ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ പുട്ടപർത്തിയിൽ നിന്നും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്ക് സഞ്ചരിക്കവെ നടൻ വിജയ് ദേവരകൊണ്ട കഴിഞ്ഞ ദിവസമാണ് അപകടത്തിൽപെട്ടത്. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാത 44ൽ വെച്ചാണ് പിന്നിൽ നിന്നെത്തിയ മറ്റൊരു കാർ സൂപ്പർതാരം സഞ്ചരിച്ച കാറിൽ ഇടിച്ചത്.
ലെക്സസ് എൽഎം350എച്ച് എന്ന വിജയ്‌യുടെ കാറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന മറ്റേ കാർ നിർത്താതെ പോയെന്നാണ് പരാതി. പിന്നാലെ വിജയ് ദേവരകൊണ്ടയുടെ ഡ്രൈവറുടെ പരാതിയിൽ ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നടന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്നലെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒക്ടോബർ 3ന് രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നിരുന്നു. 2026 ഫെബ്രുവരിയിൽ താര ജോഡികൾ വിവാഹിതരാകാൻ പോവുകയാണ്. ഇതിന് ശേഷം ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ വിജയ് പുട്ടപർത്തിയിലെ സത്യസായി ബാബയുടെ ആത്മീയ കേന്ദ്രമായ പ്രശാന്തി നിലയം സന്ദർശിച്ചിരുന്നു. ഇവിടെ നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
"ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. കാറിന് ആക്സിഡൻ്റ് ഉണ്ടായിരുന്നു, ഞങ്ങളെല്ലാം സുരക്ഷിതരാണ്. സ്ട്രെങ്ത് വർക്കൗട്ടും ചെയ്ത് ഇപ്പോൾ വീട്ടിൽ എത്തിയതേയുള്ളൂ. തലയ്ക്ക് ചെറിയൊരു വേദനയുണ്ട്, പക്ഷേ ഹൈദരാബാദി ബിരിയാണിക്കും ഉറക്കത്തിനും പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും എനിക്കില്ല. നിങ്ങൾക്ക് എല്ലാവർക്കും എൻ്റെ സ്നേഹവും ഹഗ്ഗും ഇരിക്കട്ടെ. അപകട വാർത്ത നിങ്ങളെ വിഷമിപ്പിക്കാതിരിക്കട്ടെ," വിജയ് എക്സിൽ കുറിച്ചു.