
സംവിധായകന്‍ ശങ്കറിന്റെ അവസാന രണ്ട് റിലീസുകളായ 'ഇന്ത്യന്‍ 2', 'ഗെയിം ചെയിഞ്ചര്‍' എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. വലിയ താരനിരയില്‍ വന്‍ ഹൈപ്പോടെ വന്ന രണ്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചില്ല. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ ശങ്കര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് ശങ്കര്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. "ഒരിക്കല്‍ എന്റെ സ്വപ്‌ന സിനിമ എന്നത് യന്തിരന്‍ ആയിരുന്നു. ഇപ്പോള്‍ എന്റെ സ്വപ്‌ന സിനിമ വേല്‍പാരിയാണ്. എന്റെ അഭിപ്രായത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാകാനുള്ള സാധ്യത ഈ സിനിമയ്ക്കുണ്ട്. സാങ്കേതിക വിദ്യയുടെ വ്യാപ്തി പരിഗണിക്കുമ്പോള്‍ ഗെയിം ഓഫ് ത്രോണ്‍സ്, അവതാര്‍ എന്നിവയ്ക്ക് സമാനമായ ആഗോള നിലവാരമുള്ള സിനിമയായിരിക്കുമിതെന്ന് ഞാന്‍ വിശ്വസിക്കുന്നു" , ശങ്കര്‍ പറഞ്ഞു.
സു വെങ്കിടേശന്റെ 'വീരയുഗ നായഗന്‍ വേല്‍ പാരി' എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വേല്‍ പാരിയെന്ന ഭരണാധികാരിയുടെ ചേര, ചോള, പാണ്ഡ്യ എന്ന തമിഴ് രാജവംശങ്ങളുമായുള്ള പോരാട്ടത്തിന്റെ കഥയാണിത്. നിലവില്‍ ചിത്രത്തിലെ അഭിനേതാക്കള്‍ ആരായാരിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ചടങ്ങില്‍ നടന്‍ രജനികാന്തും പങ്കെടുത്തിരുന്നു. 1990കളില്‍ തമിഴ് സിനിമയ്ക്ക് ശങ്കര്‍ നല്‍കിയ സംഭാവനകളെ രജനികാന്ത് പ്രശംസിച്ചു. അവരുടെ മുന്‍ സിനിമകളെ കുറിച്ച് സംസാരിക്കുകയും വേല്‍പാരിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. റോബോട്ട്, 2.0, ശിവാജി: ദി ബോസ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്.
അതേസമയം 'ഇന്ത്യന്‍ 3'യുടെ പ്രധാന ഭാഗങ്ങള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ സമയത്ത് ശങ്കര്‍ ചിത്രീകരിച്ചിരുന്നു എന്നാണ് സൂചന. പക്ഷെ 'ഇന്ത്യന്‍ 2'ന്റെ ബോക്‌സ് ഓഫീസ് പരാജയം മൂന്നാം ഭാഗത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. അതിനാല്‍ പ്രൊഡക്ഷന്‍ ടീം സിനിമയില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്.