എഡ്‌ഗർ റൈറ്റ് Source: News Malayalam 24x7
MOVIES

മാർവലിനോട് നോ പറഞ്ഞ ജീനിയസ്, എഡ്‌ഗർ റൈറ്റ്

എഡ്​ഗർ റൈറ്റിന്റെ ഫീച്ചർ ഫീലിമുകളുടെ തുടക്കം 2004ലെ ഷോൺ ഓഫ് ദ ഡെഡിൽ നിന്നാണ്

Author : ശ്രീജിത്ത് എസ്

പണ്ട് ബ്രിട്ടീഷ് ടിവിയിൽ ഒരു സിനിമാ പരിപാടിയുണ്ടായിരുന്നു - Incredibly Strange Film Show. ജൊനാഥൻ റോസ് ആയിരുന്നു പരിപാടിയുടെ അവതാരകൻ. റസ് മേയർ, ജാക്കി ചാൻ, ജോർജ്ജ് റൊമേറോ, ജോൺ വാട്ടേഴ്‌സ് ഇങ്ങനെ പല സംവിധായകരുമായി റോസ് സംസാരിക്കും. നടന്നും ഇരുന്നും ഭക്ഷണം കഴിച്ചും നീങ്ങുന്ന അഭിമുഖം. അതിൽ ഒന്ന് സാം റെയ്മിയുമായിട്ടായിരുന്നു. ആ എപ്പിസോഡ്, സോമർസെറ്റിലെ വെൽസിലെ ഒരു പയ്യനെ സിനിമയിലേക്ക് അടുപ്പിക്കുമെന്ന്, അന്ന് ജൊനാഥൻ റോസ് സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല. പക്ഷേ നടന്നത് അങ്ങനെയാണ്.

ഈവിൾ ഡെഡ് എന്ന സിനിമ കണ്ടിട്ടില്ലാത്ത ആ പയ്യൻ, സാം റെയ്മിയുടെ ആരാധകനായി. അതുവഴി സിനിമയുടേയും. സാം റെയ്മി എന്ന മിഷിഗണിൽ നിന്നുള്ള കൗമാരക്കാരൻ ഒരു സിനിമ എടുത്തുവെന്ന് കണ്ടപ്പോൾ അവൻ അദ്യം അതിശയിച്ചു. പിന്നെ ആലോചിച്ചു. ശേഷം ഉറപ്പിച്ചു - "ഞാനും ഇതാണ് ചെയ്യേണ്ടത്". അത് വെറുംപേച്ചായിരുന്നില്ല. വർഷങ്ങൾക്ക് അപ്പുറം അവൻ അത് ചെയ്തുകാണിച്ചു. 'എഡ്​ഗ‍ർ റൈറ്റ്' എന്ന പേരിന് കാണികളെക്കൊണ്ട് കയ്യടിപ്പിച്ചു.

സാം റെയ്മി അഭിമുഖം കണ്ടതിന്റെ ചൂടിൽ നിൽക്കുമ്പോഴാണ് എഡ്​ഗ‍റിനും സഹോദരനും അച്ഛനും അമ്മയും ഒരു സെക്കൻഡ് ഹാൻഡ് ക്യാമറ വാങ്ങി നൽകിയത്. ക്യാമറയായി, മോട്ടിവേഷനുമായി. ഇനി എന്തുചെയ്യും? എഡ്​ഗ‍ർ അധികം ആലോചിച്ചു നിന്നില്ല. സ്കൂളിലെ കൂട്ടുകാരുമായി ചേ‍ർന്ന് ചെറിയ പടങ്ങൾ എടുത്തുതുടങ്ങി. അധികവും ആക്ഷൻ സ്പൂഫുകൾ. ആയിടയ്ക്ക് ഒരു ടിവി കോംപറ്റീഷന് വേണ്ടി 17 വയസുകാരനായ എഡ്​ഗർ ഒരു ആനിമേറ്റഡ് ഫിലിം ചെയ്തു. അതിന് സമ്മാനവും കിട്ടി. ഒരു വീഡിയോ ക്യാമറ. ആ സമയത്ത് അത്തരം ഒരു ക്യാമറ എഡ്​ഗറിന്റെ സ്വപ്നം മാത്രമായിരുന്നു. അതാണ് യാഥാ‍ർഥ്യമായിരിക്കുന്നത്. പിന്നങ്ങോട്ട് പടംപിടുത്തം തന്നെ. ഡെഡ് റൈറ്റ് എന്നൊരു ഷോ‍ർട്ട് ഫിലിം എടുക്കുന്നത് ആ സമയത്താണ്. ഇതിനെ പൂ‍ർണാർഥത്തിൽ ഷോർട്ട് ഫിലിം എന്ന് വിളിക്കാൻ പറ്റില്ല. കാരണം, ഡെഡ് റൈറ്റ് എന്ന പൊലീസ് പടം 70 മിനുട്ടുണ്ടായിരുന്നു.

