
അയാൾ ഒരു സിനിമാക്കാരൻ ആണോ? അതോ കവിയോ? ഇങ്ങനെയൊരു സംശയം തൊന്നാൻ കാരണമുണ്ട്. അയാൾ നിശബ്ദതയിലാണ് അർഥം തിരിഞ്ഞത്. നിഴലിലാണ് കഥകൾ പരതിയത്. ചെറുപുഞ്ചിരികളിലാണ് സത്യം കണ്ടെത്തിയത്. ലോകം അയാളെ ഷായിർ-ഇ സിനിമ എന്ന് വിളിച്ചു. സിനിമയുടെ കവി, അബ്ബാസ് കിരോസ്താമി.
1940 ജൂൺ 22ന് ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലാണ് അബ്ബാസ് കിരോസ്താമിയുടെ ജനനം. നന്നെ ചെറുപ്പം മുതലേ കിരോസ്താമി കലാപരമായ അഭിരുചികൾ പ്രകടിപ്പിച്ചിരുന്നു. പെയിന്റിങ്ങിനോടായിരുന്ന ആദ്യം താൽപ്പര്യം. ഈ താൽപ്പര്യം കിരോസ്താമിയെ തെഹ്‌റാനിലെ ഫൈൻ ആർട്‌സ് സർവകലാശാലയിലെത്തിച്ചു. പെയിന്റിങ്ങും ഗ്രാഫിക് ഡിസൈനിങ്ങുമായിരുന്നു പഠന വിഷയങ്ങൾ.
1970കളാണ് കിരോസ്താമിയിലെ സിനിമാക്കാരന്റെ കാഴ്ചപ്പാടുകളെ വികസിപ്പിച്ചത്. ഇറാനിയൻ നവ തരംഗം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന സമയമായിരുന്നുവത്. 65 മുതൽ ഇറാനിൽ സജീവമായിരുന്ന 'കാനൂൻ' എന്ന് അറിയപ്പെടുന്ന ഇന്റലെക്ച്വൽ ഡെവലപ്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് യങ് അഡൾട്ട്സ് എന്ന സ്ഥാപനത്തിൽ അദ്ദേഹം ആകൃഷ്ടനാകുന്നത് ഈ കാലത്താണ്. ഇറാനിയൻ കുട്ടികൾക്കായി ആനിമേറ്റഡ്, ലൈവ് ആക്ഷൻ പുസ്തകങ്ങളും, ഓഡിയോടേപ്പുകളും, സിനിമകളും നിർമിക്കുന്നതിലാണ് കാനൂൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. കാനൂനിന് മുൻപ് രാജ്യത്തെ മിക്ക കുട്ടികൾക്കും വായിക്കാനായി ലഭിച്ചുകൊണ്ടിരുന്നത് പാശ്ചാത്യ ക്ലാസിക്കുകളുടെ ഫാർസി വിവർത്തനങ്ങളായിരുന്നു. കാനൂൻ ഇത് മാറ്റിയെടുത്തു. ഇറാനിയൻ ഇടതുപക്ഷത്തിന്റെ പ്രതാപകാലം മുതൽ വിപ്ലവം വരെയുള്ള കഥകളും ഇറാനിയൻ ഇതിഹാസങ്ങളും കാനൂൻ കുട്ടികളിലേക്ക് എത്തിച്ചു. ഒപ്പം അബ്ബാസ് കിരോസ്താമി, അമീർ നാദേരി എന്നിങ്ങനെയുള്ളവരിലൂടെ ഇറാനിയൻ സിനിമയിലെ നവതരംഗത്തിന്റെ ഈറ്റില്ലവുമായി.
