താരസംഘടനയായ 'അമ്മ'യില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ നടന്‍ ബാബുരാജിനെതിരെ ആഞ്ഞടിച്ച് നടന്‍ അനൂപ് ചന്ദ്രന്‍. ബാബുരാജ് ബലാത്സംഗ കേസിലെ പ്രതിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്. ബാബുരാജ് മത്സരിക്കുന്നത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അനൂപ് പറഞ്ഞു.
അന്‍സിബ അടക്കമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് ബാബുരാജിന്റെ സില്‍ബന്ധിയായാണ്. കുക്കു പരമേശ്വരന്‍, ശ്വേത മേനോന്‍, അനന്യ, സരയൂ എന്നീ നടികളെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു. അതുപോലെ തന്നെ 'അമ്മ'യില്‍ വ്യാപക സാമ്പത്തിക അഴിമതി നടത്തിയെന്നും അനൂപ് ആരോപിച്ചു.
സംഘടനയില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ തുടര്‍ന്ന് രണ്ട് അഭിപ്രായങ്ങളുണ്ട്. അതില്‍ അന്‍സിബ അടുത്തിടെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്നമെന്നായിരുന്നു അന്‍സിബ പറഞ്ഞത്.
അതേസമയം ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. അന്‍സിബ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും. ശ്വേത മേനോന്‍, ജഗദീഷ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
ഓഗസ്റ്റ് 15നാണ് സംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.