അനുപമ പരമേശ്വരന്‍ Source : Facebook
MOVIES

"ഒരു വ്യക്തി എന്ന നിലയില്‍ എന്നെ മാറ്റി മറിച്ചു"; മാരി സെല്‍വരാജിനൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ച് അനുപമ പരമേശ്വരന്‍

അനുപമയുടെ പര്‍ദ എന്ന ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍ എത്തും

Author : ന്യൂസ് ഡെസ്ക്

പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന പര്‍ദയുടെ പ്രമോഷന്‍ പരിപാടികളിലാണ് നടി അനുപമ പരമേശ്വരന്‍. പര്‍ദയ്ക്ക് പുറമെ മാരി സെല്‍വരാജിന്റെ ബൈസണ്‍ എന്ന ചിത്രത്തിലും അനുപമ കേന്ദ്ര കഥാപാത്രമാണ്. ധ്രുവ് വിക്രം നായകനായ ബൈസണ്‍ ഒരു ആക്ഷന്‍ ഡ്രാമയാണ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ ബൈസണെ കുറിച്ചും സംവിധായകന്‍ മാരി സെല്‍വരാജിനെ കുറിച്ചും സംസാരിച്ചു.

"ഞാന്‍ ഭാഗമായിട്ടുള്ളതില്‍ വെച്ച് ഏറ്റവും സവിശേഷമായ പ്രൊജക്ടുകളില്‍ ഒന്നാണ് ബൈസണ്‍. പരിയേറും പെരുമാള്‍ കണ്ടതിന് ശേഷം ഞാന്‍ മാരി സാറിന്റെ സിനിമകളുടെ ആരാധികയായി. ശക്തമായ കഥ പറയുന്ന മനോഹരമായൊരു ചിത്രമാണിത്. മാരി സാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു", അനുപമ പറഞ്ഞു.

"ഒരു അഭിനേതാവ് എന്ന നിലയില്‍ വളരാന്‍ ഈ ചിത്രം എന്നെ സഹായിച്ചു. അദ്ദേഹത്തിന് വളരെ വ്യത്യസ്തമായൊരു പ്രവര്‍ത്തന ശൈലിയുണ്ട്. ഉദാഹരണത്തിന്, ഞാന്‍ മുമ്പ് ഒരിക്കലും ഒരു വര്‍ക്ക്‌ഷോപ്പിലൂടെ കടന്ന് പോയിട്ടില്ല. പക്ഷെ ബൈസണ്‍ എന്ന സിനിമയില്‍ ഷൂട്ടിങ് സ്ഥലത്ത് സമയം ചെലവഴിക്കാനും അവിടെയുള്ള ആളുകളുമായി സംവദിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനും എനിക്ക് സാധിച്ചു", എന്നും അനുപമ വ്യക്തമാക്കി.

"ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സിനിമകളില്‍ പോലും ബൈസണില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യങ്ങള്‍ കാരണം, ഏത് സാഹചര്യമോ രംഗമോ കൈകാര്യം ചെയ്യാന്‍ ഞാന്‍ കൂടുതല്‍ തയ്യാറാണെന്ന് തോന്നുന്നു. പിന്നെ മാരി സര്‍ വളരെ സത്യസന്ധനാണ്. ശരിയല്ലാത്ത എന്തെങ്കിലും കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം മടിക്കില്ല. അത് ആ നിമിഷം നിങ്ങളെ തകര്‍ത്തേക്കാം. പക്ഷെ പിന്നീട് അതില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാനും നിങ്ങളെ മികച്ചതാക്കാനും സഹായിക്കും", അനുപമ പറഞ്ഞു.

നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്താണ് ബൈസണ്‍ നിര്‍മിക്കുന്നത്. ഒക്ടോബര്‍ 17ന് ചിത്രം തിയേറ്ററിലെത്തും. അതേസമയം അനുപമയുടെ പര്‍ദ എന്ന ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍ എത്തും.

SCROLL FOR NEXT