ക്രിസ് ഇവാൻസ് സ്റ്റീവ് റോജേഴ്സായി തിരിച്ചെത്തുന്നു Source: X
MOVIES

ആരാധകരെ ശാന്തരാകൂ! ക്രിസ് ഇവാൻസ് സ്റ്റീവ് റോജേഴ്സായി തിരിച്ചെത്തുന്നു; 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ ആദ്യ ടീസർ പുറത്ത്

ടീസറിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം സ്റ്റീവ് ഒരു നവജാത ശിശുവിനെ കയ്യിലെടുത്ത് നിൽക്കുന്നതാണ്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'അവഞ്ചേഴ്സ്: ഡൂംസ് ഡേ'യുടെ ലീക്കായ ടീസറുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. 'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന ചിത്രത്തിന് മുൻപ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ടീസറുകളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. പല തരം അഭ്യൂഹങ്ങളും ഫാൻ തിയറികളും ഇതിനെ തുടർന്ന് ഉയർന്നുവന്നു തുടങ്ങി. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ ആദ്യ ടീസർ മാർവൽ സ്റ്റുഡിയോ പുറത്തുവിട്ടു. ക്രിസ് ഇവാൻസ് സ്റ്റീവ് റോജേഴ്സായി (ക്യാപ്റ്റൻ അമേരിക്ക) മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് തിരിച്ചെത്തുന്നു എന്ന് ഇതോടെ ഉറപ്പായി.

അവഞ്ചേഴ്സിനൊപ്പമുള്ള ദൗത്യം പൂർത്തിയാക്കിയ ശേഷം യുദ്ധക്കളത്തിൽ നിന്ന് പടിയിറങ്ങുന്ന സ്റ്റീവ് റോജേഴ്സിനെയാണ് നമ്മൾ അവസാന സിനിമയിൽ കണ്ടത്. ക്യാപ്റ്റൻ അമേരിക്കയുടെ പദവി സാം വിൽസണ് കൈമാറിയ സ്റ്റീവ് ഭൂതകാലത്തിൽ തന്നെ തുടരാനും പെഗ്ഗി കാർട്ടറോടൊപ്പം ഒരു ജീവിതം കെട്ടിപ്പടുക്കാനുമാണ് തീരുമാനിക്കുന്നത്. ഇതോടെ സ്റ്റീവിന്റെ കഥയ്ക്ക് വിരാമമായി എന്നാണ് കരുതിയിരുന്നത്. എന്നാൽ, 'ഡൂംസ്ഡേ'യിലും സ്റ്റീവ് റോജേഴ്സ് ഉണ്ടാകും എന്ന് പുതിയ ടീസർ ഉറപ്പിക്കുന്നു.

'അവഞ്ചേഴ്സ്' തീം സോങ്ങിന്റെ പശ്ചാത്തലത്തിൽ സ്റ്റീവ് റോജേഴ്സ് തന്റെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്ന തികച്ചും ഹൃദ്യമായ ഒരു രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. സാധാരണ കണ്ടുവരുന്നതുപോലെ ചടുലമായ ആക്ഷൻ രംഗങ്ങളിലേക്ക് നേരിട്ട് കടക്കുന്നതിന് പകരം, സ്റ്റീവിന്റെ ഓർമകൾക്കും ചിന്തകൾക്കുമാണ് ഇവിടെ മുൻഗണന നൽകിയിരിക്കുന്നത്. സ്റ്റീവ് തന്റെ പഴയ ക്യാപ്റ്റൻ അമേരിക്ക സ്യൂട്ട് പുറത്തെടുക്കുന്നതും, അത് ഗൃഹാതുരത്വത്തോടെ നോക്കി നിൽക്കുന്നതും കാണാം. തന്റെ പഴയ ജീവിതം ഉപേക്ഷിച്ചുവെങ്കിലും സ്റ്റീവ് അതൊന്നും മറന്നിട്ടില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.

ടീസറിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം സ്റ്റീവ് ഒരു നവജാത ശിശുവിനെ കയ്യിലെടുത്ത് നിൽക്കുന്നതാണ്. 'അവഞ്ചേഴ്സ്: എൻഡ് ഗെയിമി'ലെ സംഭവങ്ങൾക്ക് ശേഷം സ്റ്റീവ് മറ്റൊരു ജീവിതവഴിയാണ് തെരഞ്ഞെടുത്തത് എന്ന ആശയത്തെ ഈ ഷോട്ട് അടിവരയിടുന്നു. 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യിലൂടെ സ്റ്റീവ് റോജേഴ്സ് തിരിച്ചെത്തുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ടീസർ അവസാനിക്കുന്നത്.

അതേസമയം, റോബർട്ട് ഡൗണി ജൂനിയർ, ഡോക്ടർ ഡൂം ആയി അവതരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് 'അവഞ്ചേഴ്സ്' ആരാധകർ. 2026 ഡിസംബർ 18ന് ആണ് 'അവഞ്ചേഴ്സ്: ഡൂംസ് ഡേ' തിയേറ്ററുകളിലേക്ക് എത്തുന്നത്.

SCROLL FOR NEXT