നക്ഷത്രലോകത്തെ പ്രേമഭാജനം; ഓർമകളിൽ പ്രേംനസീർ

മലയാളത്തിന്റെ നിത്യഹരിത നായകൻ വിടപറഞ്ഞിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു
പ്രേംനസീർ
പ്രേംനസീർ
Published on
Updated on

"പ്രേംനസീർ ഇനി അഭിനയിച്ചില്ലെങ്കിലെന്താ വേലായുധനുണ്ടല്ലോ, എന്നെന്നും ഓർക്കാനും അഭിമാനിക്കാനുമായി..."

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത 'ഇരുട്ടിൻ്റെ ആത്മാവ്' തിയേറ്ററിൽ കണ്ട മഹാകവി ജി. ശങ്കരക്കുറുപ്പ് അന്ന് പ്രേംനസീറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 1989 ജനുവരി 16ന് 63 വയസ് തികയും മുമ്പേ നടൻ കാല യവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞു. അപ്പോഴും മഹാകവി പറഞ്ഞപോലെ വേലായുധൻ ഉൾപ്പെടെ അദ്ദേഹം അനശ്വരമാക്കിയ 700ന് മുകളിൽ കഥാപാത്രങ്ങൾ കാണിയുടെ കൺമുന്നിൽ പ്രകാശിച്ചു നിന്നു. എന്നും പ്രേംനസീറിന് ഒരേ സൗരഭമാണ് മലയാളിയുടെ മനസിൽ. മലയാളത്തിന്റെ നിത്യഹരിത നായകൻ വിടപറഞ്ഞിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു.

വർഷം 1952. മലയാള സിനിമ പിച്ചവച്ച് തുടങ്ങിയ സമയമാണ്. മലയാള സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ തിക്കുറിശ്ശി സുകുമാരൻ നായരെ കാണാൻ എത്തിയതാണ് ഉദയ സ്റ്റുഡിയോയുടെ സ്ഥാപകരായ കെ.വി. കോശിയും കുഞ്ചാക്കോയും. അവരുടെ കൂടെ മെലിഞ്ഞ് സുമുഖനായ ഒരു 22കാരനുമുണ്ട്. നാടകവേദിയിൽ തിളങ്ങിയ ചെറുപ്പക്കാരനാണ്. പേര് ചിറയിൻകീഴ് അബ്ദുൾ ഖാദർ. രണ്ട് സിനിമകളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്. ആദ്യത്തേത് പുറത്തിറങ്ങിയില്ല. രണ്ടാമത്തേതാകട്ടെ പരാജയപ്പെട്ടു. ഉദയ നിർമിക്കുന്ന 'വിശപ്പിന്റെ വിളി' എന്ന ചിത്രത്തിൽ സകലപ്രതീക്ഷയും അർപ്പിച്ച് നിൽക്കുകയാണ്. ഇനി സിനിമയിൽ പുതിയൊരു പേരിൽ അഭിനയിച്ചാൽ മതിയെന്ന് നിർദേശിച്ച് തിക്കുറിശി അന്നൊരു ഒരു പേര് വിളിച്ചു, പ്രേം നസീർ.

പ്രേംനസീർ
തിക്കുറിശ്ശി കണ്ടെത്തിയ നടി സത്യനെ തല്ലി; കൂസലില്ലാതെ അഭിനയിച്ച അടൂർ ഭവാനി

താൻ പുനർനാമകരണം ചെയ്യുന്നത്, താൻ തിരുത്തുന്നത്, മലയാള സിനിമയുടെ ചരിത്രത്തെയാണെന്ന് അന്ന് തിക്കുറിശ്ശി ചിന്തിച്ചു കാണുമോ? ജന്മാന്തരങ്ങൾക്കിപ്പുറവും മലയാളികളുടെ കാൽപ്പനിക സങ്കൽപ്പത്തിലെ നിത്യഹരിത നായകനും ഒരു കാലഘട്ടത്തിന്റെ കാമുക സങ്കൽപ്പരൂപവും അന്നത്തെ ആ ചെറുപ്പക്കാരനാണ്. ഒരേയൊരു പ്രേം നസീർ. രണ്ടാമത്തെ സിനിമയ്ക്ക് കൊട്ടകയിലെ നിലയ്ക്കാത്ത കൂവലുകൾക്കിടയിലൂടെ ഒളിച്ചു പുറത്തേക്കുകടന്ന ചെറുപ്പക്കാരൻ, പിന്നീട് മലയാള സിനിമ തന്നെയായി മാറിയെന്നത് നിയോഗം.

മലയാള സിനിമ ജനകീയ കലാരൂപമായതിലും ലാഭകരമായ വ്യവസായമായതിലും പ്രേംനസീർ വഹിച്ച പങ്ക് വലുതാണ്. ആ ജനപ്രിയ നായകന്റെ സിനിമകൾ സൃഷ്ടിച്ച അടിത്തറയിലാണ് പിന്നീട് അതികായന്മാർ വളർന്നത്. കാമുകനായും ഭർത്താവായും നന്മയുടെ പ്രതിരൂപമായും നസീർ മലയാളികളുടെ മനസിൽ ഇരിപ്പിടമുറപ്പിച്ചു. പുരാണ കഥാപാത്രങ്ങളായും ചരിത്ര നായകന്മാരായും സിഐഡിയും പൊലീസും മണ്ണിന്റെ മണമുള്ള നായകനായുമെല്ലാം ആടിത്തിമിർത്തു. സുന്ദരരൂപങ്ങളുടെ മേനി നടിക്കലിനും അപ്പുറത്ത് എംടി സൃഷ്ടിച്ച ഭ്രാന്തൻ വേലായുധനിലൂടെ നടനഭാവത്തിന്റെ വേറിട്ട മാസ്മരികതയും സൃഷ്ടിച്ചു. അഭിനയപ്രധാന്യമുള്ള വേഷങ്ങൾ ആഗ്രഹിക്കുമ്പോഴും, ശരാശരി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകളോടെ അഭിനയിക്കേണ്ടത് തന്റെ കടമയാണെന്ന് ഉറച്ച് വിശ്വസിച്ചു.

പ്രേംനസീർ
തിക്കുറിശ്ശി സുകുമാരൻ നായർ: മലയാള സിനിമയിലെ ആദ്യ സൂപ്പർ താരത്തിന്റെ പിറവി

38 വർഷത്തെ അഭിനയജീവിതത്തിൽ 781 സിനിമകളിലാണ് പ്രേംനസീർ നായകനായത്. ഇത് ഒരു ലോക റെക്കോർഡാണ്. ഇന്ന് പലരേയും 'പാൻ ഇന്ത്യൻ സ്റ്റാർ' എന്ന് വിളിക്കാറുണ്ട്. അതിന് വേണ്ടി താരങ്ങൾക്കിടയിൽ മത്സരം കൂടിയുണ്ട്. എന്നാൽ, ആ വിശേഷണത്തിന് ആദ്യ ഉടമ നസീറാണ്. തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ദക്ഷിണേന്ത്യൻ ഭാഷകളിലൊക്കെ ആ നടന മികവ് പ്രേക്ഷകർ കണ്ടു. അഭിനയിച്ച 130 സിനിമകളിൽ ഷീല ആയിരുന്നു നസീറിന്റെ നായിക. ഇതും ഒരു റെക്കോർഡാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ സ്ഥാനംപിടിച്ച മലയാള സിനിമയുടെ ചരിത്രം. ആ അനശ്വര നടന്റെ വിയോഗം ഇന്നും മലയാള സിനിമാലോകത്തിന് തീരാത്ത നഷ്ടമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com