ധടക് 2  Source : X
MOVIES

"ധടക് 2ലെ ജാതി പ്രശ്‌നം മാറ്റിവെച്ച് പ്രണയകഥയാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു"; കരണ്‍ ജോഹറിന് അതില്‍ വ്യക്തതയുണ്ടായിരുന്നെന്ന് സംവിധായിക

സിദ്ധാന്ത് ചദുര്‍വേദി, തൃപ്തി ദിമ്രി എന്നിവരാണ് ധടക് 2ലെ കേന്ദ്ര കഥാപാത്രങ്ങള്‍.

Author : ന്യൂസ് ഡെസ്ക്

2018ല്‍ പുറത്തിറങ്ങിയ മാരി സെല്‍വരാജ് ചിത്രമാണ് പരിയേറും പെരുമാള്‍. ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ധടക് 2 നവാഗതയായ ഷാസിയ ഇക്ബാലാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് ഒന്നിന് തിയേറ്ററിലെത്തുന്ന ചിത്രം കരണ്‍ ജോഹറാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ജാതി പ്രശ്‌നം ഒഴിവാക്കി ഒരു പ്രണയകഥ മാത്രമായി ധടക് 2നെ മാറ്റേണ്ടെന്ന വ്യക്തത കരണ്‍ ജോഹറിന് ഉണ്ടായിരുന്നുവെന്ന് സംവിധായിക ഷാസിയ ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

"ജാതി പ്രശ്നം മാറ്റിവെച്ചതിനാല്‍ ധടക് ഒരു ചെറിയ വിമര്‍ശനം നേരിട്ടിരുന്നു. സൈറാത്തിനെപ്പോലെ, ജാതിയെക്കുറിച്ച് ശക്തമായി സംസാരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് പരിയേറും പെരുമാള്‍. അതിനെ ഒരു പ്രണയകഥയാക്കി മാറ്റാനും ജാതി പ്രശ്നത്തെ അവഗണിക്കാനും ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു. ജാതി പ്രശ്‌നങ്ങളെ കുറിച്ച് ഞങ്ങള്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ സംസാരിക്കുമെന്നതില്‍ കരണിന് ഉറപ്പുണ്ടായിരുന്നു" , ഷാസിയ ഇക്ബാല്‍ പറയുന്നു.

"ഇന്ത്യയില്‍, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകള്‍ പ്രണയത്തിലാകുന്നു. കുടുംബപരവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലുള്ള സ്ഥിതി സ്ഥിരീകരിക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണിത്. ഞങ്ങളുടെ സിനിമയില്‍ ഞങ്ങള്‍ അത് അഭിസംബോധന ചെയ്തിട്ടുണ്ട്", എന്നും ഷാസിയ കൂട്ടിച്ചേര്‍ത്തു.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'ധടക് 2' 2024 മെയിലാണ് പ്രഖ്യാപിച്ചത്. 2024 നവംബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം പിന്നീട് 2025 മാര്‍ച്ചിലേക്ക് മാറ്റി. എന്നാല്‍ സിനിമയിലെ ജാതി വിവേചനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പ്രശ്നമാക്കിയതിനെ തുടര്‍ന്ന് റിലീസ് വൈകുകയായിരുന്നു. സിദ്ധാന്ത് ചദുര്‍വേദി, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

SCROLL FOR NEXT