കൊച്ചി: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി'യുടെ സീക്വലില്‍ നിന്ന് ദീപിക പദുകോണിനെ ഒഴിവാക്കുന്നതായി നിർമാതാക്കള്‍. മാസങ്ങളായി സിനിമാ വൃത്തങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. ബോളിവുഡ് താരവുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതായി വ്യാഴാഴ്ച നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രതിബദ്ധതയും അതിലേറെയും അർഹിക്കുന്ന ഒരു ചിത്രത്തിന് വേണ്ട പങ്കാളിത്തം താരത്തില്‍ നിന്ന് ലഭിക്കാത്തതിനാലാണ് ഒഴിവാക്കുന്നതെന്നാണ് വൈജയന്തി മൂവീസ് പറയുന്നത്.
ഈ വർഷം ആദ്യ മുതല്‍ ദീപികയെ ചുറ്റിപ്പറ്റി നിരവധിയായ വിവാദങ്ങളാണ് ഉയർന്നുവന്നത്. സന്ദീപ് റെഡ്ഡി വാങ്ക ചിത്രമായ സ്പിരിറ്റില്‍ എട്ട് മണിക്കൂർ ജോലി സമയം നിർദേശിച്ചതിനെ തുടർന്നാണ് ആദ്യ വിവാദം ഉയർന്നുവന്നത്. ഒരു വയസ് മാത്രം പ്രായമുള്ള മകളുമായി സമയം കണ്ടെത്താനാണ് താരം ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ ഇതിനെ വലിയ തോതില്‍ സമൂഹ മധ്യമങ്ങളില്‍ സംവിധായകന്‍ അടക്കം ദുർവ്യാഖ്യാനം ചെയ്തു. സന്ദീപുമായുള്ള ക്രിയാത്മകമായ അഭിപ്രായ വ്യത്യാസങ്ങളും കൂടിയായപ്പോള്‍ ചിത്രത്തില്‍ നിന്നും താരം പിന്‍മാറി.
ഇതിനു പിന്നാലെ ജൂണില്‍ കല്‍ക്കി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന് ഇടയില്‍ സഹതാരമായ പ്രഭാസില്‍ നിന്നും താരം പ്രശ്നങ്ങള്‍ നേരിടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വന്നു. എന്നാല്‍ ഇതൊക്കെ ആ ഘട്ടത്തില്‍ നിർമാതാക്കളും അണിയറപ്രവർത്തകരും നിഷേധിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ദീപികയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്ന് കാട്ടി താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുന്നതായി നിർമാതാക്കള്‍ പ്രഖ്യാപിക്കുന്നത്. വൈജയന്തി മൂവിസിന്റെ ഔദ്യോഗിക എക്സ് പോസ്റ്റിന് താഴെ കല്യാണി പ്രിയദർശന്‍, ആലിയ ഭട്ട് എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് ദീപികയുടെ പകരക്കാരിക്കായി ആരാധകരും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
2025 ഏപ്രില്‍-മെയ് മാസത്തില്‍ കല്‍ക്കി സീക്വലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ ഷൂട്ടിങ് വൈകി. ഈ സമയത്ത് നടന്ന ഒരു പരിപാടിയില്‍ കല്‍ക്കിയെപ്പറ്റിയുള്ള ചോദ്യത്തിന് ദീപിക നല്‍കിയ മറുപടി അണിയറ പ്രവർത്തകരുമായി അകന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. തന്റെ ഇപ്പോഴത്തെ മുൻഗണന മകള്‍ ദുആ ആണെന്നും അടുത്തൊന്നും തിരക്കിട്ട് ജോലി ആരംഭിക്കുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.