'കെഡി: ദ ഡെവിൾ' സിനിമ 
MOVIES

'ലൈംഗികച്ചുവയുള്ള വരികൾ'; നോറ ഫത്തേഹിയുടെ ഡാൻസ് നമ്പർ നിരോധിക്കണമെന്ന് പരാതി, നടപടിക്കൊരുങ്ങി സിബിഎഫ്‍‌സി

അഡ്വക്കേറ്റ് വിനീത് ജിൻഡാലാണ് ഗാനത്തിനെതിരെ സിബിഎഫ്‌സിക്ക് മുൻപാകെ പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

'കെഡി: ദ ഡെവിൾ' എന്ന കന്നഡ ചിത്രത്തിലെ ഗാനത്തിനെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ പരാതി. നോറ ഫത്തേഹിയും സഞ്ജയ് ദത്തും ഒന്നിച്ചഭിനയിച്ച 'സർസെ നിന്നാ സെരഗ സർസെ' എന്ന ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഗാനത്തിലെ വരികളും നൃത്തചലനങ്ങളും പ്രകോപനപരവും ലൈംഗിക ചുവയുള്ളതുമാണെന്നാണ് പരാതിയിൽ പറയുന്നത്.

അഡ്വക്കേറ്റ് വിനീത് ജിൻഡാലാണ് ഗാനത്തിനെതിരെ സിബിഎഫ്‌സിക്ക് മുൻപാകെ ഔദ്യോഗികമായി പരാതി നൽകിയത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും ഇതിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. പരാതിയിൽ കർശന നടപടിയെടുക്കാനാണ് സെൻസർ ബോർഡിന് ലഭിച്ചിരിക്കുന്ന നിർദേശം.

ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 294, പോക്സോ (POCSO) നിയമം, ഐടി ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഗാനം അടിയന്തരമായി നിരോധിക്കണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാനം പൊതുമര്യാദകളെ ലംഘിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നും ആരോപണമുണ്ട്. ഗാനത്തിനെതിരെ ഡൽഹി പൊലീസ് സൈബർ സെല്ലിൽ മറ്റൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിധ ഭാഷകളിലായി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ആരോപണങ്ങൾ ഉയർന്നത്. ഗാനത്തിന്റെ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ഗായകൻ അർമാൻ മാലിക്ക് ഉൾപ്പെടെ നിരവധി പേർ ഗാനത്തിന്റെ വരികളെ വിമർശിച്ച് രംഗത്തെത്തി. "ഞാൻ കേട്ടത് ശരിയാണോ എന്ന് ഉറപ്പുവരുത്താൻ എനിക്ക് വീണ്ടും കേൾക്കേണ്ടി വന്നു. കൊമേഴ്സ്യൽ ഗാനരചന ഇത്രയും താഴെപ്പോയതിൽ സങ്കടമുണ്ട്," എന്നാണ് അർമാൻ സമൂഹമാധ്യമങ്ങലിൽ കുറിച്ചത്. പിന്നാലെ, പലരും ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ധ്രുവ സർജ നായകനാകുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അർജുൻ ജന്യയാണ് സംഗീതം. ശിൽപ്പ ഷെട്ടി, വി. രവിചന്ദ്രൻ, രമേഷ് അരവിന്ദ്, റീഷ്മ നാനയ്യ, ജിഷു സെൻഗുപ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമാണം.

SCROLL FOR NEXT