നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന മാനേജരുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവാകും. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻ കുമാറിന്റെ കൈ പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വിപിൻ കുമാറിന്റെ കൈയിൽ മർദനത്തിന്റെ പാടുകളുമുണ്ട്. ഫെഫ്കയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ വിപിൻ കുമാർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കരിയർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ഉണ്ണിയുടെ വാദം അപ്രസക്തമായിരിക്കുകയാണ്. ശരീരത്തിന് നേരെയുള്ള കയ്യേറ്റം മർദനമായി കണക്കാക്കിയായിരിക്കും ഫെഫ്കയുടെ അന്വേഷണ റിപ്പോർട്ട്. കോടതി തീരുമാനം അറിഞ്ഞശേഷമായിരിക്കും നടനെ നോട്ടീസ് നൽകി വിളിപ്പിക്കുക. വിഷയത്തിൽ ഡിജിപിക്കും എഡിജിപിക്കും നടൻ പരാതി നൽകിയിരുന്നു.
നടനും മാനേജരും നൽകിയ പരാതികളിൽ എഎംഎംഎയും ഫെഫ്കയും അടുത്തയാഴ്ച ചർച്ച നടത്തും. പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് തന്നെ ഉണ്ണിമുകുന്ദനെതിരെ മാനേജർ വിപിൻകുമാർ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. ഫെഫ്കയുടെ പിആർ യൂണിയനിൽ അംഗമാണ് വിപിൻ കുമാർ. ഫെഫ്കയുടെ ഹിയറിങ് കമ്മിറ്റി പരാതി പരിശോധിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് ഉണ്ണി മുകുന്ദൻ താര സംഘടനയായ എഎംഎംഎയ്ക്കും പരാതി നൽകിയത്.
കഴിഞ്ഞാഴ്ച റിലീസായ ‘നരിവേട്ട’ എന്ന ടൊവിനോ തോമസ് ചിത്രത്തെ പ്രശംസിച്ച് വിപിൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഉണ്ണി മുകുന്ദൻ മർദിച്ചതെന്നാണ് വിപിൻ കുമാറിന്റെ പരാതി. വിപിൻകുമാർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കരിയർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പക്ഷം. തെളിവുകൾ സഹിതമാണ് ഉണ്ണി മുകുന്ദൻ എഎംഎംഎയ്ക്ക് ഇമെയിൽ മുഖേന പരാതി നൽകിയിട്ടുള്ളത്.
ഇരുവരുടേയും പരാതികൾ എഎംഎംഎ നേതൃത്വവും ഫെഫ്ക നേതൃത്വവും ചർച്ച ചെയ്തു. ഫെഫ്കയുടെ ഹിയറിങ് കമ്മിറ്റി നടത്തുന്ന അന്വേഷണം പൂർത്തിയായശേഷം വിശദമായ ചർച്ച നടത്താനാണ് തീരുമാനം. അടുത്തയാഴ്ച ചർച്ച നടത്തി മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിച്ചേക്കും. എന്നാൽ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെയും വിപിൻകുമാറിനെയും പങ്കെടുപ്പിക്കുന്നതിൽ തീരുമാനം ആയിട്ടില്ല.
വിപിൻകുമാർ നൽകിയ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ എടുത്ത കേസ് ഇൻഫോപാർക്ക് പൊലീസിന്റെ പരിഗണനയിലാണ്. മാനേജരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 115(2), 126(2), 296(b), 351(2), 324(4), 324(5) വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യ അപേക്ഷ നൽകിയതിനാൽ കോടതി നിർദേശം അനുസരിച്ചാകും പൊലീസിന്റെ ചോദ്യം ചെയ്യൽ.