കാനൂനിൽ കുട്ടികളുടെ പുസ്തകങ്ങൾ ഇലസ്ട്രേറ്റ് ചെയ്തും സിനിമകളുടെ ക്രെഡിറ്റ് സീക്വൻസുകൾ ഡിസൈൻ ചെയ്തുമാണ് അബ്ബാസ് കിരോസ്താമി കരിയർ ആരംഭിച്ചത്. കാനൂനിന്റെ തന്നെ പിന്തുണയോടെയാണ് അബ്ബാസ് കിരോസ്താമി തന്റെ ആദ്യ ഷോർട്ട് ഫിലിം നിർമിച്ചതും. 1970ൽ ഇറങ്ങിയ 11 മിനിറ്റ് ദൈർഘ്യമുള്ള 'ദി ബ്രെഡ് ആൻഡ് ആലി'. ചെറിയ ഒരു കുട്ടിയും ഒരു നായയുമായിരുന്നു അഭിനേതാക്കൾ. വീട്ടിലേക്ക് ബ്രെഡുമായി വരുന്ന കുട്ടി ഇടവഴിയിൽ ഒരു പട്ടിയെ കണ്ട് പേടിച്ചു നിൽക്കുന്നു. പിന്നെ ആ പേടിയോടെ പതിയെ മുന്നിലേക്ക് നടക്കുന്നു. എപ്പോഴോ ആ ഭയം മാറുന്നു. കുട്ടിക്കാലത്തു നമ്മളൊക്കെ കടന്നുപോയ ഒരു സന്ദർഭം. എന്നാൽ, ഈ നിയോറിയലിസ്റ്റിക്ക് ഹ്രസ്വചിത്രം അക്കാലത്ത് ഇറാനിൽ നിലനിന്നിരുന്ന ആവിഷ്കാര രീതികളിൽ നിന്നുള്ള വ്യതിയാനമായിരുന്നു. ഈ ആശയം കിരോസ്താമിയുടെ പിൽക്കാല സിനിമകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു.
വൈകാതെ തന്നെ കിരോസ്താമി തന്റെ ആദ്യ ഫീച്ചർ സംവിധാനം ചെയ്തു. 1974ൽ റിലീസ് ആയ 'ദ ട്രാവലർ'. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ട്രാവലർ എന്ന കമിങ് ഓഫ് ഏജ് ഡ്രാമ കണക്കാക്കപ്പെടുന്നത്. എങ്ങനെയും തെഹ്റാനിൽ നടക്കുന്ന ഫുട്ബോൾ മാച്ച് കാണണം, അതാണ് സിനിമയിലെ ഖാസിമിന്റെ ലക്ഷ്യം. അതിനായി പണം കണ്ടെത്താൻ അവൻ ചങ്ങാതിയെയും ഒപ്പം കൂട്ടി ഇറങ്ങുന്നു. സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിക്കുന്നു, നിരുപദ്രവകരമായ ചില പറ്റിക്കലുകൾ നടത്തുന്നു...ബാല സാഹസങ്ങളുടെ നിഷ്കളങ്കമായ ആവിഷ്കാരമായിരുന്നു ട്രാവലർ. അബ്ബാസ് കിരോസ്താമി എന്ന സംവിധായകന്റെ ചലച്ചിത്ര ഭാഷ എന്തെന്ന സൂചനയും.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം സെൻസർഷിപ്പിൽ പ്രതിഷേധിച്ച് നിരവധി ചലച്ചിത്ര നിർമ്മാതാക്കളും കലാകാരന്മാരും രാജ്യം വിട്ടുപോയപ്പോഴും കിരോസ്താമി ഇറാനിൽ തുടർന്നു. തന്റെ സർഗാത്മകതയുടെ ഉറവ ഇറാനിലാണെന്നും തന്റെ വേരുകൾ തെഹ്‌റാനിലാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വിപ്ലവം കിരോസ്താമിയുടെ കലയിൽ ഒരു സ്വാധീനവും ചെലുത്തിയില്ല. തന്റെ സിനിമകളെ അദ്ദേഹം വിപ്ലവാനന്തര സിനിമാ പ്രസ്ഥാനത്തിന്റെ ഭാഗമായും കണ്ടില്ല. മറിച്ച് തന്നെ ചുറ്റിപ്പറ്റിയുള്ള യാഥാർത്ഥ്യത്തോട് അടുക്കാൻ ശ്രമിച്ചു. ഇറാനിയൻ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു. മനുഷ്യരിലേക്ക് അടുത്തു.
തീവ്രമതവാദികൾ കടന്നാക്രമിച്ചിട്ടും ഭരണകൂടം കിരോസ്താമിയെ പരോക്ഷമായി പിന്തുണച്ചിരുന്നു. കാരണം ആ സംവിധായകൻ ഇറാന് നേടിത്തരുന്ന പേര് അവർക്ക് പ്രധാനമായിരുന്നു. പക്ഷേ കലയെ കലാപമായി കണ്ടവരും ഇസ്ലാമിക വിപ്ലവത്തെ പ്രകീർത്തിച്ചവരും കിരോസ്താമിയുടെ നിലപാടുകൾക്ക് ഒരു പോലെയിട്ട പേര് 'ഒളിച്ചോട്ടം' എന്നായിരുന്നു. എന്നാൽ ഇതിനൊക്കെയിടയിലും അദ്ദേഹം തന്റേതായ ഒരു മിനിമലിസ്റ്റിക് കഥപറച്ചിൽ ശൈലി വികസിപ്പിച്ചെടുത്തു.
