തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഷാരുഖ് ഖാന്റെ കൈപിടിച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ദീപിക പദുകോണ്‍. ആദ്യ ചിത്രത്തില്‍ അദ്ദേഹം പകർന്നുതന്ന അനുഭവപാഠത്തെപ്പറ്റി ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ നടി വിശദീകരിച്ചു. ഒരു സിനിമയുടെ വിജയത്തേക്കാള്‍ പ്രധാനം നിങ്ങള്‍ ആരുമായി സഹകരിക്കുന്നു എന്നതിലാണെന്ന ഷാരൂഖിന്റെ വാക്കുകള്‍ നടി കുറിപ്പില്‍ ഓർത്തെടുക്കുന്നു.
"ഏകദേശം 18 വർഷങ്ങൾക്ക് മുമ്പ് 'ഓം ശാന്തി ഓം' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ നിർമിക്കുമ്പോള്‍ അതിന്റെ വിജയത്തേക്കാള്‍ പ്രധാനം അതില്‍ നിങ്ങള്‍ ആരുമായി സഹകരിക്കുന്നുവെന്നതാണ്. ഞാന്‍ അതിനോട് പൂർണമായി യോജിക്കുന്നു. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഞങ്ങള്‍ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്?," ദീപിക സമൂഹമാധ്യമത്തില്‍ കുറിച്ചു.
കല്‍ക്കിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ വന്ന നടിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത് കല്‍ക്കി നിർമാതാക്കള്‍ക്കുള്ള മറുപടിയാണെന്നാണ് ഒരു കൂട്ടരുടെ വാദം.
കഴിഞ്ഞ ദിവസമാണ് കല്‍ക്കി 2898 എഡിയില്‍ നിന്ന് ദീപിക പദുകോണനെ ഒഴിവാക്കിയതായി നിർമാതാക്കളായ വൈജയന്തി മൂവീസ് പ്രഖ്യാപിച്ചത്. നടിയുടെ ആവശ്യങ്ങളുമായി ഒത്തുപോകാന്‍ സാധിക്കാത്തതാണ് പുറത്താക്കലിന് പിന്നലെ കാരണം എന്നാണ് പുറത്തുവരുന്ന വിവരം. പ്രതിബദ്ധതയും അതിലേറെയും അർഹിക്കുന്ന ഒരു ചിത്രത്തിന് വേണ്ട പങ്കാളിത്തം താരത്തില്‍ നിന്ന് ലഭിക്കാത്തതിനാലാണ് തീരുമാനം എന്നായിരുന്നു നിർമാതാക്കളുടെ വിശദീകരണം.
കല്‍ക്കിയുടെ ആദ്യ ഭാഗത്തിനേക്കാള്‍ 25 ശതമാനം പ്രതിഫല വർധന നടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ ഒരു ദിവസം എഴ് മണിക്കൂർ മാത്രമേ താരം ഷൂട്ടിങ്ങിന്റെ ഭാഗമാകൂ. ഇത്തരത്തില്‍ ജോലി സമയം കുറയുന്നത് സിനിമയുടെ ബജറ്റ് ഉയരാന്‍ കാരണമാകും. വലിയ തോതില്‍ വിഎഫ്എക്സ്, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യപ്പെടുന്ന സിനിമയുടെ നിർമാണത്തെ ഇത് ബാധിക്കും.
ഷൂട്ടിങ് നീണ്ടുപോയാല്‍ നടിക്ക് വിശ്രമിക്കാന്‍ ആഢംബര വാനിറ്റി വാന്‍ ഉള്‍പ്പെടെ നിർമാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, നടി ഈ നിർദേശം നിരസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി തവണ സാമ്പത്തിക കാര്യത്തില്‍ താരവുമായി നിർമാതാക്കള്‍ അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, നടി തന്റെ ഡിമാന്റുകള്‍ വർധിപ്പിക്കുകയായിരുന്നു. തന്റെ ഒപ്പമുള്ള 25 പേർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകളില്‍ താമസ സൗകര്യം, അവർക്ക് ഭക്ഷണത്തിന് ചെലവാകുന്ന പണം ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ നടി മുന്നോട്ട് വച്ചെന്നും ഇതാണ് നിർമാതാക്കളെ ചൊടിപ്പിച്ചതെന്നുമാണ് റിപ്പോർട്ടുകള്‍.
അതേസമയം, കല്‍ക്കിയില്‍ നിന്ന് നടി പിന്മാറുകയായിരുന്നു എന്ന തരത്തിലും വാർത്തകള്‍ പുറത്തുവരുന്നുണ്ട്. സിനിമയുടെ ആദ്യ ഭാഗത്തില്‍ ദീപികയ്ക്ക് മുഴുനീള കഥാപാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഈ കഥാപാത്രത്തിന് സ്ക്രീന്‍ ടൈം കുറവാണെന്നാണ് റിപ്പോർട്ടുകള്‍. തിരക്കഥയില്‍ വന്ന മാറ്റങ്ങള്‍ കാരണം നടിയുടെ വേഷം കാമിയോ ആയി ഒതുങ്ങിയെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അണിയറ പ്രവർത്തകർ നടിയ അറിയിച്ചിരുന്നു. ഇതറിഞ്ഞ നടി അതിഥി വേഷം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് പിന്മാറുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.