മുംബൈ: ആരാധകർ ഏറെയുള്ള ബോളിവുഡ് നടന്‍ ആണ് രണ്‍ബീർ കപൂർ. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ നിരവധി കഥാപാത്രങ്ങള്‍ നടന്‍ അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകനായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് രണ്‍ബീർ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. നടന്റെ ആദ്യ സംവിധാന സംരംഭത്തിന് മുത്തച്ഛനും ബോളിവുഡിലെ ഇതിഹാസ നടനുമായ രാജ് കപൂർ സ്ഥാപിച്ച ആർകെ സ്റ്റുഡിയോസ് പിന്തുണ നൽകുമെന്നും സൂചനയുണ്ട്.
1999ല്‍ റിലീസ് ആയ 'ആ അബ് ലൗട്ട് ചലേൻ' എന്ന ചിത്രമാണ് ആർകെ ഫിലിംസിന്റെ ബാനറിൽ നിർമിച്ച അവസാന ചിത്രം. 2017ല്‍ ചെമ്പൂരിലെ ആർകെ സ്റ്റുഡിയോസില്‍ തീപിടിത്തമുണ്ടായി. 2019ല്‍ സ്റ്റുഡിയോ ഗോദ്റേജ് പ്രോപ്പർട്ടീസ് ഏറ്റെടുത്തു. അപ്രതീക്ഷിതമായ ഉണ്ടായ ചില സംഭവവികാസങ്ങളെ തുടർന്നാണ് ആർകെ സ്റ്റുഡിയോസ് വില്‍ക്കുന്നതെന്നാണ് അന്ന് രൺബീർ കപൂറിന്റെ അമ്മാവനും പ്രശസ്ത നിർമാതാവുമായ രൺധീർ കപൂർ നല്‍കിയ വിശദീകരണം. നടന്റെ നേതൃത്വത്തില്‍ സ്റ്റുഡിയോയ്ക്ക് ഒരു പുതിയ ഇടം കണ്ടെത്താന്‍ ഒരുങ്ങുകയാണെന്നാണ് മിഡ് ഡേയുടെ റിപ്പോർട്ട്.
പൊടുന്നനെ സ്റ്റുഡിയോ പുനഃരാരംഭിക്കാനല്ല രണ്‍ബീറും കൂട്ടരും ശ്രമിക്കുന്നത്. ആർകെ എന്ന ബ്രാന്‍ഡ് നെയിം പുനഃരവതിരിപ്പിക്കുക എന്നതിലാണ് മുഖ്യ പരിഗണന. അതിനു ശേഷമാകും ഓഫീസ്, സ്റ്റുഡിയോ, സിക്രീനിങ് തീയേറ്റർ ഉള്‍പ്പെടെയുള്ള ആസ്തി വികസനത്തിലേക്ക് നീങ്ങുക.
രൺബീർ കപൂറിന്റെ സംവിധാന അരങ്ങേറ്റത്തിന് പുറമെ, ഈ ബാനറിൽ മറ്റ് രണ്ട് പ്രോജക്റ്റുകൾ കൂടി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ൽ ഇറങ്ങിയ 'ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവ'യ്ക്ക് ശേഷം നടനും അയാൻ മുഖർജിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് അനുരാഗ് ബസു ആണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കിഷോർ കുമാർ ബയോപിക് ആകുമിത്. ആമിർ ഖാൻ ആണ് കിഷോർ കുമാർ ആയി ഈ ചിത്രത്തില്‍ എത്തുകയെന്നാണ് സൂചന. ഈ സിനിമകളുടെ പ്രാരംഭ ചർച്ചകള്‍ പുരോഗമിക്കുകയാണ്.