80കളും 90കളുമാണ് കിരോസ്താമിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം. അദ്ദേഹത്തിനൊപ്പം ഒരു കുട്ടിയുടെ കണ്ണിലൂടെ കാണികൾ ചുറ്റുമുള്ള ലോകത്തെ കണ്ടു. Where Is the Friend’s House? (1987), And Life Goes On… (1992), Through the Olive Trees (1994) എന്നീ ചിത്രങ്ങൾ ഉൾപ്പെടുന്ന കോക്കേർ ത്രയത്തിലൂടെ നിഷ്കളങ്കമായ ബാല്യം മുന്നോട്ട് വയ്ക്കുന്ന ചില കനപ്പെട്ട ചിന്തകൾ അദ്ദേഹം പങ്കുവെച്ചു. നിസാരമായവയെ ആഴമെറിയതാക്കുന്ന കിരോസ്താമി മാജിക്ക് ആയിരുന്നു, 87ൽ ഇറങ്ങിയ Where Is the Friend’s House? ജീവിതത്തിൽ ഒരിക്കലെങ്കിലും ആരെങ്കിലുമായി നിങ്ങൾ സൗഹൃദത്തിലായിട്ടുണ്ടെങ്കിൽ ഈ സിനിമ നിങ്ങളെ ബാധിക്കും.
അബ്ബാസ് കിരോസ്താമിയുടെ സിനിമാ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് 1990ൽ ഇറാനിലുണ്ടായ ഭൂകമ്പമാണ്. കാസ്പിയൻ കടലിനടുത്തുണ്ടായ ഈ ഭൂകമ്പത്തിൽ ഏകദേശം 50,000 പേരാണ് കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇറാനിലെ ജീവിതങ്ങൾ താറുമാറായി. ഈ ദുരന്തത്തിന് പിന്നാലെ കിരോസ്താമി തന്റെ മുൻ ചിത്രമായ "Where Is the Friend’s House?" ൽ അഭിനയിച്ച ബാലതാരങ്ങളെ കാണാനായി കോക്കേറിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പോയി. ഈ അനുഭവമാണ് "And Life Goes On" എന്ന സിനിമയ്ക്ക് പ്രചോദനമായത്. ഒരു സംവിധായകനും മകനും ഭൂകമ്പബാധിത പ്രദേശത്തിലൂടെ നടത്തുന്ന യാത്രയാണ് "And Life Goes On". വിധിയോട് പൊരുതി നിൽക്കുന്ന ഒരു ജനതയെ അവരവിടെ കാണുന്നു. ജീവിതത്തെ മുന്നിൽ നിർത്തി ഫിക്ഷനേയും ഡോക്യുമെന്ററിയേയും സംയോജിപ്പിക്കാനുള്ള ശ്രമമായിരുന്നു ഈ സിനിമ.
"Through the Olive Trees"ലും കഥ നടക്കുന്നത് ഭൂകമ്പ ബാധിത പ്രദേശത്താണ്. "And Life Goes On" എന്ന സിനിമയുടെ ബിഹൈൻഡ് ദ സീൻസാണ് ഈ സിനിമയുടെ കഥയാകുന്നത്. സിനിമ ഷൂട്ട് ചെയ്യാനായി കോക്കേറിലെത്തുന്ന സംവിധായകൻ. അയാളുടെ സംഘം അവിടെ നിന്ന് അഭിനേതാക്കളെ കണ്ടെത്തുന്നു. എന്നാൽ ആ ഷൂട്ടിങ് അത്ര സുഖകരമായിരുന്നില്ല. നായകനായി ആദ്യം എത്തുന്ന ആൾ സ്ത്രീകൾക്ക് മുന്നിൽ ഡയലോഗ് പറയാൻ ബുദ്ധിമുട്ടി. സംവിധായകൻ ആ കഥാപാത്രത്തിന് പകരക്കാരനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പകരക്കാരനായി എത്തുന്നത് ഹൊസൈൻ എന്ന തൊഴിൽരഹിതനായ മേസ്തിരിയാണ്. എന്നാൽ, ഹൊസൈനും നായിക, താഹിറയും പരസ്പരം കാണുന്നിടത്ത് വീണ്ടും സംഘർഷങ്ങൾ ആരംഭിക്കുന്നു. തന്റെ മുൻ സിനിമയിലെ കഥാപാത്രങ്ങൾക്ക്, അല്ല അഭിനേതാക്കൾക്ക് ഒരു ഫ്ലാഷ്ബാക്ക് കൊടുക്കുകയാണ് ഇവിടെ കിരോസ്താമി. ഇത്തരത്തിൽ ഒലിവ് ട്രീസിലൂടെ യാഥാർഥ്യത്തെ മറയ്ക്കുന്ന കൃത്രിമ പാളികൾ ഓരോന്നായി കിരോസ്താമി അടർത്തിമാറ്റി. സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള രസതന്ത്രത്തെപ്പറ്റിയുള്ള കിരോസ്താമിയുടെ അന്വേഷണമായിരുന്നു ഈ സിനിമ.
