തൃശൂർ മാടക്കത്തറ പുതുനഗർ പട്ടികജാതി ഉന്നതിയിലെ കുടിവെള്ള പദ്ധതിയെ ചൊല്ലി സിപിഐഎം-ബിജെപി തർക്കം. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉന്നതിയിൽ നേരിട്ട് എത്തുകയും കുടിവെള്ളപ്രശ്നം പരിഹരിക്കുകയും ചെയ്തതാണ് തർക്കങ്ങൾക്ക് ഇടയാക്കിയത്. ഇല്ലാത്ത പ്രശ്നത്തെ ചൊല്ലി സുരേഷ് ഗോപിയും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നാണ് പഞ്ചായത്തിന്റെ ആരോപണം.
മാടക്കത്തറ പഞ്ചായത്തിലെ മൂന്നാം വാർഡിലെ പുതുനഗർ പട്ടികജാതി ഉന്നതിയിലെ കുടിവെള്ള പദ്ധതിയെ ചൊല്ലിയാണ് തർക്കം. വാഴാനി ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് നിർമാണത്തെ തുടർന്ന് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ വിച്ഛേദിച്ചിരുന്നു. ഇതേതുടർന്ന് ഒരു മാസത്തോളം രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് ഉന്നതി നിവാസികൾക്ക് അനുഭവിക്കേണ്ടി വന്നത്. ഇക്കാര്യം പരാതിയായി അറിയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവിയുടെ ഭാഗത്തുനിന്ന് അധിക്ഷേപം നേരിടേണ്ടി വന്നതായും പരാതിക്കാർ പറയുന്നു.
പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞ് മടുത്ത ഉന്നതി നിവാസികൾ ബിജെപിയുമായി ബന്ധപ്പെടുകയും പ്രശ്നത്തിൽ സുരേഷ് ഗോപി ഇടപെടുകയും ചെയ്തു. പഞ്ചായത്ത് പരിഹരിക്കേണ്ട വിഷയത്തിൽ സുരേഷ് ഗോപി ഇടപെട്ട് മുറിച്ച് മാറ്റിയ പൈപ്പുകൾ പുനഃസ്ഥാപിച്ച് കോളനിയിൽ കുടിവെള്ളമെത്തിച്ചു. മന്ത്രി തന്നെ സ്ഥലത്ത് എത്തുകയും ഉന്നതി നിവാസികളുമായി കഴിഞ്ഞ ദിവസം കൂടികാഴ്ച നടത്തുകയും ചെയ്തതോടെയാണ് വിഷയത്തെ ചൊല്ലി തർക്കം ഉടലെടുക്കുന്നത്.
ഉന്നതി നിവാസികൾക്ക് കുടിവെള്ളം മുടങ്ങിയിട്ടില്ലെന്നും സ്ഥിരമായി വെള്ളം എത്തിച്ചിരുന്നതായുമാണ് മാടക്കത്തറ പഞ്ചായത്ത് അധികൃതർ പറയുന്നത്. റോഡ് നിർമാണത്തിനായി മുറിച്ച് മാറ്റിയ പൈപ്പുകൾ പുനഃസ്ഥാപിച്ച് കണക്ഷൻ നൽകുന്ന കാര്യത്തിലും തീരുമാനം എടുത്തു. ഇതിനിടയിൽ ബിജെപി വിഷയത്തിൽ ഇടപെട്ട് രാഷ്ട്രീയ നാടകം കളിക്കുകയാണ് ഉണ്ടായതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പട്ടികജാതി - ജനറൽ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന നിർധനരായ 35 കുടുംബങ്ങളാണ് പുതുനഗർ ഉന്നതിയിൽ താമസിക്കുന്നത്. കനത്ത മഴപെയ്യുമ്പോൾ പോലും രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് ഇതുവരെ ഇവർ നേരിട്ടിരുന്നത്. എന്നാൽ കുടിവെള്ള പ്രശ്നത്തിന് താത്കാലിക പരിഹാരമായെങ്കിലും അതേചൊല്ലിയുണ്ടായ രാഷ്ട്രീയ തർക്കങ്ങളെ ആശങ്കയോടെയാണ് ഇവർ നോക്കി കാണുന്നത്.