ചെമ്മീൻ സിനിമയുടെ അറുപതാം പിറന്നാള്‍ ആഘോഷമാക്കി പുതുതലമുറ. സിനിമയിലെ പരീക്കുട്ടിയായ നടൻ മധുവിന്റെ വീട്ടിലായിരുന്നു ലളിതമായ ഒത്തു ചേരൽ. സിനിമാ അണിയറ പ്രവർത്തകരുടെ അടുത്ത തലമുറയാണ് പരീക്കുട്ടിയുമൊത്ത് ആഘോഷിക്കാനെത്തിയത്. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലായിരുന്നു പരിപാടി.
പളനിയായി വേഷമിട്ട നടൻ സത്യന്റെ മകൻ സതീഷ് സത്യൻ, പാട്ടുകളെഴുതിയ വയലാറിന്‍റെ മകന്‍ ശരത് ചന്ദ്രവര്‍മ, ചെമ്മീനിൽ വേഷമിട്ട നിലമ്പൂർ ആയിഷ, ഇവർക്കെല്ലാം ഒപ്പം പരീക്കുട്ടിയായിരുന്ന മധുവും. കുറച്ചു നിമിഷങ്ങൾ കണ്ണമ്മൂലയിലെ ശിവഭവനം ചെമ്മീൻ സിനിമയുടെ ഓർമകളിൽ നിറഞ്ഞു.
സതീഷ് സത്യന്, മധു സിനിമയുടെ അറുപതാം പിറന്നാള്‍ മധുരം നൽകി. പാട്ടുപാടാൻ യുവതലമുറയിലെ ഗായിക രാജലക്ഷ്മിയും എത്തി. ചെമ്മീൻ സിനിമയിലെ അണിയറ പ്രവർത്തകരുടെ അടുത്ത തലമുറക്കൊപ്പം സിനിമാ ആസ്വാദകരും പിറന്നാൾ ആഘോഷത്തിൽ പങ്കു ചേർന്നു. എല്ലാവർക്കും ഒപ്പം സ്നേഹം പങ്കിട്ട് പരീക്കുട്ടിയായ മധുവും.
ചെമ്മീൻ എന്ന മലയാളത്തിന്റെ ക്ലാസിക് ഇന്നും സനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്. സിനിമാപ്രവർത്തകർക്ക് പാഠപുസ്തകവും. 1965ൽ പൂർത്തിയായി സെൻസർ ചെയ്ത ചെമ്മീൻ 1966 ഓഗസ്റ്റ് 19 ന് ഓണച്ചിത്രമായാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കൊട്ടാരക്കര ശ്രീധരന്‍ നായർ, സത്യൻ, ഷീല, മധു, അടൂര്‍ ഭവാനി, എസ് പി പിള്ള എന്നിങ്ങനെ മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കലാണ് ചിത്രത്തിലെ കഥാപാത്രങ്ങളായെത്തിയത്.
മലയാള സാഹിത്യത്തിലെ അതികായനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ. പുറക്കാട് കടപ്പുറത്തുകൂടി നടത്തിയിരുന്ന സായാഹ്സന സവാരികളാണ് തകഴിയെ ചെമ്മിനിലേക്കെത്തിച്ചത്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയ ഒരു സാധാരണ പ്രണയ കഥ എന്നായിരുന്നു ആദ്യകാലത്ത് പല നീരീക്ഷകരുടേയും ധാരണ. എന്നാൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിലെത്തിയ ചെമ്മീൻ എന്ന ക്ലാസിക് ചിത്രം കടലിന്റെയും , കടപ്പുറത്തെ ജീവിതങ്ങളുടേയും കഥ പറഞ്ഞപ്പോൾ അത് മലയാളിയുടെ ദൃശ്യസംസ്കാരത്തിന്റെ ചരിത്ര രേഖയായി മാറി.