ഈ പടത്തിൽ ഒരുപാട് പേര് അഭിനയിച്ചിരുന്നു. അപ്പോഴാണ് എഡ്​ഗറിലെ ഇൻഡി ഫിലിമേക്കറിന് ഒരു ആശയം തോന്നിയത്. എന്തായാലും ഒരുപാട് പേര് അഭിനയിച്ചതല്ലേ അപ്പോൾ ഇവരൊക്കെ ഈ പടത്തിന്റെ വിസിആർ കോപ്പി വാങ്ങേണ്ടതല്ലേ? അതായിരുന്നു എഡ്​ഗറിന്റെ മാർക്കറ്റിങ് തന്ത്രം. 10 പൗണ്ട് വിലയിട്ട്, ഡെഡ് റൈറ്റിന്റെ 200 കോപ്പികളാണ് അഭിനേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ ആ 18കാരൻ വിറ്റത്. ഡെഡ് റൈറ്റിന് എഡ്​ഗർ റൈറ്റിന്റെ ഫിലിമോ​ഗ്രഫിയിൽ മറ്റൊരു പ്രാധാന്യവുമുണ്ട്. ഈ പടമാണ് എഡ്​ഗറിന്റെ മികച്ച പടങ്ങളിൽ ഒന്നായ ഹോട്ട് ഫസ്സിന്റെ മുൻ​ഗാമി.

എഡ്​ഗർ റൈറ്റിലെ എഡിറ്റിങ് സെൻസിന് ചെറുപ്പത്തിലെ വേണ്ട വെള്ളവും വളവും ലഭിച്ചിരുന്നു. ആർട്സ് കോളേജിൽ ഫിലിം കോഴ്സ് പഠിക്കാൻ പോയ എഡ്​ഗറിന് പ്രായപരിധി കാരണം ആ കോഴ്സ് എടുക്കാൻ പറ്റിയില്ല. പകരം മറ്റൊരു കോഴ്സ് എടുത്തുപഠിച്ചു- Audio Visual Design. ബോൺമൗത്ത് എന്ന തീരദേശ ടൗണിലായിരുന്നു കോളേജ്. നല്ല വെയിലുള്ള ദിവസം കുട്ടികൾ കോളേജിൽ പോകില്ല, പകരം ബീച്ചിൽ പോകും. എഡ്​ഗർ കോളേജിലെ എഡിറ്റ് സ്യൂട്ടിലേക്കും. അവധി ​ദിവസങ്ങളിൽ പോലും അതായിരുന്നു പതിവ്. സിനിമാ ക്ലിപ്പുകൾ ഇഷ്ട​ഗാനങ്ങളുമായി ചേ‍ർത്ത് വെച്ചും ഈവിൾ ഡെഡ് റീ എഡിറ്റ് ചെയ്തും ആ ഇടം അയാൾ പരമാവധി പ്രയോജനപ്പെടുത്തി. സാം റെമിയോട് തന്നെ എഡ്​ഗർ ഇക്കാര്യം പിന്നീട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ജീവനോടെ ഇല്ലായിരുന്നെങ്കിൽ ഈവിൾ ഡെഡിന്റെ തന്റേതായൊരു വേർഷൻ എഡിറ്റ് ചെയ്യുമായിരുന്നു എന്ന് ‍പറഞ്ഞ എഡ്​ഗറിനെ ഇവന് തലയ്ക്ക് നല്ല സുഖമില്ലേ എന്ന അർഥത്തിലാണ് സാം റെയ്മി അന്ന് നോക്കിയത്.

