MOVIES

അവഞ്ചേഴ്സിനൊപ്പം 'എക്സ് മെൻ' ! 'ഡൂംസ്ഡേ' അവസാന ട്രെയ്‌ലർ എത്തി; മില്യണുകൾ കടന്ന് വ്യൂസ്

'അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ ആണ് വില്ലൻ കഥാപാത്രമായ ഡോക്ടർ ഡൂം ആയി എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ലോസ് ആഞ്ചൽസ്: മാർവൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യുടെ ഫൈനൽ ട്രെയ്‌ലർ പുറത്തിറങ്ങി. സ്റ്റീവ് റോജേഴ്സിന്റെ (ക്യാപ്റ്റൻ അമേരിക്ക) കുടുംബജീവിതം, ഫന്റാസ്റ്റിക് ഫോറിന്റെ മടങ്ങിവരവ്, ഡോക്ടർ ഡൂമിനെതിരായ അവഞ്ചേഴ്സിന്റെയും എക്സ്-മെൻ സംഘത്തിന്റെയും വമ്പൻ പോരാട്ടം എന്നിവയാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണങ്ങൾ. 'അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ ആണ് വില്ലൻ കഥാപാത്രമായ ഡോക്ടർ ഡൂം ആയി എത്തുന്നത്.

ക്രിസ് ഹെംസ്‌വർത്ത് (തോർ), പെഡ്രോ പാസ്കൽ (റീഡ് റിച്ചാർഡ്സ്), ടോം ഹിഡിൽസ്റ്റൺ (ലോക്കി), ആന്റണി മാക്കി, സെബാസ്റ്റ്യൻ സ്റ്റാൻ, പോൾ റഡ്, സിമു ലിയു, ഫ്ലോറൻസ് പഗ്, ഹെയ്‌ലി സ്റ്റെയിൻഫെൽഡ് തുടങ്ങി മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെയും ഫോക്സ് എക്സ്-മെൻ സീരീസിലെയും വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡോക്ടർ ഡൂമിനെതിരായ പോരാട്ടം സൂപ്പർ ഹീറോസിന് എളുപ്പമാകില്ലെന്ന സൂചനയാണ് അവസാന ട്രെയ്‌ലറും നൽകുന്നത്.

ആന്റണി റൂസോയും ജോ റൂസോയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ മക്ഫീലിയാണ്. കെവിൻ ഫൈഗി, ലൂയിസ് ഡി'എസ്പോസിറ്റോ, ജൊനാഥൻ ഷ്വാർട്സ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

2026 ഡിസംബർ 18ന് ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഇന്ത്യയിൽ ഡിസംബർ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന്റെ തുടർച്ചയായ ‘അവഞ്ചേഴ്സ്: സീക്രട്ട് വാർസ്’ 2027 ഡിസംബർ 17ന് പുറത്തിറങ്ങും.

SCROLL FOR NEXT