ജെയിംസ് കാമറൂൺ ഒരു മാസ്റ്റർ ഷെഫ് ആണ്. ടൈറ്റാനിക്, ടെർമിനേറ്റർ, അവതാർ (ഒന്നാം ഭാഗം) എന്നിങ്ങനെയുള്ള സിനിമകളിൽ നമ്മൾ അദ്ദേഹത്തിന്റെ കരവിരുത് കണ്ടതാണ്. 'അവതാർ' പരമ്പരയിലെ മൂന്നാം ചിത്രമായ 'അവതാർ: ഫയർ ആൻഡ് ആഷി'ലേക്ക് എത്തുമ്പോഴും ഒരു ദൃശ്യവിരുന്ന് തന്നെയാണ് കാമറൂൺ ഒരുക്കുന്നത്. പക്ഷേ, വിഭവങ്ങളിൽ മാറ്റമില്ല.
2009ൽ ഇറങ്ങിയ 'അവതാർ' ആദ്യ ഭാഗം എന്തുകൊണ്ടാണ് ഒരു പ്രതിഭാസമായി (Phenomenon) മാറിയത്? തീർച്ചയായും അതിന് ഒരു കാരണം, സിനിമ തുറന്നു തന്ന കാഴ്ചയുടെ പുത്തൻ സാധ്യതയാണ്. എന്നാൽ അത് മാത്രമല്ല കാണികളെ ആകർഷിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 4.4 പ്രകാശവർഷം അകലെ, പോളിമസ് എന്ന വാതകഗ്രഹത്തെ ചുറ്റുന്ന പാൻഡോറ എന്ന ഉപഗ്രഹം പറഞ്ഞ കഥ കൂടിയാണ് നമ്മളെ 'അവതാറി'ലേക്ക് അടുപ്പിച്ചത്. നാവി എന്ന ഗോത്രവിഭാഗത്തിന്റെ കഥ. നാവികൾക്കിടയിലേക്ക് ആദ്യം അപരനായും പിന്നെ അവരിലൊരാളായും മാറുന്ന ജേക്ക് സള്ളി എന്ന എക്സ് മറൈൻ നമ്മൾ തന്നെയായിരുന്നു. പുതിയ പല കാര്യങ്ങളും നമ്മൾ കണ്ടു. മനുഷ്യൻ പ്രകൃതിക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതും ക്യാപിറ്റലിസം ആവാസവ്യവസ്ഥയെ, അവിടുത്തെ മനുഷ്യരെ അടക്കം കൂടോടെ പറിച്ചുമാറ്റാൻ ശ്രമിക്കുന്നതും നമുക്ക് മനസിലാകുമായിരുന്നു. ഏവ എന്ന പ്രകൃതിയുടെ മാതൃഭാവം നമുക്ക് പരിചിതമായിരുന്നു. അവിടെ നിന്ന് ജേക്ക് സള്ളിയെ ഒരു കാമുകനായും മിശിഹയായും കർക്കശക്കാരനായ പിതാവായും മാറ്റുന്നതിലും ജെയിംസ് കാമറൂണിന് കഥയുടെ പിൻബലമുണ്ടായിരുന്നു. എന്നാൽ, 2025ൽ മൂന്നാം ഭാഗത്തിൽ എത്തി നിൽക്കുമ്പോൾ 'അവതാറി'ൽ ഇത്തരത്തിലുള്ള പുതുമകൾ ഒന്നുമില്ല. വൈകാരികമായി സിനിമ നമ്മളിൽ ചലനങ്ങളുണ്ടാക്കുന്നില്ല.