എഡിറ്റിങ് മാത്രമല്ല, എഴുത്തിലും എല്ലാം മറന്ന് മുഴുകുന്ന ആളാണ് എഡ്​ഗർ റൈറ്റ്. സിനിമയ്ക്ക് മുൻപ് കൃത്യമായ റിസർച്ച് നടത്തും. പരമാവധി പാട്ടുകൾ കേൾക്കും. ഒരു പ്ലേലിസ്റ്റ് തന്നെയുണ്ടാക്കും. കഥ നടക്കുന്ന ലോകത്തേക്കുള്ള എൻട്രി ഈ പാട്ടുകളിലൂടെയാണ്. അതുകൊണ്ടു തന്നെ എഡിറ്റിങ്ങിനുള്ള അതേ പ്രാധാന്യം എഡ്​ഗർ പടങ്ങളിൽ സൗണ്ട് ട്രാക്കിനുമുണ്ട്. ആ സിനിമകൾക്ക് റിഥം നൽകുന്നത് ഷോട്ടുകളും, വേഗതയേറിയ കട്ടുകളും സൗണ്ട് ട്രാക്കും ചേ‍ർന്നാണ്. പിന്നെ കഥാപാത്രങ്ങൾ കഥയിലേക്ക് സംഭാവന ചെയ്യുന്ന നർമവും. ഷോൺ ഓഫ് ദ ഡെഡ് മുതൽ ലാസ്റ്റ് നൈറ്റ് അറ്റ് സോഹോ വരെ അത് പ്രകടമാണ്. ഇവ ചേരുന്നതാണ് എഡ്​ഗർ റൈറ്റിന്റെ സിനിമാറ്റിക് സ്റ്റൈൽ.

എഡ്​ഗർ റൈറ്റിന്റെ ഫീച്ചർ ഫീലിമുകളുടെ തുടക്കം 2004ലെ ഷോൺ ഓഫ് ദ ഡെഡിൽ നിന്നാണ്. സുഹൃത്തായ സൈമൺ പെ​ഗ്​ഗാണ് ഇതിലെ നായകൻ. ഈ സിനിമയെ ഏത് കള്ളിയിൽ പെടുത്തണം എന്ന് അറിയില്ല. ഹൊറർ കോമഡി സോമ്പി പടം എന്ന് സിനിമയിലെ കഥാപാത്രങ്ങൾ കേൾക്കാതെ പറയാം. കാരണം സോമ്പി എന്ന് പറയുന്നത് അവർക്ക് ഇഷ്ടമല്ല. അടിമുടി കോമഡി നിറഞ്ഞു നിൽക്കുന്നിടത്തു നിന്നാണ് എഡ്​ഗർ പടത്തിലേക്ക് ഇമോഷണൽ ഡ്രാമ സന്നിവേശിപ്പിക്കുന്നത്. തമാശയിലൂടെ കഥാപാത്രങ്ങളെ നമ്മളുമായി അടുപ്പിക്കുന്നു, പിന്നെ അവരുടെ അവസ്ഥയിൽ പരിതപിപ്പിക്കുന്നു, ഇടയ്ക്ക് ചെറുതായി ഒന്ന് കരയിപ്പിക്കുന്നു.

ഈ സിനിമയിൽ ഒരു സ്ട്രോബെറി കോർനെറ്റോ ഐസ്ക്രീം കടന്നുവരുന്നുണ്ട്. ഷോൺ എന്ന മുഖ്യകഥാപാത്രം കൂട്ടുകാരന് ഹാങ്ഓവർ മാറാൻ ഐസ്ക്രീം വാങ്ങി വരുന്ന രം​ഗം ഐക്കോണിക്കാണ്. സിനിമ ഹിറ്റായതോടെ ഐസ്ക്രീം കമ്പനി ഒരു ബോക്സിൽ പല ഫ്ലേവറുകളിലുള്ള കോർനെറ്റോ ഐസ്ക്രീമുകൾ എഡ്​ഗറിന് സമ്മാനിച്ചു. എന്നാ പിന്നെ കോർനെറ്റോ വരുന്ന രണ്ട് മൂന്ന് പടം കൂടി പിടിച്ചേക്കാമെന്ന തമാശയിൽ നിന്നാണ് ത്രീ ഫ്ലേവേഴ്സ് കോർനെറ്റോ ട്രിലജി പിറവിയെടുക്കുന്നത്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ത്രീ കളേഴ്സ് ട്രിലജി'യുടെ എഡ്​ഗർ റൈറ്റ് വേർഷൻ.

ഈ ട്രിലജിയിലെ ഓരോ സിനിമയിലും വ്യത്യസ്തമായ കോർനെറ്റോ നിറം കാണാം. അതാണ് സിനിമയുടെ ഫ്ലേവർ, അതായത് ഴോണർ. ഷോൺ ഓഫ് ദ ഡെഡിൽ സ്ട്രോബെറിയാണെങ്കിൽ, ഈ ട്രിലോജിയിലെ രണ്ടാം ചിത്രമായ ഹോട്ട് ഫസ്സിൽ ബ്ലൂ നിറത്തിലുള്ള ഒറിജിനൽ ഫ്ലേവർ കോർനെറ്റോ ആണ് കടന്നുവരുന്നത്. മൂന്നാം ചിത്രമായ ദ വേൾഡ്സ് എൻഡിൽ മിന്റ് ചോക്കളേറ്റിന്റെ ​ഗ്രീനും. മൂന്ന് സിനിമയും മൂന്ന് വിധം!

