ജൂനിയർ എന്‍ടിആറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'വാർ 2' ഒടിടിയിലേക്ക് എത്തുന്നു. ഹൃത്വിക് റോഷന്‍ നായകന്‍ ആയ ചിത്രം അയാന്‍ മുഖർജിയാണ് സംവിധാനം ചെയ്തത്. 400 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം 364 കോടിയാണ് ആഗോള ബോക്സ്ഓഫീസില്‍ നേടിയത്.
ഓഗസ്റ്റ് 14ന്, സ്വാതന്ത്ര്യ ദിന വാരത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലോകേഷ് കനഗരാജിന്റെ രജിനികാന്ത് ചിത്രം 'കൂലി'ക്കൊപ്പമായിരുന്നു റിലീസ്. ഇത് ദക്ഷിണേന്ത്യയിലെ ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചു. സിനിമയിലെ ആക്ഷന്‍ രംഗങ്ങളും താരങ്ങളുടെ പ്രകടനവും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ തിരക്കഥയും സംവിധാനവും മോശമാണെന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ മുന്നോട്ടുവച്ചത്. എന്നിട്ടും ഇന്ത്യയില്‍ നിന്ന് 236.55 കോടി രൂപയും ആഗോള തലത്തില്‍ 364.35 കോടി രൂപയും സ്വന്തമാക്കി 'വാർ 2 'ഈ വർഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ഹിന്ദി ചത്രമായി മാറി. അതുകൊണ്ട് തന്നെ ഈ ബിഗ് ബജറ്റ് ചിത്രത്തെ ഫ്ലോപ്പ് എന്നോ ഹിറ്റ് എന്നോ പറയാന്‍ സാധിക്കില്ല.
'വാർ 2'ന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകള്‍. ഒക്ടോബർ ഒന്‍പതിന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചിത്രം ലഭ്യമാകും. എന്നാല്‍ നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി ഈ തീയതി സ്ഥിരീകരിച്ചിട്ടില്ല.
യഷ് രാജ് ഫിലിംസിൻ്റെ സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 2019ൽ പുറത്തിറങ്ങിയ സിദ്ധാർത്ഥ് ആനന്ദിൻ്റെ 'വാർ' എന്ന ചിത്രം ലോകമെമ്പാടും 471 കോടി രൂപയുടെ വൻ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുകയും, അക്കാലത്ത് ഏറ്റവും ഉയർന്ന ഓപ്പണിങ് ദിന കളക്ഷനായ 53.35 കോടി രൂപ എന്ന റെക്കോർഡ് നേടുകയും ചെയ്തിരുന്നു.