കൊച്ചി: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ഒഴിവാക്കിയത് എന്തിന്? കാരണം തിരഞ്ഞ് തലപുകഞ്ഞ ചർച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ ചർച്ചകളും ചെന്നു നില്‍ക്കുന്നത് നടിയും നിർമാതാക്കളായ വൈജയന്തി മൂവീസിനും ഇടയിലുണ്ടായ തർക്കങ്ങളിലേക്കാണ്.
കഴിഞ്ഞ ദിവസമാണ് തെലുങ്ക് ചിത്രം കല്‍ക്കിയുടെ സീക്വലില്‍ നിന്ന് ദീപിക പദുകോണിനെ ഒഴിവാക്കുന്നതായി വൈജയന്തി മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രതിബദ്ധതയും അതിലേറെയും അർഹിക്കുന്ന ഒരു ചിത്രത്തിന് വേണ്ട പങ്കാളിത്തം താരത്തില്‍ നിന്ന് ലഭിക്കാത്തതിനാലാണ് തീരുമാനം എന്നായിരുന്നു നിർമാതാക്കളുടെ വിശദീകരണം.
വൈജയന്തിയുടെ ഈ പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് നടിയുടെ പുറത്താക്കലിന് പിന്നുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. കല്‍ക്കിയുടെ ആദ്യ ഭാഗത്തിനേക്കാള്‍ 25 ശതമാനം പ്രതിഫല വർധന നടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ ഒരു ദിവസം എഴ് മണിക്കൂർ മാത്രമേ താരം ഷൂട്ടിങ്ങിന്റെ ഭാഗമാകൂ. ഇത്തരത്തില്‍ ജോലി സമയം കുറയുന്നത് സിനിമയുടെ ബജറ്റ് ഉയരാന്‍ കാരണമാകും. വലിയ തോതില്‍ വിഎഫ്എക്സ്, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യപ്പെടുന്ന സിനിമയുടെ നിർമാണത്തെ ഇത് ബാധിക്കും.
ഷൂട്ടിങ് നീണ്ടുപോയാല്‍ നടിക്ക് വിശ്രമിക്കാന്‍ ആഢംബര വാനിറ്റി വാന്‍ ഉള്‍പ്പെടെ നിർമാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, നടി ഈ നിർദേശം നിരസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി തവണ സാമ്പത്തിക കാര്യത്തില്‍ താരവുമായി നിർമാതാക്കള്‍ അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, നടി തന്റെ ആവശ്യങ്ങള്‍ വർധിപ്പിക്കുകയായിരുന്നു. തന്റെ ഒപ്പമുള്ള 25 പേർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകളില്‍ താമസ സൗകര്യം, അവർക്ക് ഭക്ഷണത്തിന് ചെലവാകുന്ന പണം ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ നടി മുന്നോട്ട് വച്ചെന്നും ഇതാണ് നിർമാതാക്കളെ ചൊടിപ്പിച്ചതെന്നുമാണ് റിപ്പോർട്ടുകള്‍.
2025 ഏപ്രില്‍-മെയ് മാസത്തില്‍ കല്‍ക്കി സീക്വലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ ഷൂട്ടിങ് വൈകി. ഈ സമയത്ത് നടന്ന ഒരു പരിപാടിയില്‍ കല്‍ക്കിയെപ്പറ്റിയുള്ള ചോദ്യത്തിന് ദീപിക നല്‍കിയ മറുപടി അണിയറ പ്രവർത്തകരുമായി അകന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. തന്റെ ഇപ്പോഴത്തെ മുൻഗണന മകള്‍ ദുആ ആണെന്നും അടുത്തൊന്നും തിരക്കിട്ട് ജോലി ആരംഭിക്കുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.
ഈ വർഷം ആദ്യം പ്രഭാസ് നായകനാകുന്ന സന്ദീപ് റെഡ്ഡി വാങ്ക ചിത്രം 'സ്പിരിറ്റില്‍' നിന്നും താരം ഒഴിവായിരുന്നു. എട്ട് മണിക്കൂർ ജോലി സമയം നിർദേശിച്ചത് സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസത്തിലേക്ക് നയിച്ചതായിരുന്നു കാരണം.