1990ൽ ക്ലോസ് അപ് ഇറങ്ങുമ്പോഴേക്കും ലോക സിനിമയിലെ ഇതിഹാസങ്ങളുടെ ശ്രദ്ധ കിരോസ്താമിയിലേക്ക് തിരിഞ്ഞിരുന്നു. സത്യജിത് റേയുടെ മരണത്തിൽ വിഷാദിച്ച അകിര കുറോസാവ കിരോസ്താമി സിനിമകൾ കണ്ടതിനുശേഷം, റേയുടെ സ്ഥാനത്തേക്ക് വരാൻ പറ്റിയ ആളെ നമുക്ക് സമ്മാനിച്ച ദൈവത്തിന് നന്ദി പറഞ്ഞു. സിനിമ ഗ്രിഫിത്തിൽ തുടങ്ങി അബ്ബാസ് കിരോസ്താമിയിൽ അവസാനിക്കുന്നു എന്നായിരുന്നു ഗൊദാർദിന്റെ കമന്റ്. അത് നീതീകരിക്കുന്ന സിനിമയായിരുന്നു ക്ലോസ് അപ്. ക്ലോസ് അപ്പില്‍ നമ്മൾ കാണുന്നത് സത്യത്തിൽ നിന്ന് യാഥാർത്ഥ്യത്തെ സർജിക്കൽ പ്രിസിഷനോടെ വേർതിരിക്കുന്ന കിരോസ്താമിയെയാണ്. പ്രശസ്ത ഇറാനിയൻ സംവിധായകൻ മൊഹ്‌സെൻ മഖ്മൽബഫ് ആണ് താൻ എന്ന് ഒരു കുടുംബത്തെ വിശ്വസിപ്പിക്കുന്ന ഹൊസൈൻ സബ്‌സിയാൻ എന്ന വ്യക്തിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഹൊസൈൻ അവരെ പറ്റിക്കുകയായിരുന്നോ? അതിനുത്തരം ആ സിനിമയിലുണ്ട്. തന്റെ എല്ലാ സിനിമകളും പോലെ മാനവികതയുടെ ചട്ടക്കൂടിലാണ് കിരോസ്താമി ഹൊസൈന്റെ കഥയും പണിതുയർത്തിയത്.
1997ൽ "ടേസ്റ്റ് ഓഫ് ചെറി"യിലൂടെ കിരോസ്താമി പാം ഡിയോർ പുരസ്കാരത്തിന് അർഹനായി. ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയ ഒരു മനുഷ്യൻ തന്നെ സംസ്കരിക്കാൻ ആളെ തിരയുന്നതായിരുന്നു സിനിമയുടെ ഉള്ളടക്കം. മതപരമായി സിനിമ എതിർക്കപ്പെട്ടു. ഫലമോ സെൻസറിന്റെ കടമ്പ കടന്ന് ഇറാനിലേക്ക് അന്താരാഷ്ട്ര പുരസ്കാരവുമായി എത്തിയ കിരോസ്താമിക്ക് വിമാനത്താവളത്തിന്റെ പിൻവഴിലൂടെ പുറത്തിറങ്ങേണ്ടി വന്നു. കാരണം വിദേശ അംഗീകാരത്തിൽ രോഷാകുലരായ തീവ്രപക്ഷക്കാർ അറൈവൽ ഹാളിൽ കിരോസ്താമിയുടെ വരവ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ആ ഫിലിംമേക്കറെ തളർത്തിയില്ല. അയാൾ അവസാനം വരെ സിനിമയെടുത്തു.
കിരോസ്താമിയുടെ അവസാന ചിത്രമായ 24 ഫ്രെയിംസ് (2017) അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് കിരോസ്താമിയാണ് പൂർത്തിയാക്കിയത്. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ക്യാൻസർ ബാധിച്ച കിരോസ്താമി ആശുപത്രി കിടക്കയിൽ കിടന്നാണ് ചിത്രം എഡിറ്റ് ചെയ്തത്. 24 നിശ്ചല ചിത്രങ്ങളെ നാലര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളാക്കി സമയത്തെയും ചലനത്തെയും ഒരു ധ്യാനാത്മക മുഹൂർത്തത്തിൽ അദ്ദേഹം കുരുക്കിയിട്ടു. തന്റെ ജീവിതത്തിന് അടിക്കുറിപ്പെഴുതാൻ പറ്റിയ പേരും നൽകി, 24 ഫ്രെയിംസ്.
