MOVIES

"ഇതാണെന്റെ അഡ്രസ്... സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നേരെ വീട്ടിലേക്ക് വരൂ"; ആത്മവിശ്വാസത്തില്‍ രാജാസാബ് സംവിധായകന്‍

സിനിമ നിരാശപ്പെടുത്തിയാൽ പ്രഭാസിൻ്റെ ആരാധകർക്ക് വീട്ടിലേക്ക് വന്ന് തന്നെ ചോദ്യം ചെയ്യാമെന്ന് സംവിധായകൻ

Author : ന്യൂസ് ഡെസ്ക്

2026 ല്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമ ഏതായിരിക്കും. പ്രഭാസ് ആരാധകരാണെങ്കില്‍ ഉറപ്പായും പറയുക 'രാജാസാബ്' എന്നായിരിക്കും. പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

പ്രഭാസ് ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും രാജാസാബ് എന്ന് ഉറപ്പിച്ചു പറയുകയാണ് സിനിമയുടെ സംവിധായകന്‍ മാരുതി. സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു സംവിധായകന്റെ വാഗ്ദാനം.

സ്വന്തം മേല്‍വിലാസം വെളിപ്പെടുത്തിയ സംവിധായകന്‍ സിനിമ ആരെയെങ്കിലും നിരാശപ്പെടുത്തുകയാണെങ്കില്‍ നേരെ വീട്ടിലേക്ക് വന്ന് ചോദിക്കണമെന്നായിരുന്നു ഇവന്റില്‍ പറഞ്ഞത്.

'നിങ്ങളില്‍ ഒരു ശതമാനം പേരെയെങ്കിലും ഈ സിനിമ നിരാശപ്പെടുത്തിയെങ്കില്‍ നേരെ എന്റെ വീട്ടിലേക്ക് വന്ന് എന്നെ ചോദ്യം ചെയ്യാം. വില്ല നമ്പര്‍ 17, കൊല്ല ലക്ഷ്വറി, കൊണ്ടാപൂര്‍ ഇതാണ് എന്റെ മേല്‍വിലാസം'.

ഇതിനു മുമ്പും രാജാസാബിനെ കുറിച്ച് വന്‍ പ്രതീക്ഷകള്‍ മാരുതി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രഭാസിനേയാകും രാജാസാബില്‍ കാണുക എന്നാണ് സംവിധായകന്‍ പറയുന്നത്. തെലുങ്ക് പ്രേക്ഷകര്‍ പ്രഭാസിന്റെ എന്റെര്‍ടെയ്ന്‍മെന്റ് കണ്ടതാണ്. പക്ഷേ, പാന്‍ ഇന്ത്യക്ക് അത് കാണാനായിട്ടില്ല. രാജാസാബ് കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ ഈ പ്രഭാസിനേയാകും വര്‍ഷങ്ങളോളം ആരാധകര്‍ ഓര്‍ക്കുക. സിനിമയിലെ ഗെറ്റപ്പ് അടക്കം എല്ലാം മികച്ചതാണ്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത തരം അനുഭവമായിരിക്കും രാജാസാബ് എന്ന് കൂടി മാരുതി പറഞ്ഞിരുന്നു.

സംവിധായകന്റെ ആത്മവിശ്വാസം തിയേറ്ററിലെ പ്രകടനത്തില്‍ കൂടി കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രഭാസിന്റെ ആരാധകര്‍.

വിജയ് യുടെ ജനനായകനൊപ്പം ജനുവരി ഒമ്പതിനാണ് രാജാസാബും റിലീസ് ചെയ്യുന്നത്.

SCROLL FOR NEXT