'ധുരന്ധർ: ദ റിവഞ്ച്' സിനിമ 
MOVIES

"എൻഡ് ക്രെഡിറ്റ്‌സ് തീരും മുൻപ് പോകരുത്, സ്പോയിലറുകൾ പാടില്ല"; അഭ്യർത്ഥനയുമായി 'ധുരന്ധർ 2' സംവിധായകൻ

ഹൃദയം കൊണ്ട് ഒരുക്കിയ ചിത്രമാണ് 'ധുരന്ധർ: ദ റിവഞ്ച്' എന്ന് സംവിധായകൻ ആദിത്യ ധർ

Author : ന്യൂസ് ഡെസ്ക്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' നാളെ ആഗോള റിലീസായി എത്തുമ്പോൾ പ്രേക്ഷകർക്കുള്ള സന്ദേശവും അവരോടുള്ള അഭ്യർത്ഥനയുമായി സംവിധായകൻ ആദിത്യ ധർ. 'ധുരന്ധർ' എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് 'ധുരന്ധർ 2' പുറത്തുവരുന്നത്. സിനിമയുടെ സ്പോയിലറുകൾ ചിത്രം കാണാത്ത മറ്റു പ്രേക്ഷകരുമായി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പബ്ലിക് ആയി പങ്കിടരുതെന്നാണ് റിലീസിന് മുന്നോടിയായി സംവിധായകൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നത്.

തങ്ങൾ ഹൃദയം കൊണ്ട് ഒരുക്കിയ ചിത്രമാണ് ഇതെന്നും, അതിനാൽ പ്രേക്ഷകർക്ക് ചിത്രത്തിലെ എല്ലാ ട്വിസ്റ്റുകളും, എല്ലാ വികാരങ്ങളും, അത് അനുഭവിക്കേണ്ട രീതിയിൽ തന്നെ അനുഭവിക്കാൻ കഴിയും എന്നും ആദിത്യ ധർ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. സിനിമകൾ അങ്ങനെയാണ് അനുഭവിക്കേണ്ടത് എന്നും മങ്ങിയ ഇമേജിൽ ആരുടെയും ഫോണിലല്ല അത് കാണേണ്ടത് എന്നും സംവിധായകൻ പറഞ്ഞു. ഓരോ ആരാധകനും ഒന്നും അറിയാതെ എന്നാൽ ജിജ്ഞാസയോടെ ചിത്രം കാണാനുള്ള അവസരം, ചിത്രം കണ്ടവർ ഒരുക്കി കൊടുക്കുക എന്നും അവർ അവരുടെ വ്യക്തിപരമായ അഭിപ്രായവും ആസ്വാദനവും ആയി നമുക്കൊപ്പം ചേരട്ടെ എന്നും ആദിത്യ ധർ കുറിച്ചു.

അതോടൊപ്പം തന്നെ, പ്രേക്ഷകരുടെ ആവേശം ഉയർത്തിക്കൊണ്ട് മറ്റൊന്ന് കൂടി സംവിധായകൻ അടിക്കുറിപ്പായി ചേർത്തു. ചിത്രത്തിന്റെ അവസാനം ക്രെഡിറ്റുകൾ റോളിങ് അവസാനിക്കുന്നത് വരെ പ്രേക്ഷകർ അവരുടെ സീറ്റുകൾ വിട്ടുപോകരുത് എന്നാണ് സംവിധായകൻ കൂട്ടിച്ചേർത്തത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിൽ ഒന്നായിരിക്കും ചിത്രം നേടുക എന്നുറപ്പായി കഴിഞ്ഞു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ 2' ഇന്ന് ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ധർ 2', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. മാർച്ച് 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തും. പിആർഒ - ശബരി.

SCROLL FOR NEXT