"അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു"; അമിതാബിന്റെ 'ഏഷ്യ കപ്പ് ട്രോള്‍' ഏറ്റെടുത്ത് ആരാധകർ

വൈറലായ എക്സ് പോസ്റ്റുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകർ
ഷോയിബ് അക്തറിനെ ട്രോളി അമിതാബ് ബച്ചന്‍
ഷോയിബ് അക്തറിനെ ട്രോളി അമിതാബ് ബച്ചന്‍Source: X
Published on

ഏഷ്യ കപ്പില്‍ ഇന്ത്യ കിരീടം ഉയർത്തിയതിന്റെ ആവേശത്തിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍. പാകിസ്ഥാനെതിരായ ഫൈനലിലെ വിജയം പലർക്കും ഇരട്ടി മധുരമായി. പുറത്താകാതെ 69 റണ്‍സെടുത്ത തിലക് വർമയായിരുന്നു കളിയിലെ താരം. നാല് വിക്കറ്റ് പിഴുത് കുല്‍ദീപ് യാദവ് പാകിസ്ഥാന്‍ ബാറ്റിങ് നിരയെ താറുമാറാക്കി. വിക്കറ്റ് കീപ്പറായും ബാറ്ററായും മലയാളി താരം സഞ്ജു സാംസണും കളിയില്‍ തിളങ്ങി. അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന് മേല്‍ ഇന്ത്യ സർവാധിപത്യം സ്ഥാപിച്ചത്.

ഫൈനലിലെ ഇന്ത്യ-പാക് മത്സരം ​ഗ്രൗണ്ടില്‍ കഴിഞ്ഞിട്ടും അവസാനിച്ചിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ പാകിസ്ഥാന്‍ മന്ത്രി മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടമേറ്റു വാങ്ങാന്‍ ഇന്ത്യ തയ്യാറായില്ല. റണ്ണേഴ്‌സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞായിരുന്നു പാക് നായകന്‍ സല്‍മാന്‍ ആഘ തന്റെ നിരാശയും അമർഷവും പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ആരാധകർ കൂക്കിവിളിച്ചാണ് താരത്തെ തിരികെ അയച്ചത്.

ഇതിന്റെ തുടർച്ചയായി സമൂഹമാധ്യമത്തിലും ഇന്ത്യ-പാക് പോര് മുറുകയാണ്. 'ഓപ്പറേഷന്‍ സിന്ദൂർ 2.0' ആയാണ് പല ക്രിക്കറ്റ് ആരാധകരും ഏഷ്യ കപ്പ് ഫൈനലിനെ കാണുന്നത്. ഈ അമിത വാശി ക്രിക്കറ്റ് ആവേശത്തിന് യോജിക്കുന്നതല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഷോയിബ് അക്തറിനെ ട്രോളി അമിതാബ് ബച്ചന്‍
റണ്ണേഴ്‌സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്‍; കൂക്കി വിളിച്ച് കാണികള്‍

ഫൈനലിന് പിന്നാലെ പല പ്രമുഖരും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചു. ഇതില്‍ മുതിർന്ന നടന്‍ അമിതാബ് ബച്ചന്റെ ട്രോള്‍ ഇപ്പോള്‍ വൈറലാണ്. "നമ്മൾ ജയിച്ചു! ‘അഭിഷേക് ബച്ചൻ’ നന്നായി കളിച്ചു. അവിടെ അവർക്ക് നാവ് ഇടറി, ഇവിടെ, ബാറ്റിങ്ങോ ബൗളിങ്ങോ ഫീൽഡിങ്ങോ ചെയ്യാതെ നിങ്ങൾ ശത്രുവിനെ വീഴ്ത്തി! അവരുടെ വായ അടപ്പിച്ചു. ജയ് ഹിന്ദ് ! ജയ് ഭാരത് ! ജയ് മാ ദുർഗ," ഇതായിരുന്നു അമിതാബിന്റെ എക്സ് പോസ്റ്റ്. ഇതില്‍ 'അഭിഷേക് ബച്ചന്‍' എന്നത് മനഃപൂർവം വരുത്തിയ തെറ്റാണ്.

പാകിസ്ഥാന്‍ മുന്‍ പേസർ ഷോയിബ് അക്തറിനുള്ള മറുപടി കൂടിയാണ് അമിതാബ് ബച്ചന്റെ ഈ പോസ്റ്റ്. ഇന്ത്യ-പാകിസ്ഥാന്‍ ഫൈനലിനെ കുറിച്ചുള്ള പ്രീ മാച്ച് ചര്‍ച്ചയ്ക്കിടെ 'അഭിഷേക് ശര്‍മ'യുടെ പേരിന് പകരം അക്തര്‍ 'അഭിഷേക് ബച്ചന്‍' എന്ന് പറയുകയുണ്ടായി. "അഭിഷേക് ബച്ചനെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യയുടെ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല," എന്നാണ് അക്തർ പറഞ്ഞത്. ആ നാക്ക് പിഴയെ പരിഹസിച്ചുകൊണ്ടായിരുന്നു അമിതാബിന്റെ പോസ്റ്റ്.

ഷോയിബ് അക്തറിന്റെ അബദ്ധത്തെ ട്രോളി അഭിഷേക് ബച്ചനും രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. "സർ, എല്ലാ ബഹുമാനത്തോടെയും പറയട്ടെ... അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല! പിന്നെ ഞാന്‍ ക്രിക്കറ്റ് കളിയില്‍ മിടുക്കനല്ല," അഭിഷേക് എക്സില്‍ കുറിച്ചു. ഇരുവരുടെയും എക്സ് പോസ്റ്റുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com