ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടിന്റെയും സെൻഡയയുടേയും വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒറിജിനൽ അല്ല, 'ihafix' എന്ന ഇൻസ്റ്റഗ്രാം ക്രിയേറ്റർ നിർമിച്ച 46 സെക്കൻഡ് ദൈർഘ്യമുള്ള കേരള സ്റ്റൈൽ എഐ കല്യാണ വീഡിയോ! 90കളിലെ ഒരു മലയാളി കല്യാണ വീടിന്റെ വൈബിലാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.
ചുവന്ന സാരിയുടുത്ത് മുടിയിൽ മുല്ലപ്പൂവുമായി നാണത്തോടെ തലകുമ്പിട്ട്, ടോമിനൊപ്പം ഇരിക്കുന്ന സെൻഡയയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. വെള്ള ഷർട്ടും മുണ്ടുമാണ് ടോമിന്റെ വേഷം. കാരണവർ സ്ഥാനത്ത് അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്നത് അയൺ മാൻ/ ടോണി സ്റ്റാർക്ക് (റോബർട്ട് ഡൗണി ജൂനിയർ) ആണ്. സദ്യ വിളമ്പുന്നത് വോൾവറിനും (ഹ്യൂഗ് ജാക്മാൻ). അവിടെയും തീരുന്നില്ല, സ്പൈഡർമാൻ ഫ്രാഞ്ചൈസിയിലെ വില്ലന്മാരേയും കല്യാണ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർ ഒക്ടോപസും ഇലക്ട്രോയും ഗ്രീൻ ഗോബ്ലിനും കളിതമാശ പറഞ്ഞ് ഉപ്പേരി കൊറിച്ചും ചായ കുടിച്ചും ഫുൾ കല്യാണ മൂഡിലാണ്.
സദ്യയുടെ ചുമതല ബ്രൂസ് ബാനർക്ക് (ഹൾക്ക്) ആണ്. തലയിൽ ചൂടാനുള്ള മുല്ലപ്പൂ ഒരുക്കുന്നത് 'ഒജി സ്പൈഡർമാൻ' ടോബി മഗ്വെയർ, 'അമേസിങ് സ്പൈഡി' ആൻഡ്രൂ ഗാർഫീൽഡ് എന്നിവരുടെ നേതൃത്വത്തിലാണ്. ഇവർക്കൊപ്പം മേരി ജേനും (കിർസ്റ്റൺ ഡൺസ്റ്റ്) ഗ്വെൻ സ്റ്റേസിയും (എമ്മാ സ്റ്റോൺ) ഉണ്ട്.
ടോം ഹോളണ്ടും സെൻഡയയും വിവാഹിതരായി എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ എഐ വീഡിയോ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. സെൻഡയയുടെ ഫാഷൻ സ്റ്റൈലിസ്റ്റ് ലോ റോച്ച് ഒരു റെഡ് കാർപെറ്റ് അഭിമുഖത്തിനിടെ "അവരുടെ വിവാഹം കഴിഞ്ഞു" എന്ന് പറഞ്ഞതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. 'ഒഡീസി', 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ താരങ്ങളും വിവാഹവാർത്ത പരോക്ഷമായി ശരിവച്ചിരുന്നു.
'സ്പൈഡർമാൻ: ഹോംകമിംഗ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ടോമും സെൻഡയയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരുടെയും കെമിസ്ട്രിയും സൗഹൃദവും ഉടൻ തന്നെ പ്രണയ ഗോസിപ്പുകൾക്ക് വഴിവച്ചു. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും അന്ന് പ്രതികരിച്ചത്. ഒടുവിൽ 2021ൽ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം, ടോം ഹോളണ്ടും സെൻഡയയും പ്രധാന വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ മാർവൽ ചിത്രം 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' ആഗോളതലത്തിൽ തരംഗമാകുകയാണ്. റിലീസ് ചെയ്ത് വെറും ആറ് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ ഒരു ബില്യൺ ഡോളറാണ് ചിത്രം കളക്ട് ചെയ്തത്. സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഒരു ബില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡാണ് ഈ നേട്ടത്തിലൂടെ സ്പൈഡർമാൻ സ്വന്തമാക്കിയത്. 2019ൽ പുറത്തിറങ്ങിയ 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' ആണ് ഒന്നാം സ്ഥാനത്തുള്ളത്.