എൽസിയു സിനിമകളിലൂടെ തമിഴകത്ത് തരംഗം സൃഷ്ടിക്കുവാൻ മാത്രമല്ല. പുതിയൊരു റെക്കോർഡ് സൃഷ്ടിക്കുവാനും കഴിഞ്ഞ സന്തോഷത്തിലാകും സംവിധായകൻ ലോകേഷ് കനകരാജ്. തന്റെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡാണ് ലോകേഷ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ തന്നെ ഇത്തരമൊരു നേട്ടം ആദ്യമായിരിക്കും. അതും ചുരുങ്ങിയ കാലത്തിനുള്ളിൽ.
കാർത്തി നായകനായെത്തിയ 'കൈതി' എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് ലോകേഷിന്റെ ഗ്രാഫ് ഉയർന്നതെന്ന് കാണാം. കമൽ ഹാസനോടൊപ്പം വിക്രം കൂടി എത്തിയതോടെ ആ ഗ്രാഫ് കുതിച്ചുകയറി. വിജയ് നായകനായെത്തിയ ലിയോ കൂടി പുറത്തിറങ്ങിയതോടെ ലോകേഷ് സിനിമാ യൂണിവേഴ്സ് ആരാധകരെ കയ്യിലെടുത്തു. എൽസിയുവിലെ അടുത്ത പടത്തിനായി അവർ ആവേശത്തോടെ കാത്തിരുന്നു. ആ പ്രതീക്ഷ ഒട്ടും തകർക്കാതെ സൂപ്പർ സ്റ്റാർ രജനിയെ നായകനാക്കി കൂലിയും എത്തി.
പ്രതീക്ഷിച്ച അത്ര തകർപ്പൻ പ്രതികരണം അല്ലെങ്കിലും കൂലി തീയേറ്ററുകളിൽ 400 കോടി കടന്നു. വിക്രം, ലിയോ, എന്നിവയും 400 കോടി കടന്നിരുന്നു. 2022ൽ പുറത്തിറങ്ങിയ വിക്രം 424 കോടിയിലധികം രൂപയാണ് ലോകമെമ്പാടും നേടിയത്. അടുത്ത വർഷം ഇറങ്ങിയ ലിയോ 690 കോടിയിലധികം രൂപയും നേടി. ഇപ്പോഴിതാ വെറും നാലു ദിവസം കൊണ്ടാണ് കൂലി ഈ കളക്ഷനിലെത്തിയിരിക്കുന്നത്.
അതായത് തുടർച്ചയായെത്തിയ മൂന്ന് ചിത്രങ്ങളും 400 കോടി കടന്നിരിക്കുന്നു. തമിഴിൽ എന്നല്ല ഇന്ത്യയിൽ ഒരു സംവിധായകനും ഈ നേട്ടം കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. ഈ നേട്ടത്തോടെ ഇന്ത്യയിലെ ഏറ്റവും മൂല്യവും സ്വീകാര്യതയുമുള്ള സംവിധാകനായി ലോകേഷ് മാറിക്കഴിഞ്ഞു. ലോകേഷിന്റെ എൽസിയു ചിത്രമായ കൈതി 2വിന് വേണ്ടിയാണ് ആരാധകരുടെ അടുത്ത കാത്തിരിപ്പ്. 'കൈതി 2'വും റെക്കോർഡ് നേട്ടം തുടരുമോ എന്ന് കണ്ടറിയാം.