ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് ഒരുക്കിയ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ മൂന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് - മ്യൂസിക് ലോഞ്ച് ഇവന്റിൽ ദുൽഖർ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സിനിമയിലെ യഥാർഥ ഹീറോ ആന്റണി വർഗീസ് പെപ്പെയാണെന്നാണ് താരം പറഞ്ഞത്. ഇതിന് പിന്നാലെ സിനിമയെപ്പറ്റി നിരവധിയായ ഫാൻ തിയറികളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
"ശരിക്കും ഞങ്ങളുടെ 'ഐ ആം ഗെയിമി'ലെ ഹീറോ പെപ്പെ ആണ് കേട്ടോ. എന്റെ മച്ചാനാണ്. ഞാൻ വിളിച്ചപ്പോൾ ഓടിവന്ന് അഭിനയിച്ച ആളാണ്. ഒരുപാട് എഫോർട്ട് ഇട്ടു. സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. സിനിമ കഴിഞ്ഞ് വീട്ടിൽ പോകുമ്പോഴും നിങ്ങൾ ഏറ്റവും അധികം ഓർത്തിരിക്കുകയും മനസിൽ കൊണ്ടുപോകുകയും ചെയ്യുന്ന ക്യാരക്ടറാകും അത്," ദുൽഖർ പറഞ്ഞു. പ്രീ റിലീസ് ഇവന്റിലെ പെപ്പെയുടെ ലുക്കിനേയും നടൻ പ്രശംസിച്ചു.
ഓഗസ്റ്റ് 29ന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെൻററിൽ വെച്ച് പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിലാണ് പ്രൗഢ ഗംഭീരമായ 'ഐ ആം ഗെയിം' മ്യൂസിക് ലോഞ്ച് അരങ്ങേറിയത്. ഗായകരായ വേടൻ, അർമാൻ മാലിക്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുൾപ്പെടെ ലോഞ്ച് വേദിയിൽ പെർഫോം ചെയ്തത് കാണികൾക്കിടയിൽ വലിയ ആഘോഷം സൃഷ്ടിച്ചു. ദുൽഖർ സൽമാൻ ഉൾപ്പെടെ ചിത്രത്തിന്റെ താരനിരയും അണിയറ പ്രവർത്തകരും ഇവന്റിൽ പങ്കെടുക്കുകയും കാണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുകയും ചെയ്തു.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ.