ഹിന്ദി സിനിമാ വ്യവസായത്തിന്റെ ബോക്‌സ് ഓഫീസിനോടുള്ള അമിതമായ അഭിനിവേശവും നിര്‍മാണ നിലവാര തകര്‍ച്ചയും കണ്ട് ക്ഷീണതനായതിനെ തുടര്‍ന്നാണ് താന്‍ മുംബൈ വിട്ടു പോയതെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. സുധിര്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം താന്‍ മദ്യപാനം നിര്‍ത്തിയെന്നും ഒരുപാട് എഴുതാന്‍ തുടങ്ങിയെന്നും അനുരാഗ് പറഞ്ഞു.
"എനിക്ക് വിഷാദരോഗം വന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അതില്‍ നിന്ന് പുറത്തുവന്നു. ഇപ്പോള്‍ ഞാന്‍ എന്നെ തന്നെ ആസ്വദിക്കുന്നു. ഞാന്‍ ചെയ്ത ഒരു കാര്യം, ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തി എന്നതാണ്. ആദ്യമായി സിനിമ ചെയ്യുന്ന സംവിധായകരുടെ സിനിമകള്‍ ധാരാളമായി ഞാന്‍ കാണാന്‍ തുടങ്ങി. അതോടൊപ്പം മലയാള സിനിമകളും", അനുരാഗ് വ്യക്തമാക്കി. ആഷിഖ് അബുവിന്റെ റൈഫിള്‍ ക്ലബ്ബില്‍ അഭിനയിച്ചത് തന്റെ ജീവിതം മാറ്റി മറച്ചുവെന്നും ആ സിനിമ കാരണം ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒരു സമൂഹവുമായി തന്നെ വീണ്ടും ബന്ധിപ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഹിന്ദി സിനിമാ നിര്‍മാതാക്കള്‍ എന്നെ ഒഴിവാക്കുകയായിരുന്നു. കാരണം ഞാന്‍ തുറന്ന് സംസാരിക്കുമെന്ന് അവര്‍ കരുതുന്നു. ഞാനുമായി സഹകരിച്ചാല്‍ അവര്‍ മറ്റാരെയെങ്കിലും അസ്വസ്ഥരാക്കുമെന്ന് അവര്‍ കരുതുന്നു. പ്രചോദനം ഉള്‍ക്കൊള്ളാനാകുന്ന ഒരു സ്ഥലത്തേക്ക് ഞാന്‍ എത്തിയിരിക്കുന്നു. ആളുകള്‍ക്ക് എന്നോട് അത്രയധികം സ്‌നേഹമുണ്ട്", എന്നും അനുരാഗ് പറഞ്ഞു.
അതേസമയം അനുരാഗ് കശ്യപ് സംവിധാനം ചെയ്ത നിഷാഞ്ചി എന്ന ഹിന്ദി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 19നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ജാര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജയ് റായ്, രഞ്ജന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലിപ്പ് ഫിലിംസുമായി ചേര്‍ന്നാണ് 'നിഷാഞ്ചി' നിര്‍മിക്കുന്നത്.
ആയിശ്വരി താക്കറെ ആദ്യമായി അഭിനയ രംഗത്തേക്ക് അരങ്ങേറുന്ന ചിത്രം കൂടിയാണിത്. വേദിക പിന്റോ, മോണിക്ക പന്‍വര്‍, മുഹമ്മദ് സീഷന്‍ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ബിഗ് സ്‌ക്രീനിനായി ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത് രണ്ട് സഹോദരന്മാരുടെ കഥയാണ്. തികച്ചും വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിക്കുന്ന അവരുടെ സങ്കീര്‍ണമായ ജീവിത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു രസകരമായ സിനിമാറ്റിക് അനുഭവമാണ് 'നിഷാഞ്ചി' നല്‍കുന്നത്.