ഷോൺ ഓഫ് ദ ഡെഡ് എന്ന ഒറ്റ സിനിമയിൽ നിന്ന് തന്നെ നമുക്ക് എഡ്​ഗർ എന്ന സംവിധായകന്റെ വിഷ്വൽ സ്റ്റൈൽ മനസിലാക്കാം. ഫാസ്റ്റ് കട്ടുകൾ, പെട്ടെന്ന് വന്നുപോകുന്ന മൊണ്ടാഷുകൾ....സൗണ്ട് എഫക്ടിനും മ്യൂസിക്കിന്റെ ബീറ്റിനും ഒപ്പിച്ചാണ് ഓരോ കട്ടും. സീനുകൾക്കിടയിലെ മാച്ച് കട്ടുകളും, വൈപ്പുകളും സ്വൈപ്പുകളും ചേർന്ന് ഒരു കോമിക് ബുക്കിലെ താളുകൾ മറിക്കുന്ന ഫീൽ പടങ്ങൾക്ക് നൽകുന്നു. 2010ൽ ഇറങ്ങിയ സ്കോട്ട് പിൽ​ഗ്രിം ആൻഡ് ദ വേൾഡ് എന്ന റോമാന്റിക്-ആക്ഷൻ-കോമഡി-ഫാന്റസി പടത്തിലാണ് ഇത് അധികമായി ഉപയോ​ഗിച്ചത്.

2017ൽ ഇറങ്ങിയ എഡ്​ഗർ റൈറ്റിന്റെ ഹീസ്റ്റ് മൂവി ബേബി ഡ്രൈവർ, സൗണ്ട് എങ്ങനെ ഒരു പടത്തിൽ ഉപയോ​ഗിക്കണം എന്നതിന്റെ ട്യൂട്ടോറിയലാണ്. ഈ സിനിമ സം​ഗീതത്തിന് ഒപ്പിച്ചാണ് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്. ടിനിറ്റസ് ബാധിച്ച ഒരു ​ഗെറ്റെവേ ഡ്രൈവറാണ് കഥാനായകൻ. അയാളുടെ വേദന ശമിപ്പിക്കുന്നതും വേ​ഗം ഇരട്ടിപ്പിക്കുന്നതും ചെവിയിലേക്ക് ഐപ്പോഡിലൂടെ ഇരച്ചെത്തുന്ന സം​ഗീതമാണ്. ഇത് കേവലം മേക്കിങ് സ്റ്റൈലിന്റെ ഭാ​ഗം മാത്രമല്ല. കഥപറച്ചിലിന്റെ കൂടെ ഭാ​ഗമാണ്. ബേബി എന്ന കഥാപാത്രത്തെ പൂർത്തിയാക്കുന്നത് ആ ഐപ്പോഡിലെ പ്ലേലിസ്റ്റ് കൂടിയാണ്. അയാളുടെ മൂഡ് അനുസരിച്ച് പാട്ട് മാറും. അത് നേരെ തിരിച്ചും പറയാം. 30ന് മുകളിൽ പാട്ടുകൾ ഈ പടത്തിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ഡയലോ​ഗുകളും കട്ടുകളും ഷോട്ടുകളും അവയുടെ ബീറ്റിനൊത്താണ് എഡ്​ഗർ ക്രമീകരിച്ചിരിക്കുന്നത്.

ലാസ്റ്റ് നൈറ്റ് ഇൻ സോഹോ എന്ന ചിത്രത്തിലേക്ക് വരുമ്പോഴും മ്യൂസിക്ക് ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണാം. പക്ഷേ ഇവിടെ ലണ്ടൻ ന​ഗരത്തിലേക്ക് വലിയ സ്വപ്നങ്ങളുമായി എത്തുന്ന ഒരു പെൺകുട്ടിയാണുള്ളത്. അവളുടെ ഉള്ളിലും പുറത്തുമുളള ഹോററുകളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. '​ഗുഡ് ഓൾഡ് ഡേയ്സ്' എന്ന പറച്ചിലിനെയാണ് ഈ പടത്തിൽ എഡ്​ഗർ ഭയപ്പെടാനുള്ള വകയാക്കുന്നത്. ഭൂതകാലം കുളി‍ർ മാത്രമല്ല പനിയും വരുത്തും. എഡ്​ഗർ ചിത്രങ്ങളിൽ തമാശ തീരെയില്ലാത്ത പടം എന്ന് വിളിക്കാവുന്നത് ഈ ചിത്രത്തെ മാത്രമാണ്. പൊളൻസ്കിയുടെ റിപ്പൾഷൻ മുതൽ കൂബ്രിക്കിന്റെ ഷൈനിങ് വരെയുള്ള പടങ്ങളുടെ സ്വാധീനം ഈ സൈക്കോളജിക്കൽ ഹൊററിൽ കാണാം.

