തിരുവനന്തപുരം: 45ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ 'സമാന്തരങ്ങൾ' സിനിമയെ അട്ടിമറിച്ചു എന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഇതിനു പിന്നിൽ മലയാള സിനിമയിലെ ചിലരാണെന്നും ബാലചന്ദ്ര മേനോൻ ആരോപിച്ചു. അന്നത്തെ ജൂറി അംഗം ദവേന്ദ്ര ഖണ്ടേവാല ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ പുരസ്‌കാരങ്ങൾ ലഭിക്കേണ്ടതായിരുന്നുവെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. മികച്ച നടനുള്ള അവാർഡ് അന്ന് സുരേഷ് ഗോപിയുമായി ഷെയർ ചെയ്യുകയായിരുന്നു. ആരാണ് സിനിമയ്ക്ക് എതിരെ പ്രവർത്തിച്ചത് എന്ന് അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1998 മെയ് എട്ടിനാണ് 45ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കന്നഡ ചിത്രം 'തായി സാഹിബ' ആയിരുന്നു മികച്ച ചിത്രം. ഗിരീഷ് കാസറവള്ളിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് 'കളിയാട്ടം' എന്ന ചിത്രത്തിന് ജയരാജിന് ആണ്. ഇതേ സിനിമയിലെ അഭിനയത്തിനാണ് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. 'സമാന്തരങ്ങളി'ലെ പ്രകടനത്തിന് ബാലചന്ദ്ര മേനോനും മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. മികച്ച ഫാമിലി വെൽഫെയർ ചിത്രത്തിനുള്ള അവാർഡും 'സമാന്തരങ്ങൾ'ക്ക് ലഭിച്ചിരുന്നു.
ബാലചന്ദ്ര മേനോൻ തന്നെയാണ് 'സമാന്തരങ്ങൾ' എഴുതി സംവിധാനം ചെയ്തത്. 'ഇസ്മയിൽ' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്. അവിടെയും തീരുന്നില്ല. സിനിമയുടെ എഡിറ്റിങ്, സംഗീതം, നിർമാണം, വിതരണം എന്നിവയും ബാലചന്ദ്ര മേനോൻ ആണ് നിർവഹിച്ചത്. അഖിൽ ഗോപകുമാർ, രാജേഷ് രാജൻ, സായ് കുമാർ, സുകുമാരി, മാതു, മധു, ജോസ് പെല്ലിശ്ശേരി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.