മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപയുടെ ആഗോള കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്. ഓണത്തിന് ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം ഓണം കഴിഞ്ഞാൽ പോലും ടിക്കറ്റ് കിട്ടാത്ത രീതിയിലുള്ള വൻ ജനത്തിരക്കിലേക്കാണ് നീങ്ങുന്നത്. ജിസിസി ഉൾപ്പെടെയുള്ള ഓവർസീസ് രാജ്യങ്ങളിലും ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അവിശ്വസനീയമായ കളക്ഷനാണ് ചിത്രം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.
തുടർച്ചയായ ഹൗസ്ഫുൾ ഷോകളോടെ തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബോക്സ് ഓഫീസിലെ നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ ഇതുവരെയുള്ള ഇൻഡസ്ട്രി ഹിറ്റുകളെല്ലാം മാറ്റിമറിക്കാൻ ഈ ചിത്രത്തിന് സാധിക്കും. ഭാവന സ്റ്റുഡിയോസും സംവിധായകൻ ഗിരീഷ് എ.ഡിയും 'പ്രേമലു'വിന് ശേഷം ഒന്നിച്ച ഈ രണ്ടാം ചിത്രവും തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ സുരക്ഷിതമായി ഇടംപിടിക്കുമെന്നും ഉറപ്പായിട്ടുണ്ട്.
ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിച്ചപ്പോള്‍ പ്രേക്ഷകർക്കെന്തായാലും സന്തോഷസമൃദ്ധിയുടെ ഒരു പൊന്നോണക്കാലം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഗിരീഷ് എ. ഡിയുടെ തനതായ അവതരണരീതിക്കൊപ്പം വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന സംഗീതവും അജ്മൽ സാബുവിന്‍റെ ഛായാഗ്രഹണവും ആകാശ് ജോസഫിന്‍റെ എഡിറ്റിങ്ങും മനോഹരമായി ചേർത്തുവച്ച ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ' ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടചിത്രം എന്ന ഖ്യാതി നേടിയിരിക്കുകയാണ്.