ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന സിനിമയാണ് നിതേഷ് തിവാരിയുടെ രാമായണ. 4000 കോടിയോളം രൂപയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറും ഇന്ത്യന്‍ ഇതിഹാസം എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ് ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഹാന്‍സ് സിമ്മറുമായി ചേര്‍ന്നുള്ള ജോലിയെ കുറിച്ചും മനസ്സ് തുറക്കുകയാണ് എ.ആര്‍. റഹ്‌മാന്‍.
ബിബിസി ഏഷ്യന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണയില്‍ ജോലി ചെയ്യുന്നതിന് മതം തടസ്സമല്ലെന്നും അത്തരം വില കുറഞ്ഞ ചിന്തകള്‍ക്കൊന്നും സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ബ്രാഹ്‌മണ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. എല്ലാ വര്‍ഷവും രാമായണവും മഹാഭാരതവും ഉണ്ടായിരുന്നു. അതിനാല്‍ എനിക്ക് കഥ അറിയാം. ഒരു വ്യക്തി എത്ര സദ്ഗുണമുള്ളവനാണെന്നും ഉയര്‍ന്ന ആദര്‍ശങ്ങളെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചുമാണ് കഥ. ആളുകള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കിലും, എല്ലാ നല്ല കാര്യങ്ങളേയും വിലമതിക്കുന്ന വ്യക്തിയാണ് ഞാന്‍. എവിടെ നിന്ന് ലഭിച്ചാലും അറിവ് വിലമതിക്കാനാകാത്ത ഒന്നാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും മനുഷ്യന്‍ ഉയരണമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ആ നിലവാരത്തിലേക്ക് ഉയരുമ്പോള്‍ നാം പ്രകാശപൂരിതമാകും. അത് വളരെ പ്രധാനമാണ്. ഈ സിനിമയില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. കാരണം ഇത് ഇന്ത്യയില്‍ നിന്ന് ലോകത്തിന് നല്‍കുന്ന വലിയൊരു സ്‌നേഹമാണ്. ഹാന്‍സ് സിമ്മര്‍ ജൂതനാണ്, ഞാന്‍ മുസ്ലിമാണ്, രാമായണം ഒരു ഹൈന്ദവ ഗ്രന്ഥവുമാണ്."
ഓസ്കാർ ജേതാക്കളായ രണ്ട് ഇതിഹാസങ്ങൾ ഒരുക്കുന്ന സംഗീത വിരുന്നിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
ഇന്ത്യയില്‍ നിന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. മുമ്പ് മുന്‍നിര താരങ്ങളെ ഉള്‍പ്പെടുത്തി നിരവധി സിനിമകള്‍ രാമായണത്തെ ആസ്പദമാക്കി പുറത്തു വന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയുണ്ട്. റണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ്, രവി ദുബെ, സണ്ണി ഡിയോള്‍, കാജല്‍ അഗര്‍വാള്‍, അരുണ്‍ ഗോവില്‍, ഇന്ദിര കൃഷ്ണന്‍ അങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഇറങ്ങുന്നത് എന്നാണ് സൂചന.