കൊച്ചി: ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയ്ക്ക് പാക്കപ്പ്. ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷമാണ് ചിത്രത്തിന്റെ പാക്കപ്പ് പ്രഖ്യാപിച്ചത്. കനത്ത ആക്ഷൻ രംഗങ്ങളും മികച്ച പ്രകടനങ്ങളും നിറഞ്ഞ ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. മെയ് മാസത്തിലാണ് സിനിമയുടെ റിലീസ്.
സിനിമയിലെ 'മജക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസർ വലിയ രീതിയിൽ വൈറലായിരുന്നു. കാട്ടുകൊമ്പനുമായുള്ള ഗംഭീര സംഘട്ടന രംഗങ്ങളുമായെത്തിയ ടീസർ ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള സംഘട്ടനരംഗങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നതെന്ന സൂചന നൽകുന്നു. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്ണർ.
നവാഗതനായ പോൾ ജോർജ് സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന 'കാട്ടാളൻ' ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
വമ്പൻ സാങ്കേതിക മികവോടെയും വൻ ബജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും 'കിൽ' താരം പാർത്ഥ് തിവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
'ഓങ്-ബാക്ക് 2', 'ബാഹുബലി-2: കൺക്ലൂഷൻ', 'ജവാൻ', 'ബാഗി 2', 'പൊന്നിയൻ സെൽവൻ പാർട്ട് 1' തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്.സിനിമയിലെ സംഭാഷണം ഒരുക്കുന്നത് 'ബിഗ് ബി', 'ചാപ്പ കുരിശ്', 'മുന്നറിയിപ്പ്', 'ചാർലി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആർ ആണ്. എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.
ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കൊറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.