ടൊവിനോ തോമസ്, സന്തോഷ് ടി കുരുവിള Source: Facebook
MOVIES

നമ്മള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഒരു നിർമാതാവ് ടൊവിനോയോട് പറഞ്ഞു: സന്തോഷ് ടി കുരുവിള

മലയാള സിനിമയില്‍ അഭിനേതാക്കള്‍ സ്വീകരിക്കുന്ന നിലപാടുകളെപ്പറ്റി സംസാരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഷെയ്‌ന്‍ നിഗം നായകനായ 'ബള്‍ട്ടി' തിയേറ്ററുകളില്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നല്ല അഭിപ്രായമാണ് സിനിമ കണ്ടവർ രേഖപ്പെടുത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിർമാതാവ് സന്തോഷ് ടി കുരുവിള ഒരു അഭിമുഖത്തില്‍ നടന്‍ ടൊവിനോ തൊമസിനെപ്പറ്റി നടത്തിയ പരാമർശം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

മലയാള സിനിമയിലെ അഭിനേതാക്കള്‍ സ്വീകരിക്കുന്ന നിലപാടുകളെപ്പറ്റി സംസാരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള. "ചില കാര്യങ്ങളില്‍ ടൊവിനോ എടുക്കുന്ന നിലപാടുകളെ അംഗീകരിക്കുന്ന ആളാണ് ഞാന്‍. ഒരു സിനിമയില്‍ അഭിനയിച്ച ശേഷം അതിന്റെ പ്രൊഡ്യൂസർ ടൊവിനോയോട് വന്ന് പുള്ളിയോട് നമ്മളൊക്കെ ക്രിസ്ത്യാനികളാണ്, നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറഞ്ഞു. പുള്ളി ഭയങ്കര അസ്വസ്ഥനായി. ഇനി ജീവിതത്തില്‍, ആ നിര്‍മാതാവിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു," സന്തോഷ് ടി കുരുവിള പറഞ്ഞു. മീഡിയാവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എന്നോട് ഒരാള്‍ വന്ന് നമ്മളൊക്കെ ക്രിസ്ത്യാനികളാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ അവന്റെ ചെവിക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കും. ഇതാണ് നമ്മുടെ രാജ്യത്തുണ്ടാകുന്ന പ്രധാന പ്രശ്‌നം. നമ്മുടെ സമൂഹത്തിലും സിനിമയിലുമുണ്ടാകുന്ന പ്രശ്‌നം. ആവശ്യമില്ലാതെ ആള്‍ക്കാരെ കുത്തിത്തിരിക്കാന്‍ നോക്കും. വേറെ വല്ലവരുമാണെങ്കില്‍ ആ സന്ദർഭത്തില്‍ പ്രതികരിക്കില്ല," ബള്‍ട്ടി നിർമാതാവ് കൂട്ടിച്ചേർത്തു.

പലസ്തീന്‍ വിഷയത്തില്‍ ഷെയ്ന്‍ നിഗം എടുത്ത നിലപാടിനെയും നിർമാതാവ് അഭിനന്ദിച്ചു. അവിടെ നടക്കുന്ന സംഭവങ്ങളില്‍ സങ്കടപ്പെടാത്തവരായി ആരുണ്ടെന്നായിരുന്നു സന്തോഷിന്റെ ചോദ്യം. ഇത് കാണാത്തവരായി ആരുമില്ല. എന്തിനാണ് താന്‍ വെറുതെ ആവശ്യമില്ലാത്ത പുലിവാല്‍ പിടിക്കുന്നതെന്ന് വിചാരിച്ചാണ് പലരും പ്രതികരിക്കാത്തതെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 26നാണ് ഷെയ്‌ന്‍ ആക്ഷന്‍ നായകനായി എത്തുന്ന ബള്‍ട്ടി തിയേറ്ററുകളില്‍ എത്തിയത്. സ്പോർട്സ് ആക്ഷൻ ഴോണറില്‍ കംപ്ലീറ്റ് എന്റർടൈനറായിട്ടാണ് 'ബള്‍ട്ടി' അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധാനം.

തമിഴില്‍ സ്വതന്ത്ര ആല്‍ബങ്ങളിലൂടെ ഹിറ്റ് ചാർട്ടില്‍ ഇടം നേടിയ സായ് അഭ്യങ്കർ ആണ് 'ബൾട്ടി'യുടെ സം​ഗീത സംവിധായകൻ. സായ്‌യുടെ ആദ്യ മലയാള ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിക്കുന്നത്. സിനിമയിലെ 'ജാലക്കാരി' എന്ന ​ഗാനം ട്രെന്‍ഡിങ് ലിസ്റ്റിൽ ഇടംനേടിയിരുന്നു.

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 'സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബു' എന്ന കഥാപാത്രത്തെയാണ് അല്‍ഫോണ്‍സ് അവതരിപ്പിക്കുന്നത്. പ്രീതി അസ്രാനിയാണ് ചിത്രത്തിലെ നായിക.

SCROLL FOR NEXT