ടി കരയാന്‍ തുടങ്ങി. പ്രായം കുറവായതിനാല്‍ അമൃത അതൊരു വലിയ പ്രശ്‌നമാക്കിയില്ലെന്നാണ് പറഞ്ഞത്.
തന്നോട് മോശമായി പെരുമാറിയ മറ്റൊരു നിര്‍മാതാവിനെ കുറിച്ചും അമൃത സംസാരിച്ചു. "എന്നോട് എപ്പോഴും ഡിന്നര്‍ കഴിക്കാന്‍ വരാന്‍ ആവശ്യപ്പെടുന്ന ഒരു നിര്‍മാതാവ് ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ എല്ലാവരും ഉള്ളപ്പോള്‍ അയാളെ കാണാന്‍ പോകാന്‍ തീരുമാനിച്ചു. ഞാന്‍ അയാളുടെ മുറി തുറന്ന് തന്നെ വെച്ചുകൊണ്ട് അയാളോട് ചോദിച്ചു. സര്‍ നിങ്ങള്‍ക്ക് എന്റെ അച്ഛന്റെ പ്രായമില്ലേ എന്തിനാണ് നിങ്ങള്‍ എന്നോട് ഇങ്ങനെ സംസാരിക്കുന്നത് എന്താണ് നിങ്ങളുടെ പേര് എന്നിട്ട് ഞാന്‍ അയാളുടെ കണ്ണിലേക്ക് തന്നെ നോക്കി. അപ്പോള്‍ അയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി", അമൃത കൂട്ടിച്ചേര്‍ത്തു.
ഈ കാരണങ്ങളാല്‍ തനിക്ക് സിനിമയില്‍ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അമൃത വെളിപ്പെടുത്തി. പക്ഷെ താന്‍ ഒരിക്കല്‍ പോലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിരുന്നില്ലെന്നും നടി പറഞ്ഞു.