പേർഷ്യൻ കവിതയിൽ നിന്നും സൂഫി തത്ത്വചിന്തയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അബ്ബാസ് കിരോസ്താമി തന്റെ സിനിമകൾ നിർമിച്ചത്. "Where Is the Friend's House?" എന്ന പേര് സൊഹ്‌റാബ് സെപെഹ്‌രിയുടെ ഒരു കവിതയിൽ നിന്നാണുണ്ടായത്. "The wind will carry us"ൽ ഫറോഖ്‌സാദിന്റെ അതേ പേരിലുള്ള കവിതയിലെ വരികൾ കാണാം. കവിതകളോടുള്ള തന്റെ ഭ്രമത്തെപ്പറ്റി ഒരിക്കൽ കിരോസ്താമി പറഞ്ഞിട്ടുണ്ട്. കിരോസ്താമിയുടെ വീട്ടിലെ ലൈബ്രറിയിൽ നോവലുകളുടെയും കഥകളുടെയും പുസ്തകങ്ങൾ പുതുക്കം മാറാത്തവയാണ്. കാരണം അവ ഒരിക്കൽ വായിച്ച ശേഷം അദ്ദേഹം മാറ്റിവയ്ക്കും. പക്ഷെ കവിതാ പുസ്തകങ്ങൾ അങ്ങനെയല്ല, വീണ്ടും വീണ്ടും വായിച്ച് പഴകിയവയാണവ. ഈ പുസ്തകങ്ങളുമായുള്ള സഹവാസമായിരിക്കാം അദ്ദേഹത്തിന്റെ സിനിമകൾക്ക് കവിതയുടെ ഒഴുക്ക് സമ്മാനിച്ചത്.
കുട്ടികളുടെയും സാധാരണക്കാരുടെയും കണ്ണിലൂടെ കിരോസ്താമിയുടെ സിനിമകൾ അസ്തിത്വപരവും ധാർമികവുമായ ചോദ്യങ്ങൾ ചോദിച്ചു. ഫ്രെയിമിങ്ങും, സൗണ്ട് ഡിസൈനിങ്ങും ഒക്കെ അദ്ദേഹത്തിന് അതിനുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു. കാലത്തെ അതിജീവിക്കുന്നത് കാവ്യാത്മകമായ സിനിമകളാണെന്നും, വെറും കഥപറച്ചിലിലൂടെ മാത്രം സിനിമ നിലനിൽക്കില്ലെന്നും കിരോസ്താമി ഉറപ്പിച്ച് പറഞ്ഞു.
സത്യം മനസിലാക്കാനുള്ള ഏറ്റവും നല്ല മാർഗം നുണ പറയുകയാണെന്ന് കിരോസ്താമി വിശ്വസിച്ചു. ആ ചെറിയ നുണയുടെ പേര് സിനിമ എന്നായിരുന്നു. സിനിമകളിലൂടെ അദ്ദേഹം വീട്ടിലേക്കുള്ള വഴി തിരഞ്ഞു. ആ പോക്കിൽ, 'രക്തദാഹിയായ ഇറാൻ' എന്ന സ്റ്റീരിയോടൈപ്പിനെ അട്ടിമറിച്ചു. ഇറാനെ അടിച്ചമർത്തുന്ന മതഭരണത്തിലേക്ക് ലോകം ക്യാമറ തിരിച്ചപ്പോൾ കിരോസ്താമിയുടെ ഫോക്കസ് മറ്റൊരിടത്തായിരുന്നു. ലോകത്തെ മറ്റെല്ലാ ഇടങ്ങളിലും എന്ന പോലെ തന്റെ രാജ്യവും നിഷ്കളങ്കരായ മനുഷ്യരാൽ സമ്പന്നമാണെന്ന് ഈ സിനിമാക്കാരൻ ലോകത്തെ തട്ടിയുണർത്തി അറിയിച്ചു. തെളിവ് ആവശ്യപ്പെടുന്നവർക്ക് മുന്നിൽ, തന്റെ കൂട്ടുകാരന്റെ വീടന്വേഷിച്ച് ഓടുന്ന ആ ബാലനെ ചൂണ്ടി കിരോസ്താമി ഉറക്കെ പറഞ്ഞു, ഇതും ഇറാനാണ്.