രണ്ടാം ഭാഗം അവസാനിപ്പിച്ചിടത്താണ് കാമറൂൺ 'ഫയർ ആൻഡ് ആഷ്' തുടങ്ങിവയ്ക്കുന്നത്. തന്റെ ജ്യേഷ്ഠന്റെ മരണത്തിന് ഉത്തരവാദി താനാണ് എന്ന കുറ്റബോധത്തിൽ കഴിയുന്ന ജേക്കിന്റെയും നയ്ത്തീരിയുടേയും രണ്ടാമത്തെ മകൻ ലോവാക്. മകന്റെ മരണത്തിൽ നിന്ന് മോചിതയാകാൻ കഴിയാത്ത നെയ്ത്തീരി. മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തി എല്ലാം മറക്കാൻ ശ്രമിക്കുന്ന ജേക്ക്. ഏവ തന്നെ എന്തുകൊണ്ട് അകറ്റി നിർത്തുന്നു എന്ന് മനസിലാക്കാൻ സാധിക്കാതെ അവരുടെ മകൾ കിരി. നെയ്ത്തീരിയെ അസ്വസ്ഥമാക്കുന്ന സ്പൈഡർ എന്ന മനുഷ്യകുട്ടിയുടെ സാന്നിധ്യം. പകമാറാതെ, ജേക്കിനെ വേട്ടയാടാനും മകൻ സ്പൈഡറിനെ വീണ്ടെടുക്കാനും കാത്തിരിക്കുന്ന കേണൽ മൈൽസ് ക്വാറിച്ച്. പാൻഡോറയെ കഴുകൻ കണ്ണുകൾ കൊണ്ട് വേട്ടയാടുന്ന ആർഡിഎ. പിന്നെ ടുൽക്കൂണുകൾ എന്ന ഭീമൻ തിമിംഗലങ്ങളും വിശാലമായ സമുദ്രവും. ഇവിടെ നിന്നുകൊണ്ടാണ് കാമറൂൺ അവതാർ മൂന്നാം ഭാഗത്തിന്റെ കഥ പറയുന്നത്. ജേക്കിലേക്ക് കേന്ദ്രീകരിക്കാതെ ലോവാക്കിലേക്കും കിരിയിലേക്കും പ്രമേയത്തെ വികസിപ്പിക്കാൻ കാമറൂൺ ശ്രമിക്കുന്നുണ്ട്. എന്നാൽ അത്യന്തികമായി ഇവർ ജേക്ക് എന്ന ടോറുക് മാക്തോയുടെ സൈന്യത്തിലെ കാലാളുകൾ മാത്രമാകുന്നു.
അഗ്നിപർവത മേഖലയിൽ താമസിക്കുന്ന 'മാങ്ക്‌വാൻ' (Mangkwan) അഥവാ 'ആഷ് പീപ്പിൾ' എന്ന ഗോത്രത്തെയാണ് പുതിയതായി ഈ പതിപ്പിൽ കാമറൂൺ നമുക്ക് പരിചയപ്പെടുത്തുന്നത്. ഏവയോട് പുറം തിരിഞ്ഞു നിൽക്കുന്ന ഇവരുടെ മൂലകം തീയാണ്. നേതാവ് വരാംഗ്. ഈ സിനിമയിലെ പുതുമ ഊന ചാപ്ലിൻ അവതരിപ്പിച്ച വരാംഗ് തന്നെയാണ്. എന്നാൽ കഥ പതിവ് പടി മൈൽസ് ക്വാറിച്ചിലേക്ക് തിരിയുമ്പോൾ ആ ആസ്ഥാന വില്ലന് പിന്നിൽ വരാംഗിന്റെ സാധ്യതകൾ അവസാനിക്കുന്നു. ചിലപ്പോൾ ക്വാറിച്ച്-സ്പൈഡർ ബന്ധത്തിലൂടെ വൈകാരികമായ ഒരു തലം സിനിമയിലേക്ക് കൊണ്ടുവരാനാകണം കാമറൂൺ ശ്രമിച്ചത്. പക്ഷേ അത് ഫലിച്ചതായി തോന്നുന്നില്ല.
അതിശയകരമാണ് ഈ സിനിമയുടെ വിഷ്വലുകൾ. അറിയാല്ലോ, കാമറൂൺ ആണ്. എന്നാൽ, മൂന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം മറ്റൊന്നും തരുന്നില്ല. ബോർ അടിച്ചു എന്ന് ആരെങ്കിലും പറഞ്ഞാലും കുറ്റം പറയാൻ പറ്റില്ല. അവതാർ ഇവിടെയും അവസാനിക്കുന്നില്ല. സള്ളികളുടെ ഗാഥ ഇനിയും രണ്ട് സിനിമകൾ കൂടി പറയും. എന്നാൽ, അതിൽ കഥയുടെ രുചിയില്ലെങ്കിൽ മാസ്റ്റർ ഷെഫിന്റെ വിരുന്നും കാണികൾക്ക് ചെടിക്കും.