ക്രിസ്റ്റഫർ നോളൻ, 'ദ ഒഡീസി'യിൽ മാറ്റ് ഡാമൻ 
MOVIES

ഇന്ത്യയിൽ റെക്കോർഡിട്ട് 'ദ ഒഡീസി'; ചരിത്രം കുറിച്ച് ക്രിസ്റ്റഫർ നോളൻ

ജൂലൈ 17ന് റിലീസ് ചെയ്ത 'ദ ഒഡീസി' ആഗോളതലത്തിൽ 911 മില്യൺ ഡോളറിന് മുകളിലാണ് കളക്ട് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ഐമാക്സ് ചിത്രമായി ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി'. രാജ്യത്തെ 34 ഐമാക്സ് സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ചിത്രം 17 ദിവസം കൊണ്ട് 63 കോടി രൂപയാണ് കളക്ട് ചെയ്തത്. നോളന്റെ തന്നെ ചിത്രമായ 'ഓപണ്‍ഹെയ്മറി'ന്റെ ഇന്ത്യയിലെ ലൈഫ് ടൈം ഐമാക്സ് കളക്ഷനാണ് ചിത്രം മറികടന്നത്. 50 കോടി ആയിരുന്നു 'ഓപണ്‍ഹെയ്മറി'ന്റെ കളക്ഷന്‍.

ക്രിസ്റ്റഫർ നോളനും സിനിമയിലെ പ്രധാന താരങ്ങളും പങ്കെടുത്ത വലിയ പ്രൊമോഷൻ പരിപാടിയോടെയാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറി ചിത്രം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഐമാക്സിന് മാത്രം നൽകാൻ കഴിയുന്ന വലിയ ക്യാൻവാസിലാണ് 'ഒഡീസി' കാണേണ്ടതെന്ന് പ്രൊമോഷനിൽ ഉടനീളം ആരാധകരോട് നോളൻ പറഞ്ഞിരുന്നു. ഇത് കളക്ഷനിലും പ്രതിഫലിച്ചു എന്നാണ് നിർമാതാക്കൾ വിശ്വസിക്കുന്നത്.

ജൂലൈ 17ന് റിലീസ് ചെയ്ത 'ദ ഒഡീസി' ആഗോളതലത്തിൽ 911 മില്യൺ ഡോളറിന് മുകളിലാണ് കളക്ട് ചെയ്തത്. 221 മില്യൺ ഡോളറാണ് ഐമാക്സ് കളക്ഷൻ. ഗ്രീക്ക് കവി ഹോമർ രചിച്ച ഇതിഹാസ കാവ്യമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ഈ ചിത്രം ഒരുക്കിയത്. ട്രോജൻ യുദ്ധത്തിന് ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസകാവ്യത്തിൽ പറയുന്നത്.

മാറ്റ് ഡാമൻ ആണ് ചിത്രത്തിൽ ഒഡീസിയസായി എത്തിയത്. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡയ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT