ജെഎസ്കെ ടെയ്ലറില്‍ നിന്ന്  Source : YouTube Screen Grab
MOVIES

നിയമപോരാട്ടത്തിനൊടുവില്‍ പ്രദര്‍ശനാനുമതി; 'ജാനകി വി'ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

യു/എ 16 സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

ജെഎസ്‌കെ വിവാദത്തില്‍ 'ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് പ്രദര്‍ശനാനുമതി. യു/എ 16 സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. കഴിഞ്ഞ ദിവസം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം വെരിഫൈ ചെയ്തിരുന്നു. തുടര്‍ന്ന് ചിത്രം അന്തിമ അനുമതിക്കായി മുംബൈയിലേക്ക് അയക്കുകയായിരുന്നു.

സിനിമയുടെ പേരില്‍ മാറ്റം വരുത്തണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തില്‍ നിന്നാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ജാനകി എന്ന പേര് മാറ്റി ജാനകി വി എന്നാക്കുകയാണ് ഉണ്ടായത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് പോലെ സിനിമിയിലെ കോടതി രംഗങ്ങളില്‍ രണ്ടിടത്ത് ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ആദ്യം 96 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. പിന്നീട് അത് സിനിമയുടെ ടൈറ്റിലിന്റെ പേര് മാറ്റണമെന്നും കോടതി രംഗത്തില്‍ പേര് മ്യൂട്ട് ചെയ്യണമെന്നുമുള്ള രണ്ട് ആവശ്യമവുകയയും അത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയും ചെയ്തു. സിനിമയില്‍ സീതാദേവിയുടെ മറ്റൊരു പേരായ 'ജാനകി' എന്ന ടൈറ്റില്‍ കഥാപാത്രം ബലാത്സംഗത്തിന് വിധേയയായിട്ടുണ്ട്. ഈ ചിത്രീകരണം സീതാദേവിയുടെ അന്തസ്സിനെയും പവിത്രതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും അതുവഴി മതവികാരങ്ങള്‍ വ്രണപെടുമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

മറ്റൊരു മതത്തില്‍പ്പെട്ട പ്രതിഭാഗം അഭിഭാഷകന്‍ പ്രധാന കഥാപാത്രത്തെ ക്രോസ് വിസ്താരം നടത്തുകയും ലൈംഗിക സുഖം വര്‍ധിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ, അശ്ലീല വീഡിയോകള്‍ കണ്ടിരുന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. 'സീതാദേവിയുടെ പേരുള്ള ഒരു കഥാപാത്രത്തോട് ഇത്തരം പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് പൊതു ക്രമസമാധാനത്തെ തകര്‍ക്കുന്നതിനും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും കാരണമാകുമെന്ന് സിബിഎഫ്‌സി പറഞ്ഞിരുന്നു.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ആണ്. കോസ്‌മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

SCROLL FOR NEXT