രാജേഷ് കേശവ് source: facebook/ Rajesh Kesav
MOVIES

നടൻ രാജേഷ് കേശവിൻ്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കുറച്ച് ദിവസം കൂടി രാജേഷ് ഐസിയുവില്‍ തുടരും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിൻ്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാജേഷ് കേശവിനെ വെൻ്റിലേറ്ററില്‍ നിന്നും മാറ്റിയെന്നാണ് റിപ്പോർട്ട്. രാജേഷിൻ്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകുകയും ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.

കുറച്ച് ദിവസം കൂടി രാജേഷ് ഐസിയുവില്‍ തുടരും. അതിന് ശേഷം വാര്‍ഡിലേക്ക് മാറ്റും. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലാണ് രാജേഷ് കേശവ് ചികിത്സയിലുള്ളത്. ഇന്ന് വൈകുന്നേരമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിനുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തുന്നത്.

രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായതിനൊപ്പം ഹൃദയത്തിൻ്റെ സ്ഥിതിയും മെച്ചപ്പെട്ടിട്ടുണ്ട്. രാജേഷിന് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വെൻ്റിലേറ്റര്‍ പൂർണമായും ഒഴിവാക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ സംഘം രാജേഷ് കേശവിൻ്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നടത്തി. പെട്ടെന്നുണ്ടായ ഹൃദയാഘാതം രാജേഷിൻ്റെ തലച്ചോറിനെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദീർഘനാളത്തെ ചികില്‍സയിലൂടെ രാജേഷ് കേശവ് ഇതിനെയെല്ലാം അതിജീവിക്കുകയാണ്.

SCROLL FOR NEXT