'അന്ന' സിനിമ, ടോമിച്ചൻ മുളകുപാടം 
MOVIES

‘യവനകഥയിലെ ഇടയകന്യക’ ഇനി ബിഗ് സ്ക്രീനിൽ! 'അന്ന' വെള്ളിത്തിരയിലേക്ക് എത്തിക്കാൻ ടോമിച്ചൻ മുളകുപാടം

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം 'പുലിമുരുകന്റെ' പത്താം വാര്‍ഷിക ദിനത്തിലാണ് നിർമാതാവിന്റെ പ്രഖ്യാപനം

Author : ന്യൂസ് ഡെസ്ക്

അരവിന്ദ് സ്വാമി - ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്നു 'അന്ന' എന്ന ചിത്രം 30 വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് എത്തുന്നു. ജോഷിയുടെ നടക്കാതെപോയ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം 'പുലിമുരുകന്റെ' പത്താം വാര്‍ഷിക ദിനത്തിലാണ് നിർമാതാവിന്റെ പ്രഖ്യാപനം.

ആദ്യമായി എഴുതിയ തിരക്കഥയാണ് 'അന്ന'. ഒരു ബ്രാഹ്മണ യുവാവും അന്ന എന്ന ക്രിസ്ത്യൻ പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയായിരുന്നു ചിത്രം. എന്നാൽ, അരവിന്ദ് സ്വാമിയുടേയും ശ്രീദേവിയുടേയും ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് ചില സാങ്കേതിക കാരണങ്ങളാലും സിനിമ മുടങ്ങി.

ഈ സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ ഈണം നൽകി ഷിബു ചക്രവർത്തി എഴുതിയ എട്ട് ഗാനങ്ങൾ ആദ്യമേ റെക്കോർഡ് ചെയ്തിരുന്നു. അതിലൊന്നാണ് സമീപകാലത്ത് വൈറലായി മാറിയ - ‘യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ’. 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിലൂടെ ഈ പാട്ട് വൈറലായതിന് പിന്നാലെയാണ് 'അന്ന' പുതുതലമുറയിലെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായത്. ഇപ്പോഴിതാ, ചിത്രം വെള്ളിത്തിരിലേക്ക് എത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ അവകാശം എന്‍. മോഹനന്റെ കുടുംബത്തില്‍ നിന്ന് ടോമിച്ചന്‍ സ്വന്തമാക്കിയതായാണ് വിവരം.

ടോമിച്ചൻ മുളകുപാടത്തിന്റെ കുറിപ്പ്:

മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകൻ്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം...

90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.

വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.

ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം...

ചിത്രത്തിൻ്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.

ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല.

കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ...

മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്.

നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.

SCROLL FOR NEXT