
സൂപ്പര്‍ഹിറ്റ്, ബ്ലോക്ക്ബസ്റ്റര്‍ എന്നീ വാക്കുകള്‍ സിനിമകളെ വിശേഷിപ്പിക്കാന്‍ ഇക്കാലത്ത് അധികമായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍ സിനിമാ മേഖലകളില്‍ ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ബോക്‌സ് ഓഫീസില്‍ ബജറ്റിന്റെ ഇരട്ടി നേടുന്ന ഏതൊരു സിനിമയെയും സൂപ്പര്‍ഹിറ്റെന്ന് വിളിക്കാം. അതിലും മുകളില്‍ കളക്ഷന്‍ വന്നാല്‍ ബ്ലോക്ബസ്റ്ററെന്നും. വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമെ ബജറ്റിന്റെ അഞ്ച് മടങ്ങ് ലാഭം ലഭിക്കുന്നുള്ളൂ. എന്നാല്‍ ബജറ്റിന്റെ 100 ഇരട്ടിയിലധികം ലാഭം നേടി ഒരു വര്‍ഷത്തിലേറെ തിയേറ്ററുകളില്‍ ഓടിയ ഒരു ഇന്ത്യന്‍ സിനിമയുണ്ട്. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സിനിമയുടെ കഥയാണിത്.
2006ല്‍ എഴുത്തുകാരനും സംവിധായകനുമായ യോഗ് രാജ് ഭട്ട് 'മുങ്കാരു മാലെ' എന്നൊരു റൊമാന്റിക് ഡ്രാമ നിര്‍മിച്ചു. കുറഞ്ഞ ബജറ്റില്‍ ഒരുങ്ങിയ ഈ കന്നഡ ചിത്രത്തില്‍ പുതുമുഖങ്ങളായ ഗണേശ്, പൂജ ഗാന്ധി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. മുതര്‍ന്ന നടന്‍ അനന്ത് നാഗും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 70 ലക്ഷമായിരുന്നു ചിത്രത്തിന്റെ ബജറ്റ്. 2006 ഡിസംബറില്‍ 'മുങ്കാരു മാലെ' തിയേറ്ററിലെത്തിയപ്പോള്‍ ചിത്രം ഒരു സ്ലീപ്പര്‍ ഹിറ്റായി മാറി. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന കന്നഡ ചിത്രമായി അത് മാറുകയും ചെയ്തു.
ബാംഗ്ലൂരിലെ പിവിആറുകളില്‍ 460 ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് മള്‍ട്ടിപ്ലക്‌സില്‍ ഒരു വര്‍ഷം പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി ഇത് മാറി. അതോടൊപ്പം ആദ്യമായി ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടിയ ആദ്യ കന്നഡ ചിത്രവുമായിരുന്നു 'മുങ്കാരു മാലെ'. പ്രദര്‍ശനം ആവസാനിച്ചപ്പോഴേക്കും ചിത്രം ആഗോള തലത്തില്‍ 75 കോടി നേടിയിരുന്നു എന്നാണ് കണക്കുകള്‍. അതില്‍ 57 കോടി കര്‍ണാടകയില്‍ നിന്ന് ലഭിച്ചതിനാല്‍ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു.
ചിത്രം റിലീസ് ചെയ്തപ്പോള്‍ അഭിനേതാക്കളായ ഗണേഷും പൂജ ഗാന്ധിയും പ്രേക്ഷകര്‍ക്ക് അജ്ഞാതരായിരുന്നു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് അവര്‍ താരങ്ങളായി മാറി. അതിന് ശേഷവും അവര്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച് കന്നഡ സിനിമാ മേഖലയിലെ അറിയപ്പെടുന്ന താരങ്ങളായി മാറി.
എന്നിരുന്നാലും ചിത്രത്തിന്റെ നിര്‍മാതാവായ ഇ. കൃഷ്ണയ്ക്ക് ഈ വിജയം കയ്‌പേറിയ അനുഭവമായിരുന്നു. മുങ്കാരു മാലെ 67.50 കോടി സമ്പാദിച്ചുവെന്ന് ആദായ നികുതി വകുപ്പ് അവകാശപ്പെടുകയും തുടര്‍ന്ന് നിര്‍മാതാവിന് റെയ്ഡ് നേരിടേണ്ടി വരുകയും ചെയ്തു.
ഒരു ദശാബ്ദക്കാലമാണ് 'മുങ്കാരു മാലെ'യുടെ ബോക്‌സ് ഓഫീസുകള്‍ തകര്‍ക്കാനാകാതെ നിലനിന്നത്. എന്നാല്‍ കെജിഎഫ് ചാപ്റ്റര്‍ 1ന്റെ വരവോടെ ആ റെക്കോര്‍ഡുകള്‍ ബേധിക്കപ്പെട്ടു. തെലുങ്ക്, ബംഗാളി, മറാത്തി, ഒഡിയ എന്നീ ഭാഷകളിലും 'മുങ്കാരു മാലെ' റീമേക്ക് ചെയ്യപ്പെട്ടു. 2016ല്‍ 'മുങ്കാരു മാലെ 2'വും പുറത്തിറങ്ങി. ടെലിവിഷനിലെ സംപ്രേഷണവും ഒടിടിയുടെ വരവോടും കൂടി 'മുങ്കാരു മാലെ'യ്ക്ക് കന്നഡ പ്രേക്ഷകര്‍ക്കിടയില്‍ ആരാധകര്‍ വര്‍ധിക്കുകയും ചെയ്തു.