ധനുഷ്  
MOVIES

"സിനിമയോടുള്ള എന്ത് ഇഷ്ടം?"; രാഞ്ജനയെ കുറിച്ചുള്ള പോസ്റ്റിന് പിന്നാലെ ധനുഷിന് വിമര്‍ശനം

എഐ ഉപയോഗിച്ച് രാഞ്ജനയുടെ ക്ലൈമാക്‌സ് മാറ്റിയതിന് പിന്നാലെയാണ് ധനുഷ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്

2013-ല്‍ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത രാഞ്ജന റിലീസ് ചെയ്തപ്പോള്‍ ധനുഷ് അവതരിപ്പിച്ച കുന്ദന്റെ മരണം കണ്ട് വേദനിയോടെയാണ് ആരാധകര്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയത്. സോനം കപൂറും സ്വര ഭാസ്‌കറും അഭിനയിച്ച ക്ലൈമാക്‌സ് ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസ് ചെയ്തപ്പോള്‍, ക്ലൈമാക്‌സ് എഐ ഉപയോഗിച്ച് മാറ്റിയത് വലിയ വിവാദമായി. ധനുഷ് വിഷയത്തില്‍ അസ്വസ്ഥത അറിയിച്ച് രംഗത്തെത്തിയിരുന്നു.

"എഐയിലൂടെ മാറ്റം വരുത്തിയ ക്ലൈമാക്‌സോടെയുള്ള രാഞ്ജനയുടെ റീ റിലീസ് എന്നെ പൂര്‍ണമായും അസ്വസ്ഥനാക്കി. ഈ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി. എന്റെ വ്യക്തമായ എതിര്‍പ്പ് അവഗണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ അത് മുന്നോട്ട് കൊണ്ടു പോയി. 12 വര്‍ഷം മുന്‍പ് ഞാന്‍ കരാര്‍ ഒപ്പിട്ട സിനിമയല്ല ഇത്. സിനിമകളിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്താന്‍ എഐ ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ ആശങ്കജനകമായ കാര്യമാണ്. കഥ പറച്ചിലിന്റെ സമഗ്രതയെയും സിനിമയുടെ പൈതൃകത്തെയും ഇത് ഭീഷണിപ്പെടുത്തുന്നു. ഭാവിയില്‍ ഇത്തരം രീതികള്‍ തടയുന്നതിന് കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു", എന്നാണ് ധനുഷ് കുറിച്ചത്.

ധനുഷിന്റെ പോസ്റ്റിന് പിന്നാലെ രണ്ട് അഭിപ്രായങ്ങളുമായി പ്രേക്ഷകര്‍ എത്തിയിരിക്കുകയാണ്. ഒരു വിഭാഗം ധനുഷിനെ ട്രോളുമ്പോള്‍ മറ്റൊരു വിഭാഗം പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. 'ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയ്ക്ക് വേണ്ടി നയന്‍താരയ്ക്ക് നോട്ടീസ് അയച്ച വ്യക്തിയല്ലേ നിങ്ങള്‍' എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. അതോടൊപ്പം എന്താണ് ക്ലൈമാക്‌സ് മാറ്റിയതില്‍ ഇത്ര പ്രശ്‌നമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ക്ലൈമാക്‌സ് എഐ ഉപയോഗിച്ച് മാറ്റിയതില്‍ ശക്തമായ വിമര്‍ശനവും ആരാധകര്‍ അറിയിച്ചിട്ടുണ്ട്. സിനിമയെ നശിപ്പിക്കുകയാണ് അതിലൂടെ ചെയ്തതെന്ന അഭിപ്രായമാണ് അക്കൂട്ടര്‍ക്കുള്ളത്.

2013-ല്‍ പുറത്തിറങ്ങിയ രാഞ്ജന എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ധനുഷിന്റെ കഥാപാത്രം കുന്ദന്‍ മരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എഐയിലൂടെ നിര്‍മിച്ച ക്ലൈമാക്‌സില്‍ കുന്ദന്‍ മരിക്കുന്നില്ല. എഐ ഉപയോഗിച്ച് രാഞ്ജനയുടെ ക്ലൈമാക്‌സ് മാറ്റിയതിന് പിന്നാലെ സംവിധായകരുടെ കാഴ്ച്ചപാടിനെ മാറ്റുന്നതിനുള്ള അപകടകരമായ മാതൃകയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ആനന്ദ് എല്‍ റായ് നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ക്ലൈമാക്‌സ് മാറ്റുന്നതിന് മുമ്പ് ഇറോസ് അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SCROLL FOR NEXT