മോഹൻ ലാൽ Source: Facebook
MOVIES

13 വർഷം; ഇനി ഒടിടിയിൽ കാത്തിരിക്കേണ്ട, മോഹൻ ലാൽ ചിത്രം യൂട്യൂബ് റിലീസ് ചെയ്ത് ആശിർവാദ് സിനിമാസ്

Author : ന്യൂസ് ഡെസ്ക്

ഒരു കാലത്ത് നാം ഏറെ ഇഷ്ടപ്പെട്ട സിനിമകളെല്ലാം വീണ്ടും തീയേറ്ററിലെത്തുന്ന കാലമാണ്. അതെ റീ റിലീസിന്റെ കാലം. ബോളിവുഡും, തെന്നിന്ത്യയുമെല്ലാം ഈ തരംഗത്തിൽ നേട്ടമുണ്ടാക്കിയിരുന്നു. മലയാളത്തിൽ റിറിലീസ് തരംഗം തീർത്തത് മോഹൻലാൽ ചിത്രങ്ങളാണ്. ചോട്ടാമുംബൈ അടക്കമുള്ള ചിത്രങ്ങൾ റീ റിലീസിനെത്തുമ്പോൾ തീയേറ്ററുകളിൽ ജനങ്ങൾ തിക്കിതിരക്കി.

ട്രെൻ്റ് ഇഷ്ടപ്പെട്ടതുകൊണ്ടാവും ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രങ്ങൾ കാണാൻ സിനിമാപ്രേമികൾ താൽപ്പര്യപ്പെടുന്നുണ്ട്. അങ്ങനെയുള്ളവർക്ക് പ്രത്യേകിച്ചും മോഹൻലാൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സിദ്ദിഖിന്റെ സംവിധാനത്തില്‍ 2013 ൽ മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്റിൽമാൻ. 4 കെ റെസല്യൂഷനില്‍ ചിത്രം വീണ്ടുമെത്തുന്നു. 13 വർഷങ്ങൾക്ക് ശേഷം ഒടിടി റിലീസ് ചർച്ചകളെയെല്ലാം മാറ്റി നിർത്തി ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നു.

നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മീരാ ജാസ്മിനാണ് ചിത്രത്തിൽ മോഹൻ ലാലിന്റെ നായിക.

ചിത്രത്തെ ചർച്ചയാക്കിയത് അതിലെ കാസ്റ്റിംഗ് തന്നെയായിരുന്നു. മീരാ ജാസമിൻ മാത്രമല്ല, മംമ്ത മോഹന്‍ദാസ്, പദ്മപ്രിയ, മിത്ര കുര്യന്‍, കൃഷ് ജെ സത്താര്‍ തുടങ്ങിയ പ്രമുഖ നടിമാരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തി. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, കൃഷ്ണ കുമാര്‍, കെ ബി ഗണേഷ് കുമാര്‍, ശിവജി ഗുരുവായൂര്‍, ശ്രീലത നമ്പൂതിരി, അബു സലിം, ചാലി പാല തുടങ്ങി നീണ്ട താരനിര തന്നെ അണിനിരന്ന ചിത്രം ലാലിനൊടൊപ്പമല്ലാതെ സിദ്ധിഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുമായി സഹകരിച്ച് ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽ മാൻ. രചനയും സിദ്ധിഖ് തന്നെ. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് കെ ആര്‍ ഗൗരിശങ്കര്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ദീപക് ദേവ്.

ആശിര്‍വാദ് സിനിമാസ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ലേഡീസ് ആൻറ് ജെന്റിൽമാൻ. നരസിംഹം, സ്പിരിറ്റ് എന്നിവയാണ് ഇതിന് മുന്‍പ് ആശിര്‍വാദിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ചിത്രങ്ങള്‍.

SCROLL FOR NEXT