MOVIES

രഞ്ജിത്തിനെ പറ്റി കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്ത : സംവിധായകന്‍ ഭദ്രന്‍

രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന സാംസ്‌കാരിക മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും ഭദ്രന്‍ അഭിപ്രായപ്പെട്ടു

Author : ന്യൂസ് ഡെസ്ക്


ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് തനിക്ക് സഹോദര തുല്യനാണെന്ന് സംവിധായകന്‍ ഭദ്രന്‍. രഞ്ജിത്തിനെ കുറിച്ച് കേട്ട വാര്‍ത്ത ഞെട്ടിക്കുന്നതാണ്. രഞ്ജിത്ത് ഇരിക്കുന്ന സ്ഥാനമാണ് പ്രശ്‌നം. നിരവധി പ്രമുഖര്‍ ഇരുന്ന സ്ഥാനമാണത്. തത്കാലത്തേക്കെങ്കിലും ആ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് മാറി നില്‍ക്കണമെന്നും ഭദ്രന്‍ പറഞ്ഞു.

അതേസമയം രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന സാംസ്‌കാരിക മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും ഭദ്രന്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ തെളിഞ്ഞും മറഞ്ഞുമൊക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയില്‍ ശുദ്ധികലശം ആവശ്യമാണ്. AMMA-യുടെ പ്രതികരണം നേരത്തെ ഉണ്ടാവാമായിരുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട് എന്നത് തെറ്റായ ധാരണയാണെന്നും ഭദ്രന്‍ വ്യക്തമാക്കി.

ALSO READ : കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിന് മുന്നിലെത്തിക്കും, അന്വേഷണം നടത്തില്ല എന്ന് ആരും പറഞ്ഞിട്ടില്ല: വി ശിവൻകുട്ടി


രഞ്ജിത്തെനിരെ ബംഗാളി നടി ശ്രീലേഖ മിത്രയാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. 2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' എന്ന സിനിമയില്‍ ഓഡിഷനെത്തിയതാണ് ശ്രീലേഖ മിത്ര. അന്ന് സംവിധായകന്‍ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നും ഭയന്നാണ് ഹോട്ടല്‍ മുറിയില്‍ ഒരു രാത്രി കഴിഞ്ഞിരുന്നതെന്നും ശ്രീലേഖ വെളിപ്പെടുത്തി. തിരിച്ച് നാട്ടിലേക്ക് പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ശ്രീലേഖ പറഞ്ഞു.


സംവിധായകന്റെ മോശം പെരുമാറ്റത്തെ എതിര്‍ത്തത് കൊണ്ട്, ആ സിനിമയിലും മറ്റു മലയാളം സിനിമകളിലും അവസരം നിഷേധിച്ചുവെന്നും നടി ആരോപിച്ചു. എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ രഞ്ജിത്ത് നിഷേധിച്ചു. നടി ഓഡിഷന് വന്നിരുന്നെന്നും എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നുമാണ് സംവിധായകന്റെ വിശദീകരണം.





SCROLL FOR NEXT