എഡ്​ഗർ റൈറ്റിന്റെ സിനിമകളെപ്പറ്റി പറയുമ്പോൾ അയാൾക്ക് എടുക്കാൻ പറ്റാതെ പോയ ഒരു പടത്തെപ്പറ്റിയും പറയണം. ആന്റ് മാൻ. സിനിമാറ്റിക് യൂണിവേഴ്സിനെപ്പറ്റി മാർവൽ ആലോചിക്കും മുൻപാണ് ആന്റ് മാന്റെ ഐഡിയുമായി എഡ്​ഗർ അവരെ സമീപിക്കുന്നത്. ഏകദേശം പത്ത് വ‍ർഷത്തോളം സ്ക്രിപ്റ്റ് എഴുത്തും മറ്റ് പ്രീ പ്രൊഡക്ഷൻ പരിപാടികളും നടന്നു. അപ്പോഴാണ് മാർവൽ എംസിയുവിലേക്ക് ചുരുങ്ങിയത്. പതിയെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെുത്തു. മാർവലിന് വേണ്ടത് എഡ്​ഗറിന്റെ പങ്ക് റോക്ക് സൈ ഫൈ മൂഡിലുള്ള പടമായിരുന്നില്ല. പടം ഡ്രോപ്പായി. ഇതിനോട് എഡ്​ഗർ പ്രതികരിച്ചതും തനത് ശൈലിയിലാണ്. ഒരു എക്സ് പോസ്റ്റ്. കോർനെറ്റോ ഐസ്ക്രീം ബാറുമായി നിൽക്കുന്ന ബസ്റ്റർ കീറ്റണിന്റെ ഒരു ഫോട്ടോയും സെൽഫി എന്നൊരു ക്യാപ്ഷനും. എംജിഎമ്മുമായി കരാർ ഒപ്പിട്ടതോടെ തന്റെ സ്വന്തം സ്റ്റുഡിയോയും സ്വാതന്ത്ര്യവും കൈവിടേണ്ടിവന്നുവെന്ന കീറ്റണിന്റെ വാക്കുകൾ ആ ഫോട്ടോ ഉറക്കെപ്പറയുന്നുണ്ടായിരുന്നു. എന്നാൽ എഡ്​ഗറിന്റെ പ്രതികരണത്തിൽ നിരാശയുണ്ടായിരുന്നില്ല. അയാളുടെ ധൈര്യം അയാളുടെ സിനിമകളായിരുന്നു.

എഡ്​ഗർ റൈറ്റ് എന്ന സംവിധായകന് ജീവിതം ഇങ്ങനെ പല കഷണങ്ങളായി ചിതറിക്കിടക്കുന്ന ഷോട്ടുകളും മ്യൂസിക്ക് ബീറ്റുകളുമാണ്. അവയെല്ലാം പെറുക്കി കൂട്ടി അയാൾ തന്റെ ആ പഴയ എഡിറ്റിങ് സ്യൂട്ടിലേക്ക് കടക്കും. അവിടെവച്ച് അയാൾ ഈ കഷണങ്ങളിൽ നിന്ന് ഒരു കഥയുണ്ടാക്കും. കൊച്ചു കുട്ടികൾ അക്ഷരങ്ങളിൽ നിന്ന് വാക്കും വാക്കിൽ നിന്ന് വരിയും വരിയിൽ നിന്ന് വലിയ വലിയ കഥകളും മെനയുന്ന പോലെ. അവയിൽ സത്യത്തേക്കാൾ ഭാവനയാകും അധികം. ഒടുവിൽ ആ കഥ അയാൾ പറഞ്ഞ് പൂർത്തിയാക്കി ക്രെഡിറ്റ് റോൾ വന്നുകഴിയുമ്പോഴാകും നമുക്ക് മനസിലാകുക. അയാൾ സിനിമയെടുക്കുകയല്ല...ഇഷ്ട ​ഗാനത്തിന്റെ ബീറ്റിനൊത്ത്, ജീവിതം റീമിക്സ് ചെയ്യുകയാണ്.

SCROLL FOR NEXT